ഇടപാടുകള്‍ പകലും! വീട് വാടകയ്‌ക്കെടുത്തു ദമ്പതികളുടെ പെണ്‍വാണിഭം; പ്രതികളെ പിടികൂടിയത് പാതിരാത്രിയില്‍ വീടു വളഞ്ഞ്

pENVANIBHAMഅമ്പലപ്പുഴ: വീട് വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തി വന്നയാള്‍ ഉള്‍പ്പടെ നാലുപേരെ പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തു. പുന്നപ്ര സ്‌നേഹതീരം വീട്ടില്‍ ജോണി (48), തിരുവനന്തപുരം കൊച്ചാലംമുട് അബി മന്‍സിലില്‍ ഹിദായത്തുല്ല (23), പാതിരപ്പള്ളി പഞ്ചികതയ്യില്‍ റോസി(37), റീന(41) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സിഐ രാജേഷിന്റെ നിര്‍ദേശപ്രകാരം പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ രാത്രി 12ഓടെയാണ് വീടു വളഞ്ഞ് പ്രതികളെ പിടികൂടിയത്. ആറുമാസം മുമ്പാണ് കളര്‍കോട് ബ്ലോക്കു ജംഗ്ഷനു പടിഞ്ഞാറുള്ള ശ്രീരാഗം വീട് പെണ്‍വാണിഭ സംഘത്തിലെ പ്രധാനകണ്ണി ജോണിയും ഇയാളുടെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയ യുവതിയും ചേര്‍ന്ന് വാടകക്കെടുത്തത്. പിന്നീട് രാത്രികാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ ഇവിടെ വന്നുപോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

എന്നാല്‍ പകല്‍ സമയങ്ങളിലും വാഹനങ്ങളും ആളുകളും എത്തി തുടങ്ങിയതോടെ നാട്ടുകാരിലുള്ള സംശയം ബലപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സിഐക്ക് വിവരം കൈമാറുകയായിരുന്നു. ഇയാളില്‍നിന്ന് മൂന്ന് മൊബൈല്‍ ഫോണും 10,000 രൂപയും പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കെതിരേ മണ്ണഞ്ചേരി , മാരാരിക്കുളം സ്‌റ്റേഷനുകളിലുള്‍പ്പെടെ നാല് പെണ്‍വാണിഭ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related posts