ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് ? കാവേരി വിഷയം മൂലം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കും…

കൊച്ചി: കാവേരി നദി ജല പ്രശ്‌നം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയതോടെ തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളുടെ ഹോം മല്‍സരങ്ങളില്‍ ചിലതു കേരളത്തിലേക്കു മാറ്റാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അഭിപ്രായം ആരാഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ കേരളത്തില്‍ നിന്ന് ഐപിഎല്‍ ടീമുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ചെന്നൈയുടെ ഹോം ഗ്രൗണ്ടാക്കാന്‍ കേരളത്തെ പരിഗണിക്കുന്നത്. ഐപിഎല്‍ മല്‍സരങ്ങള്‍ക്കായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കെസിഎ സന്നദ്ധത അറിയിച്ചതായാണു സൂചന. കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതു വരെ ഐപിഎല്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന വാദമുയര്‍ത്തി തമിഴ്‌നാട്ടില്‍ പ്രചാരണം വ്യാപകമാണ്.

ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അപമാനകരമാണെന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തും ഇന്നു രംഗത്തെത്തിയിരുന്നു. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, തമിഴ്‌നാട്ടിലെ സ്വതന്ത്ര എംഎല്‍എ ടി.ടി.വി. ദിനകരന്‍ തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

ഐപിഎല്‍ വിരുദ്ധ വികാരം തമിഴ്‌നാട്ടില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ചെന്നൈയുടെ ഹോം മല്‍സരങ്ങള്‍ കേരളത്തിലേക്കു മാറ്റുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കര്‍ണാടകയിലും പ്രതിഷേധത്തിനു സാധ്യതയുള്ളതിനാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ചെന്നൈയ്‌ക്കെതിരായ ഹോം മല്‍സരവും കേരളത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ഐപിഎല്‍ ആരാധകര്‍ ഈ വാര്‍ത്ത വന്നതു മുതല്‍ ആവേശത്തിലാണ്. സോഷ്യല്‍ മീഡിയയും ഇക്കാര്യത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Related posts