കെവിനെ കൊന്നതിനു പിന്നില്‍ അമ്മയെന്ന് നീനു; രഹ്നയ്‌ക്കെതിരേ ഒരു തെളിവുമില്ലെന്ന നിലപാടില്‍ ഉറച്ച് പോലീസ് നീനുവിന്റെ മൊഴി തള്ളി;കേസില്‍ അട്ടിമറിയോ ?

കോട്ടയം: കെവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന രഹ്നയെ പ്രതിപ്പട്ടികയില്‍ നിന്ന് രക്ഷിക്കാന്‍ പോലീസിന്റെ നീക്കം. മകള്‍ നീനുവിന്റെ മൊഴി പോലും പരിഗണിക്കാതെയാണ് പോലീസ് മുമ്പോട്ടു പോകുന്നത്.

കൊല്ലപ്പെടുന്നതിന് തലേന്ന് കെവിനെ രഹ്ന നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന നീനുവിന്റെ മൊഴിയാണ് പോലീസ് അവഗണിച്ചിരിക്കുന്നത്. കെവിനെ കൊന്നത് രഹ്നയുടെ കൃത്യമായ നിര്‍ദേശപ്രകാരമാണെന്ന് നീനു പറഞ്ഞിരുന്നു.

മേയ് 26 നാണ് കെവിനെ രഹ്ന ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസിലെ പ്രതികളില്‍ ഒരാളായ നിയാസിനൊപ്പമാണ് കെവിന്‍ കൊല്ലപ്പെടുന്നതിന് തലേന്ന് രഹ്ന മന്നാനത്ത് എത്തിയത്. കെവിനെ താമസിപ്പിച്ചിരുന്ന അനീഷിന്റെ വീട് കണ്ടെത്തിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ടു തന്നെ കെവിനെ തട്ടിക്കൊണ്ടുപോകാനും കൊല്ലാനും പദ്ധതിയിട്ടതില്‍ രഹ്നയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് നീനുവിന്റെ വിശ്വാസം.

എന്നാല്‍, ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെയാണ് രഹ്നയെ അന്വേഷണ സംഘം പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയത്. രഹ്നയ്ക്കെതിരെ ഒരു തെളിവും ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്.

കെവിന്റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരവധി തവണ ചോദ്യം ചെയ്ത പോലീസ് രഹ്നയെ ഒരിക്കല്‍ പോലും ചോദ്യം ചെയ്തില്ല. സംഭവത്തിനു ശേഷം ഒളിവില്‍ പോയ രഹ്നയെ പിടികൂടാനും പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല.

Related posts