ബ്ലൂ വെയ്‌ലിന് പുറകേ പിങ്ക് വെയ്ല്‍! ലക്ഷ്യം, നന്മ പ്രചരിപ്പിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നത്; കൊലയാളി ഗെയിമിനെ കൊല്ലാനെത്തിയ ഗെയിമിനെക്കുറിച്ചറിയാം

ബ്ലൂ വെയ്ല്‍ എന്ന കൊലയാളി ഗെയിമാണ് കേരളത്തിലേതടക്കമുള്ള ലോകംമുഴുവനുമുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ കുട്ടികള്‍ എപ്പോള്‍ വേണമെങ്കിലും ഈ മരണക്കളിയ്ക്ക് അടിമപ്പെടാമെന്നും അത് അവരെ എപ്പോള്‍ വേണമെങ്കിലും മരണത്തിലേയ്ക്ക് തള്ളിവിടാമെന്നുമുള്ള ബോധ്യമാണ് അവരുടെ ഈ ഭയത്തിനുകാരണം. എന്നാല്‍ അത്തരക്കാര്‍ക്ക് ഒരാശ്വാസവുമായാണ് പിങ്ക് വെയ്ല്‍ എന്ന ഗെയിം എത്തിയിരിക്കുന്നത്.

കൊലയാളി ഗെയിം ബ്ലൂ വെയിലിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്തതാണ് പിങ്ക് വെയില്‍. നല്ല ചിന്തകളും കാരുണ്യപ്രവര്‍ത്തികളും വഴി കളിക്കുന്നയാളെ സന്തോഷിപ്പിക്കുക എന്നതും കളിക്കുന്നവരെ നന്മനിറഞ്ഞ മനുഷ്യരാക്കി മാറ്റുക എന്നതുമാണ് ഈ ഗെയിമിന്റെ ലക്ഷ്യം. ബ്രസീലിലാണ് പിങ്ക് വെയിലിന്റെ ഉത്ഭവം. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഗെയിം തരംഗമായതോടെ 3,40,000 ഫോളോവേഴ്‌സ് ഇതിനോടകം ഗെയിമിനുണ്ട്. ഏപ്രിലിലാണ് ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്. കളിക്കുന്നയാള്‍ക്ക് പ്രതിദിനം ചെയ്യുന്നതിനായി 107 ടാസ്‌കുകളുണ്ട്. പോര്‍ച്ചുഗീസില്‍ പിങ്ക് വെയില്‍ എന്ന് അര്‍ത്ഥം വരുന്ന ബലേയ റോസാ എന്ന ഗെയിമിന്റെ ലക്ഷ്യം, നല്ല കാര്യങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കമെന്ന് തെളിയിക്കലാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

സ്‌നേഹവും നന്മയും പ്രചരിപ്പിക്കുന്നതിനാണ് ഗെയിമെന്നും ഇവര്‍ പറയുന്നു. ബ്ലൂവെയില്‍ വാര്‍ത്തകളിലെത്തി തുടങ്ങിയപ്പോഴെ അപകടം മനസിലാക്കിയ ഒരു ഗ്രാഫിക് ഡിസൈനറാണ് ഇതിന് പിന്നില്‍. സമനില തെറ്റിക്കുന്ന ബ്ലൂവെയിലിനെ പിടിച്ച് കെട്ടാന്‍ പിങ്ക് വെയിലിനാകുമെന്നാണ് ഇതേക്കുറിച്ച് പഠിച്ചവര്‍ അറിയിക്കുന്നത്. ഇത്തരം ഗെയിമുകള്‍ വിവിധരീതിയില്‍ പുറത്തെത്തിച്ചാല്‍ ബ്ലൂ വെയ്ല്‍ പോലുള്ളവയെ തുരത്താനാവുമെന്നാണ് ഗെയിമിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം എത്ര നല്ല കളികളാണെന്ന് പറഞ്ഞാലും മാതാപിതാക്കളുടെ ശ്രദ്ധ കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

Related posts