വയനാടിന്റെ പാരമ്പര്യം തേടി മടമ്പത്തെ വിദ്യാര്‍ഥികള്‍

knr-student ശ്രീകണ്ഠപുരം: വയനാട്ടിലേക്കൊരു പഠനയാത്ര എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുക എടക്കല്‍ ഗുഹ, കുറുവാ ദ്വീപ്, ബാണാസുരസാഗര്‍ ഡാം, തിരുനെല്ലി അമ്പലം, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിങ്ങനെയുള്ള പതിവ് ചിത്രങ്ങളാണെങ്കില്‍ ആ പതിവ് മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷനിലെ മലയാളം വിദ്യാര്‍ഥികള്‍ തിരുത്തിയിരിക്കുന്നു. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലേക്ക് സംഘടിപ്പിച്ച പഠനയാത്രയാണ് പതിവുരീതികളെ മാറ്റിമറിച്ചത്. പൈതൃക നെല്‍വിത്തുകളുടെ സംരക്ഷകനും ജൈവകര്‍ഷകനുമായ മാനന്തവാടി കമ്മന ചെറുവയല്‍ രാമന്‍, ഗദ്ദിക കലാകാരന്‍ കരിയന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചകളും വയനാട്ടിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള സര്‍ഗസംവാദവുമായിരുന്നു പഠനയാത്രയുടെ ലക്ഷ്യം.

ചാണകം മെഴുകിയ തറയും മുറ്റവും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുള്ള രാമേട്ടന്റെ വീട്, അവിടുത്തെ ശാന്തത, ശീതളിമ, മായം കലരാത്ത ഉച്ചയൂണ്, കൃഷിയിട സന്ദര്‍ശനം, ജൈവപച്ചക്കറി കൃഷി, മത്സ്യകൃഷി എന്നിവ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കിയത് പ്രകൃതിപാഠമായിരുന്നു. പ്രകൃതിയോടിണങ്ങി വര്‍ത്തമാനകാലത്തും ജീവിതം സാധ്യമാണെന്ന പാഠം. വയനാട്ടിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള സര്‍ഗസംവാദവും കവിയരങ്ങുമായിരുന്നു പഠനയാത്രയുടെ അടുത്ത വൈവിധ്യം. എഴുത്തുകാരായ സാദിര്‍ തലപ്പുഴ, ടി. കെ. ഹാരിസ്, അനിസ് മാനന്തവാടി, പഴശി സ്മാരക ഗ്രന്ഥാലയം പ്രവര്‍ത്തകരായ ഷാജന്‍ മാസ്റ്റര്‍, അനില്‍കുമാര്‍, റോയ്‌സണ്‍ പിലാക്കാവ് എന്നിവരോടൊപ്പമായിരുന്നു സര്‍ഗസംവാദവും കവിയരങ്ങും.

ഗദ്ദിക കലാകാരനും പൊതുസമൂഹം അടിയരെന്ന് വിളിക്കുന്ന റാവുള്ളോര്‍ വിഭാഗത്തിലെ മൂപ്പനുമായ തൃശിലേരിയിലെ പി.കെ. കരിയനെ കാളന്‍ സ്മാരക ഗോത്രപഠന കേന്ദ്രത്തില്‍ സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ റാവുള്ളോരുടെ ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, ഗദ്ദിക എന്നിവയെക്കുറിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നക്‌സല്‍ പ്രസ്ഥാനവും വര്‍ഗീസിന്റെ പോരാട്ടവും ജയില്‍വാസവും സ്വസമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് നടത്തിയ ഇടപെടലുകളും സംഭാഷണങ്ങളില്‍ കടന്നുവന്നു. പഴശി രാജാവിന്റെ ശവകുടീരവും അതിനോട് ചേര്‍ന്ന മ്യൂസിയവും സന്ദര്‍ശിച്ചാണ് യാത്ര അവസാനിച്ചത്. ടി. ആതിര, കെ.പി.നിജിഷ, നൗഫല്‍ പുതിയപുരയില്‍, പി. രാഹുല്‍, ഇ. നിഷ, സോണിയ വര്‍ഗീസ്, കെ. സുരഭി, മലയാളം അധ്യാപകന്‍ എ. സജിത്ത് എന്നിവരായിരുന്നു സംഘാംഗങ്ങള്‍.

Related posts