ദിലീപിനെ ദ്രോഹിക്കുന്നവര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന് സലിം ഇന്ത്യ അധിക പരാതി നല്‍കി; ദിലീപിനെ കാണാന്‍ ടോമിച്ചന്‍ മുളകുപാടത്തെപ്പോലും അനുവദിച്ചില്ലെന്ന് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍

ദിലീപിനു നീതി ലഭിക്കാനുള്ള പോരാട്ടം തുടരുമെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ഇന്ത്യ. ദിലീപിനെതിരേയുള്ള അന്വേഷണം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനു വേണ്ടിയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആലുവ റൂറല്‍ എസ്പിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ തന്നോടു പറഞ്ഞതായി സലിം ഇന്ത്യ പറയുന്നു.

കുറ്റാരോപിതന്‍ മാത്രമായ ദിലീപിനെ കാണാന്‍ സഹപ്രവര്‍ത്തകരെയും സുഹൃത്തുകളെയും അനുവദിക്കാത്തത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സലിം ഇന്ത്യ ഒരു അധിക പരാതി കൂടി മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.മുമ്പു തനിക്കു ദിലീപിനെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ച കാര്യവും സലിം ഇന്ത്യ പരാതിയില്‍ പറയുന്നുണ്ട്. ദിലീപ് ചിത്രം രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനും ആദ്യം സന്ദര്‍ശാനുമതി നിഷേധിച്ചതായി സലിം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും പത്രപ്രസ്താവനകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ചിലര്‍ ദിലീപിന്റെ മനുഷ്യാവകാശത്തിനു മേല്‍ കടന്നുകയറ്റം നടത്തുകയാണെന്നും അവര്‍ക്കെതിരേ മനുഷ്യാവകാശ ലംഘനത്തിനു കേസെടുക്കണമെന്നും പരാതിയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍, സംവിധായകന്‍ ബൈജു കൊട്ടാരക്കര, നടന്‍ അനൂപ് ചന്ദ്രന്‍,എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് തുടങ്ങിയവര്‍ എതിര്‍കക്ഷികളായ ഹര്‍ജി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. നവംബര്‍ 17നാണ് കേസ് പരിഗണിക്കുക.

Related posts