വിവിഐപി പരിഗണന ഉപേക്ഷിച്ചു! വിമാനത്തില്‍ കയറാന്‍ യാത്രക്കാരോടൊപ്പം വരിയില്‍ കാത്തുനില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറല്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

സമീപ കാലത്തായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. പോസ്റ്റുകളിലൂടേയും ട്വീറ്റുകളിലൂടേയും ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ വളരെ കാര്യമായിത്തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ രാഹുലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. വിമാനത്തില്‍ കയറാന്‍ വരിയില്‍ കാത്തു നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രചരിക്കുന്നത്.

സാധാരണ യാത്രികര്‍ക്കൊപ്പം വിമാനത്തില്‍ കയറാനായി രാഹുല്‍ വരി നില്‍ക്കുന്നതിന്റെ ചിത്രമാണത്. രാഹുലിന്റെ ലാളിത്യമായാണ് കോണ്‍ഗ്രസുകാരും സോഷ്യല്‍ മീഡിയയും ചിത്രത്തെ ഉയര്‍ത്തിക്കാണിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രകടനമാണിതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇന്‍ഡിഗോയുടെ ബോര്‍ഡിംഗ് ക്യൂവില്‍ നില്‍ക്കുന്ന രാഹുലിന്റെ ഫോട്ടോ ഇന്‍ഡിഗോ അധികൃതരാണ് ട്വീറ്റ് ചെയ്തത്.

ഗുജറാത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനായി ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്നു രാഹുല്‍. അമ്മ സോണിയ ഗാന്ധിക്ക് ജന്മദിനത്തില്‍ ആശംസ നേരാനാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന രാഹുല്‍ ഗാന്ധി ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്ന് തിരികെ അഹമ്മാദാബാദിലേക്ക് മടങ്ങുമ്പോഴാണ് ബോര്‍ഡിംഗ് സമയത്ത് വി.വി.ഐ.പി പരിഗണന ഉപയോഗപ്പെടുത്താതെ രാഹുല്‍ ക്യൂവില്‍ സഹ യാത്രികര്‍ക്കൊപ്പം നിന്നത്. കോണ്‍ഗ്രസ്സിന്റെ തലപ്പത്തെത്തിയ രാഹുല്‍ ഇങ്ങനെയൊരു കാര്യം ചെയ്‌തെങ്കില്‍ അത് നിസ്സാരമായി തള്ളിക്കളയേണ്ടതല്ലെന്ന് അഭിപ്രായപ്പെടുന്നവരാണ് കൂടുതല്‍.

Related posts