സിനിമാ മേഖലയിലെ പ്രമുഖര്‍ കുടുങ്ങും? സംഭവത്തില്‍ നേരിട്ട് പങ്കെടുക്കാത്തവരെ ക്കുറിച്ചുളള വിവരങ്ങള്‍ അന്വേഷണ സംഘത്തിന്; നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്

bhavana1

ആലുവ: യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്‍റെ പോലീസ് അന്വേഷണം വഴിത്തിരിവിൽ. കേസിൽ അറസ്റ്റിലായവരെക്കൂടാതെ സംഭവത്തിൽ നേരിട്ട് പങ്കെടുക്കാത്തവരെക്കുറിച്ചുളള വിവരങ്ങളുമാണ് അന്വേഷണസംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ തുടരന്വേഷണത്തിനുള്ള സാധ്യത തേടുകയാണ് പോലീസ്. എന്നാൽ, സിനിമാമേഖലയിലെ പ്രമുഖർവരെ പ്രതിസ്ഥാനത്തെത്താൻ സാധ്യതയുള്ള കേസായതിനാൽ സൂചനകളിൽ വാസ്തവമുണ്ടെങ്കിൽ ശക്തമായ തെളിവുകൾ ലഭിച്ചശേഷം മാത്രമേ പോലീസ് നടപടിയിലേക്ക് നീങ്ങൂ.

കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവമുണ്ടായത്. കേസിൽ സിനിമാരംഗവുമായി ബന്ധമുള്ള പൾസർ സുനിയടക്കമുള്ള പ്രതികളെ പിടികൂടുകയും ഇവർക്കെതിരെയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. നടിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ പ്രധാന പ്രതി ആസൂത്രണം ചെയ്ത സംഭവമെന്ന നിലയിലാണ് കേസന്വേഷണം പോലീസ് കൊണ്ടുപോയത്. ഇതുപ്രകാരം കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരെ പ്രതിയാക്കി കുറ്റപത്രം നൽകുകയും അവരിപ്പോഴും റിമാൻഡിൽ കഴിയുകയുമാണ്.

എന്നാൽ,‌ സംഭവത്തിൽ മറ്റുചിലർക്ക് പങ്കുള്ളതായിട്ടുള്ള സൂചനകൾ അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽതന്നെ പുറത്തുവന്നിരുന്നു. സിനിമാമേഖലയിലെ പല പ്രമുഖരുടെയും പേരുകൾ സംഭവവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർത്തുകയും ചെയ്തു. ഗൂഢാലോചന സംബന്ധിച്ച സൂചനകൾ തള്ളിക്കളയാതിരുന്ന പോലീസ് ആലുവ, കാക്കനാട് ജയിലുകളിൽ കഴിയുന്ന പ്രതികളെ കർശനമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവർ ജയിലിൽനിന്നും നടത്തിയ ഫോൺവിളികൾ നിരീക്ഷിച്ച പോലീസിന് ഗൂഢാലോചന സംബന്ധിച്ച നിർണായക സൂചനകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കൂടാതെ കേസിലെ മുഖ്യപ്രതിയായ സുനി സഹതടവുകാരനായ ജിന്‍സൺ എന്നയാളോട് നടത്തിയ വെളിപ്പെടുത്തലുകളും ഗൂഢാലോചനകളിലേക്കാണ് വിരൽചൂണ്ടുന്നത്.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദേശപ്രകാരമായിരുന്നെന്നും ജയിലിൽവെച്ച് ജിന്‍സനോട് സുനി വെളിപ്പെടുത്തിയതിന്‍റെ വസ്തുതകൾ സ്ഥിരീകരിക്കാൻ മജിസ്ട്രേറ്റ് മുൻപാകെ ജിൻ‌സന്‍റെ മൊഴികൾ രേഖപ്പെടുത്താൻ കോടതിയുടെ അനുമതി തേടി കാത്തിരിക്കുകയാണ് പോലീസ്. ഈ നടപടികൾ പൂർത്തിയായാൽ വിവാദമായ കേസിന്‍റെ പുനരന്വേഷണത്തിന് പോലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടാനാണ് സാധ്യത.

കേസന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ ഗൂഢാലോചനയ്ക്കുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകളുടെ വസ്തുതകളാണ് പോലീസ് പരിശോധിക്കുന്നത്. ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേച്ചിരുന്നത്. എന്നാൽ ഇദ്ദേഹം ഡപ്യൂട്ടേഷനിൽ സ്ഥലംമാറിപ്പോയതിനാൽ ഇപ്പോൾ എഡിജിപി ബി. സന്ധ്യ നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്.

Related posts