അതിനുള്ള മനക്കട്ടിയാണില്ലാതിരുന്നത്! വിമര്‍ശനങ്ങളെയോര്‍ത്ത് സങ്കടപ്പെട്ടിരുന്നു;പ്രണവും ഞാനും കസിന്‍സിനെപ്പോലെ; മനസുതുറന്ന് കല്ല്യാണി പ്രിയദര്‍ശന്‍

ചെറുപ്പം മുതലേ തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ അതിനുള്ള മനക്കട്ടിയാണില്ലാതിരുന്നതെന്നും നടി കല്യാണി പ്രിയദര്‍ശന്‍. ആദ്യ ചിത്രമായ ഹലോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രദര്‍ശനം തുടരുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും കല്യാണി വ്യക്തമാക്കി.

തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്നും കല്യാണി ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് കല്യാണിയുടെ നായകന്‍. സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി അരങ്ങേറ്റം കുറിച്ചതും തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ്.

ആളുകള്‍ എന്നെ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു. മലയാളത്തിലൂടെയോ തമിഴിലൂടെയോ അരങ്ങേറ്റം കുറിയ്ക്കാനാണ് ഞാന്‍ കരുതിയിരുന്നത്. കാരണം എന്റെ വേരുകള്‍ അവിടെയാണ്. പക്ഷേ ഹലോ എന്നെ തേടി വന്നപ്പോള്‍ വിട്ടുകളയാന്‍ മനസ്സ് വന്നില്ല. എനിക്ക് അഭിനയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു.

പക്ഷേ ഞാന്‍ മനക്കട്ടിയില്ലാത്ത ആളായിരുന്നു. വിമര്‍ശനങ്ങളെ വ്യക്തിപരമായി കരുതി സ്വയം സങ്കടപ്പെടും. ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ എന്നെ വല്ലാതെ വേട്ടയാടുകയുടെ ചെയ്തിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും ഞാന്‍ സ്വയം പര്യാപ്തയാകണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരുപാട് മാറിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ തന്നെ അച്ഛന്‍ തനിക്ക് ക്ലാസിക് ചിത്രങ്ങള്‍ കാണിച്ചു തരുമായിരുന്നുവെന്നും കല്യാണി പറയുന്നു.

അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് മോഹന്‍ലാല്‍ ആണെന്നാണ് കല്യാണി പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് അത്രമാത്രം അടുപ്പമുണ്ട്. പ്രണവ് എന്റെ അടുത്ത കൂട്ടുകാരനാണ്. ഒരുമിച്ച് വളര്‍ന്നതിനാല്‍ ഞങ്ങള്‍ കസിന്‍സിനെപ്പോലെയാണ്. ലാലങ്കിള്‍ നല്ല ഫണ്ണിയാണ്. ഞങ്ങള്‍ക്ക് വേണ്ടി മാജിക് കാണിച്ചു തരും. എനിക്ക് നല്ല ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നേരെ ലാലങ്കിളിന്റെ വീട്ടില്‍ പോകും.

അദ്ദേഹം നല്ല കുക്കാണ്. ഹലോയില്‍ പ്രിയ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. ബാല്യകാലത്തെ ആത്മമിത്രത്തെ അന്വേഷിച്ച് നടക്കുന്ന പ്രിയ എന്ന പെണ്‍കുട്ടിയുടെ കഥാപാത്രം. ‘എന്റെ അച്ഛന് ഉറച്ച വിശ്വാസമുണ്ട്. ഒരു നല്ല സംവിധായകന് ഒരു അഭിനേതാവിന്റെ കഴിവ് പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന്. അതുകൊണ്ട് തന്നെയാണ് വിക്രം കുമാര്‍ സാറിന്റെ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ ചെയ്യാമെന്ന് കരുതിയത്’. കല്ല്യാണി പറയുന്നു.

Related posts