ആഗോളതാപനം വര്‍ധിക്കുന്നതോടെ വേനല്‍ക്കാലവും കടുത്ത ശല്യക്കാരനായി മാറുകയാണ്. ഓരോ വര്‍ഷവും ചൂടു കൂടിവരുന്നതിനു അനുസരിച്ചു വേനല്‍ക്കാല പ്രശ്‌നങ്ങളും വര്‍ധിക്കുകയാണ്. അതുകൊണ്ടു തന്നെ പകല്‍ സമയം യാത്ര ചെയ്യുന്നവരും വെയിലത്തു ജോലി ചെയ്യുന്നവരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മരണത്തിനു വരെ കാരണമായേക്കാവുന്ന സൂര്യാഘാതം മൂലമുണ്ടാകുന്ന പൊള്ളലുകള്‍ അടുത്തിടെ കേരളത്തില്‍ കൂടിവരുന്നുണ്ട്.
ഇതു കൂടാതെ വേനല്‍ക്കാലം ജലക്ഷാമത്തിന്റെ കാലം കൂടിയാണ്. ശുദ്ധമല്ലാത്ത ജലം കുടിക്കുന്നതുമൂലമുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയുമുണ്ടാകാം. വേനല്‍ച്ചൂടിനെ നേരിടാന്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശുദ്ധജലവും പഴച്ചാറുകളും ധാരാളമായി കഴിക്കണം. ഇങ്ങനെയെല്ലാം വേനല്‍ക്കാലത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നു രക്ഷപെടാന്‍ സാധിക്കും.
രോഗകാരണങ്ങള്‍
ശുദ്ധമല്ലാത്ത വെള്ളം കുടിക്കുക, തട്ടുകടകളിലെ ആഹാരം കഴിക്കുക, കൈയും നഖവും വൃത്തിയോടു കൂടി സൂക്ഷിക്കാതിരിക്കുക, ഈച്ച മുതലായ കീടങ്ങള്‍, വൃത്തിയില്ലാത്ത സ്ഥലത്തു ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതുമായ ആഹാരപദാര്‍ഥങ്ങള്‍, അധിക സമയം വെയില്‍ കൊള്ളുക, തുറന്നുവച്ചിരിക്കുന്ന ആഹാരങ്ങള്‍, സൂര്യാതാപം ഏല്‍ക്കുക എന്നിവ വിരവധി രോഗങ്ങള്‍ക്കു കാരണമാകുന്നു. വേനല്‍ക്കാലത്തു ഇക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം.
ധാരാളം വെള്ളം കുടിക്കണം
യാത്ര ചെയ്യുന്നവരും വെയിലത്തു ജോലി ചെയ്യുന്നവരും ധാരാളം വെളളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരിക്കണം. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിക്കുന്നതാണു രോഗബാധയ്ക്കുള്ള പ്രധാന കാരണം.
ക്ലോറിന്‍ ചേര്‍ത്തു അണുവിമുക്തി വരുത്തിയതോ, തിളപ്പിച്ചാറിയതോ, ഫില്‍ട്ടര്‍ ചെയ്തതോ ആയ വെള്ളമാണ് കുടിക്കേണ്ടത്. യാത്ര ചെയ്യുമ്പോഴും മറ്റും വീട്ടില്‍ നിന്നും വെളളം കൊണ്ടു പോകുന്നതു നല്ലതാണ്. വേനല്‍ക്കാലത്തു ശരീരം കൂടുതല്‍ വിയര്‍ക്കുന്നതിനാല്‍ ശരീരത്തില്‍ നിന്നും അത്യാവശ്യം വേണ്ടുന്നതായ പല ധാതുക്കളും ലവണങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത് പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കണം.
നറുനീണ്ടിക്കിഴങ്ങു ചേര്‍ത്ത വെളളം, ശതാവരിക്കിഴങ്ങു ചതച്ചിട്ടവെള്ളം, ചന്ദനം ചേര്‍ത്ത വെള്ളം, നാരങ്ങാ വെള്ളം എന്നിവ വേനല്‍ക്കാലത്തു ശരീരത്തിനു കുളിര്‍മ നല്‍കുന്നതാണ്.
പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കാം
പുറമേ നിന്നു ആഹാരം കഴിക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം . തുറന്നുവച്ചിരിക്കുന്നതോ തണുത്തതോ ആയ ആഹാരങ്ങള്‍ കഴിക്കരുത്.തിളപ്പിച്ചതോ അല്ലെങ്കില്‍ ആവിയില്‍ പാകം ചെയ്തതോ ആയ ഭക്ഷണസാധനങ്ങള്‍ രോഗാണുവിമുക്തമാണെന്ന് ഉറപ്പാക്കാം. അതുകൊണ്ടുതന്നെ പാകം ചെയ്യാത്ത ആഹാരപദാര്‍ഥങ്ങളെക്കാള്‍ പാകം ചെയ്തവ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. പാചകം ചെയ്ത ആഹാരപദാര്‍ഥങ്ങള്‍ പോലും വേനല്‍ക്കാലത്ത് അധികസമയം അണുവിമുക്തമായി ഇരിക്കുകയില്ലെന്നതിനാല്‍ അപ്പോഴപ്പോള്‍ പാചകം ചെയ്യുന്നതായിരിക്കും നല്ലത്.
യാത്ര ചെയ്യുക, കളിക്കുക ഇവയ്ക്കുശേഷം കൈകള്‍ വൃത്തിയായി സോപ്പിട്ടു കഴുകാതെ ആഹാരം കഴിക്കുന്നതു വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും. നഖങ്ങള്‍ ശരിയായി വെട്ടി വൃത്തിയായി സൂക്ഷിക്കണം.
വഴിയോരങ്ങളിലെ കടകളില്‍ നിന്നു ജ്യൂസുകളും ലഘുഭക്ഷണങ്ങളും കഴിക്കാതിരിക്കുന്നതാണ് ഉത്തമം. അഥവാ ജ്യൂസുകളും മറ്റും കഴിക്കുകയാണെങ്കില്‍ തന്നെ അതിനുപയോഗിക്കുന്ന പഴങ്ങള്‍ ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കിയവയാണെന്നു ഉറപ്പുവരുത്തിയിരിക്കണം.
വേനല്‍ക്കാലത്തു പാനിയങ്ങളില്‍ ഐസ് ചേര്‍ക്കുന്നത് നല്ലതാണ്. എങ്കില്‍പോലും വ്യാവസായിക രീതിയില്‍ ഉണ്ടാക്കുന്ന ഐസ് മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമായ രോഗാണുക്കള്‍ കൂടുതല്‍ അടങ്ങിയവ ആകാന്‍ സാധ്യത ഉള്ളതിനാല്‍ അവ കഴിവതും ഒഴിവാക്കുക. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കണം.
പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കാം
പഴവര്‍ഗങ്ങള്‍ കഴിക്കുന്നതു വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനു ഉത്തമമാണ്.തണ്ണിമത്തന്‍, പപ്പായ, മാങ്ങാ, വാഴപ്പഴം എന്നിവയെല്ലാം ശരീരത്തിനെ തണുപ്പിക്കുന്നതിനു നല്ലതാണ്. പഴങ്ങളിലെ രാജാവെന്ന് അറിയപ്പെടുന്ന മാമ്പഴം വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഫലമാണ്. എങ്കില്‍പ്പോലും അമിതമായി കഴിക്കരുത്.
കീടങ്ങളെ അകറ്റുക
കൊതുക് പോലുള്ള കീടങ്ങളും ക്ഷുദ്രജീവികളും ഏറ്റവും അധികം പെരുകുന്നത് വേനല്‍ക്കാലത്താണ്. രോഗാണുക്കള്‍ പകരുന്നതും ഈ കാലത്തു തന്നെയാണ്. വൃത്തിഹീനമായ പരിസരങ്ങളും ശരിയായ വിധത്തിലല്ലാത്ത മാലിന്യ സംസ്ക്കരണവും രോഗാണുക്കള്‍ വര്‍ധിക്കാന്‍ ഇടയാക്കും.
കീടങ്ങളെ വീട്ടില്‍ നിന്നും ജോലി സ്ഥലത്തു നിന്നുമകറ്റാന്‍ പറ്റിയ ഏതെങ്കിലും ഉപാധി ഉപയോഗിക്കണം. ശരീരം ശരിയായ രീതിയില്‍ മൂടന്ന തരത്തിലുളഅള വസ്ത്രധാരണം ഒരു പരിധിവരെ കൊതുകുകടിയേല്‍ക്കാതിരിക്കാനും സൂര്യാഘാതം ഉണ്ടാകാതിരിക്കാനും സഹായിക്കും.
കട്ടികുറഞ്ഞതും കടും നിറത്തിലല്ലാത്തതുമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ശുദ്ധമായ തണുത്ത വെള്ളത്തില്‍ ദിവസം ഒന്നോ രണ്ടോ തവണ കുളിക്കുന്നത് ശരീരതാപനിലയെ നിയന്ത്രിക്കുന്നതിന് സഹായകമാകും. വളരെനേരം വെയിലില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ കുടയോ തൊപ്പിയോ ധരിക്കണം.
കുട്ടികളും വേനല്‍ക്കാലവും
വേനല്‍ക്കാലത്ത് കുട്ടികളുടെ ആഹാരകാര്യങ്ങളിലും മാതാപിതാക്കള്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട് .ക്രമമായ രീതിയിലുള്ള വെള്ളം കുടിയും വ്യായാമവും കുട്ടികളില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ് . വേനല്‍ക്കാലത്ത് കുട്ടികള്‍ സ്കൂളില്‍ പോകുമ്പോഴും, മാതാപിതാക്കളോടൊപ്പം യാത്ര പോകുമ്പോഴും നറുനീണ്ടിക്കിഴങ്ങു ചേര്‍ത്ത വെളളം, ശതാവരിക്കിഴങ്ങു ചതച്ചിട്ടവെള്ളം, ചന്ദനം ചേര്‍ത്ത വെള്ളം, നാരങ്ങാ വെള്ളം എന്നിവയ്ക്കു പുറമേ മോരിന്‍ വെള്ളം , പപ്പായ, പാഷന്‍ഫ്രൂട്ട്, സപ്പോര്‍ട്ട, ആത്തപ്പഴം, മാമ്പഴം തുടങ്ങിയവയുടെ ജ്യൂസുകള്‍ ഉണ്ടാക്കി കൊടുത്ത് വിടുകയോ , കൈവശം കരുതുകയോ ചെയ്യാവുന്നതാണ് .
വേനല്‍ക്കാലത്ത് കുട്ടികളേയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ഇത്തരം ജ്യൂസുകള്‍ കൈവശം വയ്ക്കുകയും, ധാരാളം പോഷകങ്ങള്‍ അടങ്ങിയ ചക്കപ്പഴം, പഴുത്ത പപ്പായ, മാമ്പഴം എന്നിവ കഴിക്കാന്‍ പാകത്തില്‍ മുറിച്ചതും വാഴപ്പഴം, പാഷന്‍ഫ്രൂട്ട്, സപ്പോര്‍ട്ട, ആത്തപ്പഴം, മങ്കോസ്റ്റിന്‍, പേരയ്ക്കാ തുടങ്ങിയവയും കൈവശം വയ്ക്കുന്നത് ആരോഗ്യകരമായ ലഘു ഭക്ഷണത്തിനായി ഉപകാരപ്രദമാണ് .
ഫാസ്റ്റ്ഫുഡ്, കളര്‍ ചേര്‍ത്തതും, വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍, അധികം കൊഴുപ്പും, ഹോര്‍മോണുകളും അടങ്ങിയ മത്സ്യ മാംസ ആഹാരങ്ങള്‍, അമിതമായി ഉപ്പ് അടങ്ങിയിട്ടുള്ള സ്‌നാക്‌സ് , കളറുകള്‍ ചേര്‍ത്ത് കുപ്പികളില്‍ നിറച്ചുവരുന്ന പാനീയങ്ങള്‍ എന്നിവയോടാണ് ബഹുഭൂരിപക്ഷം കുട്ടികളും തല്‍പരര്‍ എന്നതുകൊണ്ടു തന്നെ അവയേക്കാള്‍ പോഷകമൂല്യം പതിന്മടങ്ങ് അധികമുള്ള പഴവര്‍ഗ്ഗങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ ഇതു സഹായകമാകും .
അടുത്ത കാലത്ത് കിഡ്‌നി ഫൗഷേന്‍ ഓഫ് ഇന്‍ഡ്യ നടത്തിയ പഠനങ്ങളില്‍ നിന്നും ഉള്ള കണ്ടെത്തലുകള്‍ ആരിലും നടുക്കം ഉളവാക്കുന്നതാണ് . കേരളത്തിലെ 8 -10 വയസ്സ് പ്രായമുള്ളവരില്‍പോലും വൃക്ക രോഗത്തിനുകാരണമായേക്കാവുന്ന പ്രമേഹം . അധിക രക്തസമ്മര്‍ദ്ദം എന്നിവയുടെ തോത് വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തെറ്റായ ആഹാര ശീലങ്ങളും , വെള്ളം കുടിക്കുന്നതിലുളള അപാകതകളും, നാരുകള്‍ അടങ്ങിയിട്ടുളള ഇലക്കറികളുടേയും , പച്ചക്കറികളുടേയും ഉപയോഗക്കുറവും , കൃത്രിമ ഭക്ഷണങ്ങളുടേയും ,പാനീയങ്ങളുടെയും അമിതമായ ഉപയോഗവുമാണ് ഈ അവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നതെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഡോ. ആര്‍. രവീന്ദ്രന്‍ ബിഎഎംഎസ്
കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസി ലിമിറ്റഡ്
സിഎംഎസ് കോളജ് റോഡ്, കോട്ടയം.