വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട ഡ്രഡ്ജിംഗ് മേഖലയില്‍ അധികൃതരുടെ വിലക്ക് ലംഘിച്ച് കക്കയും ശംഖും മുങ്ങിയെടുക്കാന്‍ കടലില്‍ ഇറങ്ങുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഡ്രഡ്ജിംഗ്് നടക്കുന്നതിനാല്‍ പ്രദേശത്തെ കടലില്‍ ഇറങ്ങുന്നതിന് ആളുകള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ തുറമുഖ കമ്പനി അധികൃതരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും വിലക്ക് മറികടന്നുകൊണ്ട് പ്രദേശവാസികളില്പെട്ട ചിലര്‍ കടലില്‍ ഇറങ്ങുന്നത് വന്‍ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഡ്രഡ്ജിംഗിനെത്തുടര്ന്ന് പുറത്തുവരുന്ന ശംഖും ചിപ്പിയും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഇവര്‍ കടലില്‍ ഡ്രഡ്ജിംഗ് നടക്കുന്ന പ്രദേശത്ത് മുങ്ങിത്തപ്പുന്നത്.
ഡ്രഡ്ജിംഗ് നടക്കുന്നതിന്റെ ഏറെ അടുത്തുപോയിവരെ ഇവര്‍ കക്കയും ശംഖും ശേഖരിക്കുന്നു. ശംഖുകള്‍ക്കും മറ്റും വലിയ വില കിട്ടുമെന്നതാണ് ഇവരെ ഈ സാഹസപ്രവൃത്തിക്കു പ്രേരിപ്പിക്കുന്നത്.കടല്‍ കുഴിച്ച് പമ്പ് ചെയ്യുന്ന സമയത്ത് പൈപ്പിലൂടെ വന്‍ സമ്മര്‍ദത്തിലാണ് മണ്ണ് പുറന്തള്ളുന്നത് ഇതു കാരണം പൈപ്പില്‍ കെട്ടിയിരിക്കുന്ന വടം എപ്പോള്‍ വേണമെങ്കിലും പൊട്ടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഈ ഭാഗത്ത് കടലില്‍ ഇറങ്ങുന്നത് ഏറെ അപകടമാണെന്നു പറഞ്ഞ് അധികൃതര്‍ വിലക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി സൂചനാബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്തെ ചെറുപ്പക്കാരും കുട്ടികളുമാണ് ഇത്തരത്തില്‍ വിലക്ക് ലംഘിച്ച് കടലില്‍ ഇറങ്ങുന്നത്. സ്കൂള്‍ അടയ്ക്കുന്നതോടെ കൂടുതല്‍ പേര് ഇതിനായി കടലില്‍ ഇറങ്ങിയേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവക്കുന്നു. ഇപ്പോള്‍ നടന്നുവരുന്ന റോഡ് നിര്‍മാണം ഈ ആഴ്ചയോടെ പൂര്‍ത്തിയായേക്കും. റോഡു നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പുലിമുട്ട് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്കായി വന്‍ യന്ത്രങ്ങളുമായിവാഹനങ്ങള് പദ്ധതി പ്രദേശത്തേയ്ക്ക് ഉടന്‍ എത്തും . ഡ്രഡ്ജിംഗ് ജോലികളും ഈ സമയം വേഗത്തിലാക്കും. അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പദ്ധതി പ്രദേശത്ത് എത്തുന്ന നാട്ടുകാരും സഞ്ചാരികളും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് തുറമുഖ നിര്‍മാണ കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു.