35,000 രൂപയുടെ മൊബൈല്‍ വാങ്ങിത്തരണമെന്ന ആവശ്യം പരിഗണിച്ചില്ല! മകന്റെ പ്രതിഷേധവും പിടിവാശിയും അവസാനിച്ചത് അമ്മയുടെ മരണത്തോടെ; ശാസ്താംകോട്ടയില്‍ നടന്നത്

പുതിയ തലമുറയിലെ കുട്ടികളുടെ ദുര്‍വാശികള്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് തലവേദനയായി മാറാറുണ്ട്. ഇത്തരത്തില്‍ സ്വന്തം മകന്റെ ദുര്‍വാശി കാരണം ജീവന്‍ പോലും ത്യജിക്കേണ്ടി വന്നിരിക്കുകയാണ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട സ്വദേശിനിയായ ഒരമ്മയ്ക്ക്.

മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മകന്റെ വാശിക്ക് മുന്നില്‍ സ്വന്തം ജീവന്‍ കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഒരമ്മ. വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന മകന്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് അമ്മ ജീവനൊടുക്കിയത്.

പത്താംക്ലാസ് കഴിഞ്ഞുനില്‍ക്കുന്ന മകനാണ് 35,000 രൂപയുടെ മൊബൈലിനായി അമ്മയോട് വാശി പിടിച്ചത്. നിലവില്‍ 9,000 രൂപയുടെ മൊബൈല്‍ ഫോണ്‍ മകനുണ്ട്. എന്നാല്‍ വിലയേറിയ ഫോണ്‍ വാങ്ങിനല്‍കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിരന്തരം വഴക്കായിരുന്നു.

ഇന്നലെയും ഇതെചൊല്ലി അമ്മയോട് വഴക്കിട്ടിരുന്നു. അമ്മ മീന്‍ വൃത്തിയാക്കി കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ വാങ്ങി നല്‍കാത്തതിനെ ചോദ്യം ചെയ്ത് അമ്മയും മകനും തമ്മില്‍ വഴക്കായി.

ദേഷ്യത്തില്‍ മകന്‍ മീനും പാത്രവും തട്ടിക്കളഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് അമ്മ സമീപത്തെ റയില്‍വെ ട്രാക്കിലേക്കു നടന്നു ട്രെയിനു മുന്നിലേക്കു ചാടുകയായിരുന്നു. ഇവര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് സ്ഥലത്തില്ലായിരുന്ന നേരത്താണ് സംഭവം. ദമ്പതികള്‍ക്കു ഒരു മകന്‍ കൂടിയുണ്ട്.

Related posts