നിങ്ങള്‍ കരുതും പോലെയല്ല, നമ്മുടെ നടന്മാര്‍ക്ക് പ്രായമായി, പയ്യന്മാര്‍ നിവിനും ദുല്‍ഖറും, മലയാള സിനിമയിലെ താരങ്ങളുടെ യഥാര്‍ഥ പ്രായമറിയാം

f-2ചിലപ്പോള്‍ കാമുകനോ കാമുകിയോ ആയി, ചിലപ്പോള്‍ അച്ഛനോ അമ്മയോ ആയി, മറ്റ് ചിലപ്പോള്‍ സഹോദരനോ സഹോദരിയോ ആയി, വിവിധ പ്രായക്കാരായ കഥാപാത്രങ്ങളായി നമ്മുടെ പ്രിയ നടന്മാരും നടിമാരും അഭ്രപാളികളില്‍ എത്തുമ്പോള്‍ ഇവരുടെ യഥാര്‍ത്ഥ പ്രായം എന്തായിരിക്കും എന്ന് അത്ഭുതപ്പെടുന്നവരാണ് മിക്കവരും. മേക്കപ്പും കോസ്റ്റൂമും മാറിമാറി വരുമ്പോള്‍ ഇവരുടെ പ്രായം വ്യക്തമാകുകയില്ല എന്നത് സ്വാഭാവികം. ഇത്തരത്തില്‍ മലയാള സിനിമാ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച്, പ്രായത്തെപ്പോലും തോല്‍പ്പിച്ച് മുന്നേറുന്നവരുടേയും വര്‍ഷങ്ങളായി വിവിധ കഥാപാത്രങ്ങളിലൂടെ നിരൂപക പ്രശംസ നേടിയവരുടേയും ഈ മേഖലയിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്ന ഏതാനും പുതുതലമുറക്കാരുടേയും പ്രായത്തെക്കുറിച്ച് ഒന്നറിയാം.

ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടുന്നതിനും മുമ്പ് ജനിച്ചവരാണ് പഴയകാല നായികമാരും ഇപ്പോഴത്തെ അമ്മ വേഷധാരികളുമായ ശാരദ, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍. മൂവര്‍ക്കും ഇപ്പോള്‍ പ്രായം 72. കോഴിക്കോടിന്റെ പുത്രനായ മാമുക്കോയയും സ്വാതന്ത്രം കൈവരിക്കുന്നതിന് മുമ്പേ രംഗപ്രവേശം ചെയ്ത ആളാണ്. 1946 ല്‍ ജനിച്ച അദ്ദേഹത്തിന് ഇപ്പോള്‍ പ്രായം 71. കാന്‍സറിനെപ്പോലും തോല്‍പ്പിച്ച് മുന്നേറുന്ന ഇന്നസെന്റിനും ഇത് തന്നെയാണ് പ്രായം. ഈ വരുന്ന ഫെബ്രുവരിയില്‍ സപ്തതി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാള നടിമാരിലെ ബഹുമുഖപ്രതിഭ, കെപിഎസി ലളിത.

1948 ല്‍ ജനിച്ച നെടുമുടി വേണുവിന് പ്രായം 68. 1951ല്‍ ജനിച്ച മലയാളത്തിന്റെ നിത്യഹരിത നായകനായ മമ്മൂട്ടിയുടെ പ്രായവും അദ്ദേഹത്തിന്റെ യുവത്വം തുളുമ്പുന്ന ശരീരഘടനയും തമ്മിലുള്ള വൈരുദ്ധ്യം ഗവേഷണ വിഷയമാക്കേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയുന്നത്. മമ്മൂട്ടിയേക്കാള്‍ ഒരു വയസിന് മാത്രം മുതിര്‍ന്ന വ്യക്തിയാണ് അതുല്യകലാകാരനായിരുന്ന ജഗതി ശ്രീകുമാര്‍. ശ്രീനിവാസനും മുകേഷിനും ഒരേ പ്രായമാണ്. 1955 ല്‍ ജനിച്ച ഇരുവര്‍ക്കും ഇപ്പോള്‍ 61 വയസായി. ശ്രീനിവാസനും സുരേഷ് ഗോപിയും തമ്മില്‍ നാല് വയസിന്റെ വ്യത്യാസമാണുള്ളത്. അദ്ദേഹത്തിനിപ്പോള്‍ പ്രായം 57.

ഇപ്പോഴും മലയാള സിനിമയെ ലോക നിലവാരത്തിലേയ്ക്കുയര്‍ത്താന്‍ മുഖ്യ പങ്ക് വഹിക്കുന്ന മോഹന്‍ലാല്‍ എന്ന് അതുല്യ പ്രതിഭ ജനിച്ചത് 1960 ലാണ്. അദ്ദേഹത്തിന് ഇപ്പോള്‍ പ്രായം 56. എണ്‍പതുകളിലെ തരംഗമായിരുന്ന നടി അംബികയ്ക്ക് ഇപ്പോള്‍ 55 വയസായി. ജനപ്രിയ നായകരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ജയറാമിനും മുകേഷിനും 52 ഉം മനോജ് കെ ജയന് 51 മാണ് പ്രായം. ദിലീപിന് 48 വയസും ആദ്യഭാര്യ മഞ്ജു വാര്യര്‍ക്ക് 38 വയസുമാണുള്ളത്. നടിയും നര്‍ത്തകയുമായ ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ഇപ്പോള്‍ 47 വയസായി. അനൂപ് മേനോനും പുതു തലമുറയിലെ നിത്യഹരിത നായകനായ കുഞ്ചാക്കോ ബോബനും നാല്പതിന്റെ യുവത്വത്തിലാണ്. ഇരുവരുടെയും സുഹൃത്ത് ജയസൂര്യയ്ക്ക് ഒരു വയസ് മാത്രം കുറവ്. മീരാ ജാസ്മിന് 35 ഉം പൃഥിരാജിന് 34 വയസുമാണ് പ്രായം.

കാവ്യാ മാധവന്‍, നിവിന്‍ പോളി, അജു വര്‍ഗീസ് എന്നവര്‍ക്ക് 32 വയസ്. വിനീത് ശ്രീനിവാസനും ആസിഫലിയ്ക്കും ഇവരേക്കാള്‍ ഒരു വയസ് കുറവാണ്. താരപുത്രന്‍ ദുല്‍ക്കറിനും ഭാവനയ്ക്കും ഇപ്പോള്‍ വയസ് 30. ന്യൂജെനറേഷന്‍ നടന്മാരായ ശ്രീനാഥ് ഭാസിയ്ക്ക് 28ഉം നീരജ് മാധവിന് 26 മാണ് പ്രായം. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ  ആരാധകരുടെ നീണ്ടനിരയെത്തന്നെ സ്വന്തമാക്കിയ സായ് പല്ലവിയ്ക്ക് പ്രായം 24. നായികമാരുടെ ഗണത്തിലെ ഏറ്റവും ചെറുപ്പക്കാരാണ് മഞ്ജിമ, സനുഷ, അഹാന കൃഷ്ണ, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ 20നും 25 നുമിടയിലാണ്.

Related posts