നല്ല ദഹനത്തിന് 6 കാര്യങ്ങള്‍

Eatingകഴിക്കുന്ന ഭക്ഷണം നന്നായി ദഹിച്ചില്ലെങ്കില്‍ പലര്‍ക്കും വല്ലാത്ത അസ്വസ്ഥതയാണ്. ഈ അസ്വസ്ഥതകള്‍ അത്ര സങ്കീര്‍ണമല്ലെങ്കിലും ഏറെ കാലം നീണ്ടു നില്‍ക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും. അള്‍സറും ഇത് മൂലം ഉണ്ടാകാം. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ദഹനം എളുപ്പമാക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

1. ധാരാളം വെള്ളം കുടിക്കുക

ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് മലശോചനം ശരിയാവാനും ദഹനം കൃത്യമാവാനും സഹായിക്കും. ഭക്ഷണം ദഹിക്കാന്‍ വിഷമമുണ്ടെന്ന് തോന്നിയാല്‍ ചൂടു വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെയും ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പും ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റില്‍ ഗാസ്ട്രിക് ജ്യൂസ് ഉത്പാദിപ്പിക്കാനും സഹായിക്കും.

2. ഭക്ഷണം കഴിക്കുമ്പോള്‍ ക്രമം പാലിക്കുക

ആദ്യം ദഹിക്കാന്‍ എളുപ്പമുള്ള പഴം, ജ്യൂസ് പോലുളളവയും പിന്നീട് മാംസം പോലുള്ള കട്ടി ആഹാരങ്ങളും കഴിക്കുക. ഇത് ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഘടകമാണ്. എല്ലായ്‌പ്പോഴും ഇരുന്ന് ആയാസരഹിതമായി ആഹാരം കഴിക്കുക.

3. നാരങ്ങ വെള്ളം കുടിക്കുക

രാവിലെ ചൂടുവെള്ളം കുടിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് ഒഴിച്ച് കുടിക്കുക. എല്ലാ ദിവസവും ഇത് ശീലിക്കുന്നത് വയറ് ശുദ്ധമാക്കുന്നതിനും അധിക അമ്ലം നീക്കം ചെയ്യുന്നതിനും സഹായിക്കും

4. കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം താമസിപ്പിക്കും. കൊഴുപ്പ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായതിനാല്‍ പൂര്‍ണമായി ഒഴിവാക്കരുത്. അതുകൊണ്ട് മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ഇവയും ഉള്‍പ്പെടുത്തുക. അധികമാവരുത്.

5. സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക

ഇഞ്ചി, കുരുമുളക്, കല്ലുപ്പ്, വെളുത്തുള്ളി, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തിന് സ്വാദ് കൂട്ടാന്‍ ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കും. കൊഴുപ്പ് കുറഞ്ഞ തൈര് കൂടുതല്‍ കഴിക്കുക. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത് സഹായിക്കും.

6. രാത്രി വൈകിയുള്ള ആഹാരം ഒഴിവാക്കുക

വൈകുന്നേരമാകുന്നതോടെ നമ്മുടെ ദഹന സംവിധാനത്തിന്റെ പ്രവര്‍ത്തനം സാവധാനമാകും. അതുകൊണ്ട് രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. അല്ലങ്കില്‍ ശരിയായി ദഹനം നടക്കില്ല. കിടക്കുന്നതിനു മുമ്പുള്ള ഭക്ഷണരീതി ഒഴിവാക്കുന്നത് നല്ലതായിരിക്കും

Related posts