സിപിഎമ്മിന്റെ സൈബര്‍ മുഖം പോരാളി ഷാജിയെ വെട്ടിമലര്‍ത്താന്‍ കോണ്‍ഗ്രസിന്റെ പോരാളി വാസു ! സോഷ്യല്‍ മീഡിയയില്‍ ഇനി സൈബര്‍ പോര് കനക്കും…

കണ്ണൂര്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ സോഷ്യല്‍മീഡിയയിലും പോരാട്ടം മുറുകുകയാണ്. സിപിഎമ്മിന്റെ സൈബര്‍ മുഖമായ പോരാളി ഷാജിയെ വെട്ടാന്‍ ഇക്കുറി പോരാളി വാസുവിനെ കളത്തിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആരെയും രാഷ്ട്രീയമായി കടന്നാക്രമിക്കുന്ന പോരാളി ഷാജി പലപ്പോളും അതിരു വിടാറുമുണ്ട്. സിപിഎം അനുഭാവികള്‍ കണ്ട പാതി കാണാത്ത പാതി ഷാജിയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാറുമുണ്ട്. അങ്ങനെയാണ് സൈബര്‍ സഖാക്കളുടെ ആശയ സംവാദത്തിനുള്ള ഇടമായി ഫേസ്ബുക്കിലെ പോരാളി ഷാജി മാറിയത്. കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് വോട്ടുകള്‍ സിപിഎമ്മിന് ഉറപ്പിക്കാനുള്ള ദൗത്യവുമായി പോരാളി ഷാജിയുടെ മുന്നേറ്റം തുടരുന്നതിനിടെയാണ് പോരാളി വാസു എത്തിയത്. ഷാജിയെ വെട്ടുകയാണ് പോരാളി വാസുവിന്റെ ലക്ഷ്യം. സിപിഎം കളിയാക്കലുകള്‍ക്ക് കോണ്‍ഗ്രസ് ഇനി മറുപടി നല്‍കുക പോരാളി വാസവുവിലൂടെയാകും.

പോരാളി ഷാജിയുടെ പേരില്‍ അഞ്ചു ലക്ഷത്തിലേറെ ആളുകള്‍ ലൈക്കടിച്ചിട്ടുണ്ട്. എന്നാല്‍ വാസു ചുവടുറപ്പിക്കുന്നതേയുള്ളൂ. അതിനാല്‍ തന്നെ വാസുവിന് ഇപ്പോള്‍ 25000 പേരുടെ ലൈക്ക് മാത്രമേയുള്ളൂ. പോരാളി ഷാജിയും പോരാളി വാസുവും തമ്മിലെ കശപിശയുടെ ചൂടറിയാന്‍ കൂടുതല്‍ പേര്‍ രണ്ടിലും ലൈക്ക് ചെയ്യുകയാണ്. ഏതായാലും തെരഞ്ഞെടുപ്പ് കാലത്തെ സൈബര്‍ പോരാട്ടം പോരാളി വാസുവും ഷാജിയും തമ്മിലാണ്. കോണ്‍ഗ്രസിന്റെ സൈബര്‍ സെല്‍ ഈയിടെ പുനഃസംഘടിപ്പിച്ചിരുന്നു. എകെ ആന്റണിയുടെ മകന്‍ അനിലിനാണ് മുഖ്യ ചുമതല. ഈ ടീമാണ് പോരാളി വാസുവിനെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. പോരാളി ഷാജിയെ പോലെ വാസുവും സൈബര്‍ മേഖലയിലുള്ളവര്‍ക്ക് അജ്ഞാത വ്യക്തിയായി തുടരും.

ട്രോളുകളും എതിരാളികളുടെ പിഴവുകള്‍ സംബന്ധിച്ച കുത്തിപ്പൊക്കലുമായി ഷാജിയ്‌ക്കൊപ്പം വാസുവും ഇക്കുറി അരങ്ങിലുണ്ടാകും. സിപിഎമ്മിനുവേണ്ടി നേരത്തേതന്നെ രംഗത്തുള്ള തിരുവാലി സഖാക്കള്‍, കൊണ്ടോട്ടി സഖാക്കള്‍, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങി സഖാക്കള്‍, ചുവപ്പ്, വിപ്ലവം തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തുള്ള പേരുകളുമായി ഒട്ടേറെ ഇടതു ഗ്രൂപ്പുകളും സൈബറിടത്തില്‍ സജീവമാണ്. ഇതിലൂടെ വലിയ പ്രചരണവും സിപിഎം നടത്തുന്നുണ്ട്. ബിജെപി ചില ഗ്രൂപ്പുകളുമായി പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും അതൊന്നും ഷാജിയുടെ അത്ര വിജയിച്ചില്ല. ഏകോപനമായിരുന്നു പോരാളി ഷാജിയുടെ വിജയം. ഇത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് പോരാളി വാസുവുമായെത്തുന്നത്.

നേരത്തെ സോഷ്യല്‍മീഡയയില്‍ തന്റെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന വ്യാജപ്രചരണത്തിനെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത് വന്നിരുന്നു. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള പോസ്റ്ററുകള്‍ക്കെതിരെയാണ് നടന്‍ സലീംകുമാര്‍ രംഗത്തെത്തിയത്. ‘എന്റെ ചോദ്യം ഇതാണ്. ഇതില്‍ ആരാണ് ഞാന്‍ ?’ എന്ന് ചോദിച്ച് കൊണ്ട് രണ്ട് വിഭാഗക്കാര്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും സലീംകുമാര്‍ പങ്ക് വെച്ചിട്ടുണ്ട്. ഒരു പോസ്റ്റര്‍ ‘പോരാളി ഷാജി’ എന്ന പേരിലും മറ്റൊന്നില്‍ പേരൊന്നും വെക്കാതെയുമാണുള്ളത്. സലികുമാറിനെതിരേയും പ്രചരണം നടത്തിയത് പോരാളി ഷാജിയായിരുന്നു. ഇത്തരം പ്രചരണങ്ങള്‍ ആളുകളില്‍ സംശയം സൃഷ്ടിക്കും. ഇതിന് വേണ്ടിയാണ് പോരാളി ഷാജിയെ വാര്‍ത്തെടുത്തത്. ഇതില്‍ വരുന്ന വ്യാജ പ്രതികരണങ്ങള്‍ക്ക് അതേ പടി ഇനി പോരാളി വാസുവും മറുപടി പറയും.

പോരാളി ഷാജിയുടെ പേജില്‍ വരുന്ന പല പോസ്റ്റുകളും അടിസ്ഥാനരഹിതമാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. പോരാളി ഷാജിയ്‌ക്കെതിരേ പലരും കേസ് കൊടുത്തിട്ടുണ്ടെങ്കിലും ഗള്‍ഫില്‍ നിന്നാണ് പോസ്റ്റുകള്‍ അപ് ലോഡ് ചെയ്യുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. അതിനാല്‍ തന്നെ ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഐപി അഡ്രസ് മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തിലാണ് വിദേശത്ത് വച്ചാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായത്. ഇത്തരത്തിലുള്ള പേജിനെ തകര്‍ക്കാനാണ് പോരാളി വാസുവുമായി കോണ്‍ഗ്രസ് എത്തുന്നത്. വാസുവിന്റെ ശ്രമം വിജയിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Related posts