ജനത്തിന്‍റെ ആശങ്ക മാറ്റാൻ..! സോഷ്യൽ മീഡിയയിലൂടെ അരിയിലും പഞ്ചസാരയിലും പ്ലാസ്റ്റിക്കെന്ന പ്രചരണം; പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പരിശോധന ശക്തമാക്കി

rice-lകൊല്ലം: അരി, പഞ്ചസാര എന്നിവയിൽ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിനെത്തുടർന്ന് പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ നിർദേശ പ്രകാരം ജില്ലയിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധനകൾ ഊർജ്‌ജിതമാക്കി.

അരിയും പഞ്ചസാരയും സ്റ്റോക്ക് ചെയ്യുന്ന കേന്ദ്രങ്ങൾ, മൊത്ത വിതരണക്കാർ, പാക്കിംഗ് കേന്ദ്രങ്ങൾ, പൊതുവിപണികൾ എന്നിവിടങ്ങളിൽ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു.

ജില്ലയിൽ ഈ മാസം 84 സ്‌ഥാപനങ്ങൾ പരിശോധിച്ചു. 38 സ്‌ഥാപനങ്ങൾക്ക് നവീകരണത്തിനും മറ്റുമായി നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ അരിയും പഞ്ചസാരയും സൂക്ഷിച്ചതിനും മറ്റു ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്‌ഥാപനങ്ങളിൽ നിന്നും 120000 രൂപ പിഴ ഈടാക്കി. നാലു സ്‌ഥാപനങ്ങൾ അടപ്പിച്ചു. 20 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ പ്ലാസ്റ്റിക് സാന്നിധ്യം പരിശോധിക്കാൻഅനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു.

പൊതുജനങ്ങൾക്ക് പരാതി അറിയിക്കുന്നതിനും പരിശോധനക്കുമായി പ്രത്യേകം സജ്‌ജീകരിച്ച മൊബൈൽ ടെസ്റ്റിംഗ് ലബോറട്ടറിയുടെ സേവനം ജില്ലയിൽ ലഭ്യമാക്കി ഭക്ഷ്യോത്പന്ന സാമ്പിളുകൾ പരിശോധനക്കെടുത്തു. പരിശോധന ശക്‌തമാക്കുമെന്നും ജൂലൈ 13,14 തീയതികളിൽ മൊബൈൽ ടെസ്റ്റിംഗ് ലബോറട്ടറിജില്ലയിൽ ഉണ്ടാകുമെന്നും പൊതുജനങ്ങൾ ഇത് പ്രയോജനപ്പെടുത്തണമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ഫോൺ: 0474–2766950.

Related posts