സ്കൂള്‍ യൂണിഫോമില്‍ കഞ്ചാവ് കടത്തി വില്പന: അബിന് വന്‍ കച്ചവടശൃംഖല; പതിനാലാമത്തെ വയസുമുതല്‍ കഞ്ചാവു വില്പന

ktm-kanchavuചങ്ങനാശേരി: സ്കൂള്‍ യൂണിഫോം ധരിച്ച് തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് കടത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്പന നടത്തിവന്ന കേസില്‍ അറസ്റ്റിലായ യുവാവിന്റെ കച്ചവട ശൃംഖല എക്‌സൈസ് അന്വേഷിക്കുന്നു. കങ്ങഴ പത്തനാട് കൊറ്റന്‍ചിറ തകിടിയേല്‍ വീട്ടില്‍ റ്റി.എസ് അബിനെ (18)യാണ് റേയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടി കൂടിയത്. ഇയാള്‍ക്ക് കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് നിരവധി സുഹൃത്തുക്കളുള്ളതായാണ് എക്‌സൈസിന് വിവരം ലഭിച്ചിരിക്കുന്നത്. മൂന്നു ദിവസത്തിനു മുമ്പ് രണ്ടു വിദ്യാര്‍ഥികളെ കഞ്ചാവുമായി പിടികൂടിയപ്പോള്‍ അവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബിനെ പിടികൂടാന്‍ കഴിഞ്ഞത്.

അബിന്റെ മൊബൈല്‍ പോണില്‍ നിന്നും കഞ്ചാവ് വില്പന സംഘത്തിലെ ഏതാനും സുഹൃത്തുക്കളുടെ ഫോട്ടോകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനാണ് സംഘം നിരീക്ഷണം നടത്തുന്നത്. കങ്ങഴ കൊറ്റന്‍ചിറ, പത്തനാട്, മണിമല, പാമ്പാടി, ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് അബിനും സംഘവും കഞ്ചാവ് വിറ്റു വന്നിരുന്നത്. കഞ്ചാവ് സംഘത്തിന്റെ പ്രവര്‍ത്തനം നാട്ടുകാര്‍ക്ക് വലിത തലവേദന സൃഷ്ടിച്ചിരുന്നു. സംഘത്തെ ഭയന്ന് പലരും പരാതിപ്പെടാന്‍ മുതിര്‍ന്നിരുന്നില്ല. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് അബിന്‍ കുടുങ്ങിയത്.

സ്കൂള്‍ യൂണിഫോമില്‍ സ്കൂളുകളുടെ പരിസരങ്ങളില്‍ എത്തുന്ന ഇയാള്‍ വിദ്യാര്‍ഥികളുമായി ബന്ധം സ്ഥാപിച്ച ശേഷം കഞ്ചാവ് വിതരണം ചെയ്യുകയാണ് പതിവ്. ഒരു വിദ്യാര്‍ഥിക്ക് കഞ്ചാവ് വിറ്റശേഷം കഞ്ചാവ് മറ്റ് വിദ്യാര്‍ഥകള്‍ക്കു കൈമാറുന്നതിനായി പത്തനാട് നില്‍ക്കുമ്പോഴാണ് ഇയാളെ 51 പൊതി കഞ്ചാവുമായി പിടികൂടുന്നത്. പല സ്കൂളുകളിലെയും യൂണിഫോമുകളുടെ ശേഖരണമുള്ള ഇയാള്‍ തമിഴ് നാട്ടില്‍ കഞ്ചാവ് എടുക്കാന്‍ പോകുമ്പോള്‍ തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികളുടെ യൂണിഫോമാണ് ധരിക്കാറുള്ളത്. കേരളത്തിലെത്തുമ്പോള്‍ ഇവിടുത്തെ വിവിധ സ്കൂളുകളുടെ യൂണിഫോം മാറി മാറി ധരിക്കുകയാണ് പതിവ്. സ്കൂള്‍ യൂണിഫോമില്‍ കഞ്ചാവ് കടത്തിയാല്‍ പിടിയ്ക്കപ്പെടാന്‍ സാധ്യതയില്ലാത്തതിനാലാണ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

നിരവധി തവണ കഞ്ചാവുമായി പിടിയ്ക്കപ്പെട്ടിട്ടുള്ള ഇയാള്‍ മുന്‍പ് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമത്തിന്റെ പഴുതുകളില്‍ നിന്നും രക്ഷപ്പെട്ടു പോകുകയായിരുന്നു. 45 ദിവസം ജൂവനൈല്‍ ഹോമിലും പാര്‍ത്തിട്ടുണ്ട്. ഇന്നലെ പിടികൂടിയപ്പോള്‍ 18 വയസ്് തികഞ്ഞിട്ടില്ലെന്നു കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റു പരിശോധിച്ചതില്‍ നിന്നുമാണ് 18 വയസ് തികഞ്ഞതായി എകസൈസിന് ബോധ്യപ്പെട്ടത്. 14 വയസ് മുതല്‍ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായി ഇയാള്‍ എക്‌സൈസിനോടു സമ്മതിച്ചിട്ടുണ്ട്.

18 വയസേ പ്രായമുള്ളെങ്കിലും നാട്ടുകാരെ മാരകായുധങ്ങള്‍ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയാണ് അബിന്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുള്ളതായി എക്‌സൈസ് സംഘം പറഞ്ഞു. ഇയാള്‍ നിരവധി മോഷണ കേസുകളിയും പ്രതിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കോടിതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ഷിജു, ബി.സന്തോഷ്കുമാര്‍, നിസാം, മജീദ്, ഡ്രൈവര്‍ അനില്‍ എന്നിവരും അറസ്റ്റിന് നേതൃത്വം നല്‍കി.

Related posts