Set us Home Page

നാട്ടിലെ ബെഹ്‌റയല്ല വീട്ടിലെ ബെഹ്‌റ; ഓയില്‍ പെയിന്റിങ് ഉള്‍പ്പടെ കേരള സാരി വരെ ഡിസൈന്‍ ചെയ്യും; കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സഹധര്‍മ്മിണി മധുമിത മനസു തുറക്കുന്നു…

തിരുവനന്തപുരം: കേരളാ പോലീസ് മേധാവി എന്നു പറഞ്ഞാല്‍ ശരിക്കും ടെന്‍ഷനിക്കേണ്ട പണിയാണ്. പ്രത്യേകിച്ച് കേരളം പോലെ അടിമുടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ പൊലീസിനെ നിയന്ത്രിക്കുക എന്നത് ക്ഷമകരമായ കാര്യമാണ് താനും. എന്നാല്‍, ഓഫീസിലെ ടെന്‍ഷനൊന്നും വീട്ടില്‍ കാണിക്കാത്ത വ്യക്തിയാണ് കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന, മലയാളികളുമായി ഏറെ പൊരുത്തപ്പെട്ട വ്യക്തിത്വം.

സംസ്ഥാനത്ത് സംഭവിക്കുന്ന സംഭവങ്ങള്‍ സൃഷ്ടിക്കുന്ന ടെന്‍ഷന്‍ ഒന്നും ബെഹ്‌റയുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മധുമിത പറയുന്നത്. ഓയില്‍ പെയിന്റിങ്ങും കവിതയെഴുത്തുമാണ് ബെഹ്‌റയുടെ പ്രധാന ഹോബി. കേരളത്തിന്റെ കൂള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുകയാണ് ഭാര്യ മധുമിത. ഒരു പ്രമുഖ മലയാളം മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മധുമിത മനസു തുറന്നത്.

വീട്ടില്‍ ഒരു ടെന്‍ഷനും കാണിക്കാത്ത ആളാണ് അദ്ദേഹം. എല്ലാത്തിനും സമയം കണ്ടെത്തും. ഔദ്യോഗിക കാര്യങ്ങള്‍ക്കും വീട്ടുകാര്യങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കായി മാറ്റി വയ്ക്കാനും എല്ലാം ടൈംടേബിളില്‍ സമയമുണ്ട്. പിന്നെ, ആ തിരക്കുകള്‍ ഞാനും മകനും മനസ്സിലാക്കുന്നു. ഒരിക്കലും പരാതി പറയാറുമില്ല. കേരളത്തിലെ പോലെ ജാതകം നോക്കി തന്നെയായിരുന്നു വിവാഹം. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന കാര്യത്തിലായിരുന്നില്ല കേരളത്തിലെക്ക് വരണമല്ലോ എന്നോര്‍ത്തായിരുന്നു പേടി. ഭാഷ തന്നെ ആയിരുന്നു പ്രശ്‌നം. മലയാളത്തില്‍ 51 അക്ഷരങ്ങള്‍ ഉണ്ടെന്ന് കേട്ടപ്പോള്‍ തന്നെ ഞെട്ടി. പക്ഷെ ഏളുപ്പം പഠിച്ചു. ഒരുപാട് പേര്‍ സഹായിച്ചു.

സ്‌റ്റേറ്റ് പൊലീസ് ചീഫ് എന്നതിനെക്കാള്‍ സിബിഐ, എന്‍ഐഎ കാലമാണ് എനിക്ക് ടെന്‍ഷന്‍ തന്നത്. ഒരിക്കല്‍ ഏതോ കേസന്വേഷണത്തിന് പോയിട്ട് ഒരുവിവരവുമില്ല. പല ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആളെ കിട്ടുന്നില്ല. സുഹൃത്തുക്കള്‍ക്കും അറിയില്ല. എനിക്കാകെ പരിഭ്രമമായി. ഒടുവില്‍ ഞാന്‍ അദേഹത്തിന്റെ ചീഫിനെ വിളിച്ചു. പേടിക്കേണ്ട. രണ്ട് ദിവസത്തിനകം തിരിച്ചുവരുമെന്നു പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.

പലര്‍ക്കും അറിയാത്ത, ചില ഹോബികളും അദ്ദേഹത്തിനുണ്ട്. അതോക്കെ ടെന്‍ഷന്‍ റിലീസിങ് മാര്‍ഗങ്ങളാണ്. ഓയില്‍ പെയിന്റിങ് ചെയ്യും. ഇംഗ്ലീഷില്‍ കവിതയെഴുതും. ഡിസൈന്‍ ചെയ്യും. ഇതാ ഈ കേരളാ സാരി തന്നെ അദ്ദേഹത്തിന്റെ ഡിസൈനാണ്. ബോര്‍ഡറില്‍ മ്യൂറല്‍ പെയിന്റിങിന്റെ ചാരുതയിലുള്ള കസവുസാരിയില്‍ തൊട്ട് മധുമിത പറയുന്നു. എന്ത് പ്രശ്‌നം വന്നാലും കൂളാണ് ബെഹ്‌റ. ടെന്‍ഷനടിച്ചിട്ട് എന്തുകാര്യം എന്ന ചോദിക്കുന്നു, ടെന്‍ഷന്‍ ഒരിക്കലും ഒരു പ്രശ്‌നത്തിനുള്ള ഉത്തരമല്ല. അതു പലപ്പോഴും നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ പോലും തെറ്റിച്ചു കളയും. ഒരു സമയത്ത് ഒറ്റ ചിന്തയാണ് നല്ലത്. പത്തു കാര്യങ്ങള്‍ക്ക് ഒരുമിച്ച് തീരുമാനമെടുക്കാന്‍ ശ്രമിച്ചാല്‍ റിസള്‍ട്ട് ശരിയാകണമെന്നില്ല. മലയാളി അല്ലെങ്കിലും കേരളത്തിന്റെ ഹീറോയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ടെക്‌നോപാര്‍ക്കില്‍ ടിസിഎസില്‍ ജോലി ചെയ്യുകയാണ് ഡിജിപിയുടെ ഭാര്യ മധുമിത.

മുമ്പ് ഇതേ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ബെഹ്‌റയും മനസു തുറന്നിരുന്നു. വിനോദത്തിനായി കേരളത്തിലും നൈറ്റ് ക്‌ളബ്ബുകള്‍ വരണമെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞിരുന്നു. ചില കാര്യങ്ങളില്‍ നാം മാറി ചിന്തിക്കണം. അല്‍പ്പം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കണം. ലോകം മാറുന്നത് അറിയണം. ലോകമെമ്പാടും സഞ്ചരിക്കുന്നവനാണ് ഇന്നത്തെ മലയാളി എന്നും ബെഹ്‌റ പറഞ്ഞിരുന്നു.

കോസ്‌മോപൊളിറ്റന്‍ സംസ്ക്കാരം ജീവിതത്തിലേയ്്ക്കും കടന്നുവന്നിട്ടുണ്ട്. പക്ഷേ, കേരളത്തിലുള്ളവര്‍ക്ക് വിനോദത്തിനുള്ള പൊതു ഇടങ്ങള്‍ വളരെ കുറവാണ്. ഇതുപരിഹരിക്കാന്‍ അത്തരം ജീവിതത്തിന്റെ ഭാഗമായ നൈറ്റ് ക്ലബുകളും മറ്റും കേരളത്തിലും വരേണ്ടതാണ്. കൃത്യമായ നിയന്ത്രണങ്ങളോടെ നൈറ്റ് ക്ലബുകള്‍ വരുന്നതിനോട് തെറ്റില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വിയോജിപ്പുണ്ടെങ്കില്‍ അവരോടു കൂടി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താവുന്നതേയുള്ളുവിനോദസഞ്ചാരത്തേയും ഇതു സഹായിക്കും. ലോകത്തിലെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ വരുന്നു. അവര്‍ക്ക് വിനോദത്തിനും സന്തോഷത്തിനുമുള്ള അവസരങ്ങള്‍ ഇല്ല എന്നറിയുമ്പോള്‍ വീണ്ടും വരാന്‍ താല്‍പ്പര്യപ്പെടില്ല. അതു ബാധിക്കുന്നത് നമ്മുടെ വിനോദസഞ്ചാര മേഖലയെയാണ് . കേരളവികസനത്തെയാണ്.

നൈറ്റ് ക്ലബുകളില്‍ പോകുന്നതും ഡാന്‍സ് ചെയ്യുന്നതും അല്‍പ്പമൊന്ന് മദ്യപിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ, ഇതിന്റെ മറവിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് തടയേണ്ടത്. മയക്കുമരുന്നു പടരുന്നത് ഏറെ നിയന്ത്രിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ലഹരിമരുന്നിന്റെ ഉപയോഗം, വില്‍പ്പന, തുടങ്ങിയ കാര്യങ്ങളില്‍ നിയമങ്ങള്‍ ശക്തമാക്കണം ഡിജിപി പറയുന്നു. വസ്ത്രധാരണ രീതിയെ ഹെയര്‍സ്‌റ്റൈലിനെ കുറിച്ചും ഡിജിപി തന്റെസങ്കല്പങ്ങള്‍ പങ്കുവയ്ക്കുന്നു. ഏതെങ്കിലും വസ്ത്രം മാത്രമേ ഇടാന്‍ പാടുള്ളു എന്നു നിര്‍ദ്ദേശം വയ്ക്കാന്‍ പറ്റുമോ? മാന്യത എന്നത് ഒരു അതിര്‍ത്തിയുണ്ട്. അതിനുള്ളില്‍ നില്‍ക്കണം. അല്ലാതെ വസ്ത്രധാരണത്തിന്റെ പേരില്‍ അവരെ അക്രമിക്കുകയല്ല വേണ്ടത്.

ഇതുപോലെ തന്നെയാണ് മുടിവളര്‍ത്തുന്നവരുടെ കാര്യവും . അത് ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അതില്‍ മറ്റാരും ഇടപെടേണ്ടതില്ല. സിനിമാതാരങ്ങളെ നോക്കുക.അമീര്‍ഖാന് മുടിവളര്‍ത്തിയും കമ്മല്‍ ഇട്ടും നടക്കാം. അതുപോലെ നമ്മുടെ നാട്ടില്‍ ഒരാള്‍ ചെയ്താല്‍ അതെങ്ങനെ കുറ്റമാകും. നിയമം എല്ലാവര്‍ക്കും ഒരുപോലല്ലേ. ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അതാസ്വദിക്കാനുള്ള അവകാശവും അദ്ദേഹം പറഞ്ഞു. എന്തായാലും വ്യത്യസ്തനായ ഒരു ബെഹ്‌റെയെക്കുറിച്ചറിഞ്ഞ ആളുകളുടെ അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS