കൊടിസുനിയുടെയും കിര്‍മാണി മനോജിന്റെയും കട്ടഫാന്‍; ആര്‍എസ്എസ് നേതാവ് വിനീഷ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം നാടുവിട്ടു; ആകാശ് തില്ലങ്കരിയെന്ന സൈബര്‍ പോരാളിയുടെ ചെയ്തികള്‍ ഇങ്ങനെ…

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കരി സിപിഎം സൈബര്‍സേനയിലെ പ്രമുഖനെന്ന് വിവരം. ‘അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു’ എന്നു പേരുള്ള സിപിഎം അനുകൂല സൈബര്‍ സംഘത്തിലെ അംഗമാണ് ആകാശ്.

ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്ബുക് പ്രൊഫൈലില്‍ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം അറസ്റ്റിലായ പ്രതികള്‍ക്ക് ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം വിശദീകരിക്കുന്ന ഫോട്ടോകളും പുറത്തു വന്നിരിക്കുകയാണ്.

ആര്‍എസ്എസ് നേതാവ് വിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം നാടുവിട്ട ഇയാള്‍ എകെജി സെന്ററില്‍ ജോലി ചെയ്യുന്നുവെന്നാണ് നാട്ടിലെ സംസാരം. ഇതിനിടെ ‘വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നതിരുന്നു.

അങ്ങനെ എല്ലാ തരത്തിലും കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെട്ടായിരുന്നു ആകാശ് മുന്നോട്ട് നീങ്ങിയിരുന്നത്. സിപിഎം നേതൃത്വത്തിനും ഇത് അറിയാമായിരുന്നു. അതുകൊണ്ട് കൂടി ഷുഹൈബിന്റേത് രാഷ്ട്രീയ കൊലപാതകമായി മാറുകയാണ്.

സിപിഎമ്മിന്റെ ചെയ്തികളെ ന്യായീകരിക്കുകയായിരുന്നു സൈബര്‍ ലോകത്ത് ഇയാളുടെ ചുമതല. ആകാശിന്റെ ആകാശ് തില്ലങ്കേരി എന്ന പേരിലുണ്ടായിരുന്ന ഫേസ്ബുക്ക് പേജ് ഇപ്പോള്‍ കാണാനില്ല. എം.വി ആകാശ് എന്ന പേരില്‍ മറ്റൊരു പേജ് നിലവിലുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന വിശദീകരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജില്‍ സജീവമാണ്.

ആകാശിന്റെ ഫേസ്ബുക്ക് സുഹൃത്താണു പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പി.ജയരാജന്‍ എന്നിവരോടൊപ്പമെടുത്ത സെല്‍ഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു. 2016ല്‍ തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കീഴടങ്ങിയ ആകാശും രജിന്‍രാജും.

വിനീഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാര്‍ തന്നെയെന്നു സിപിഎം പ്രചരിപ്പിച്ചുവെങ്കിലും, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു നേരെ ബോംബേറുണ്ടായതിനു പ്രതികാരമായാണു വിനീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി. ഇതോടെയാണ് ഈ കേസില്‍ വഴിത്തിരിവുണ്ടായത്.

അരിയില്‍ ഷുക്കൂര്‍, ടിപി, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പിന്നാലെ അടുത്ത രാഷ്ട്രീയ കൊലപാതകവും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ്. അതിനിടെയാണ്, കഴിഞ്ഞദിവസം സിപിഎം. കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം എന്‍. സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായത്.

ഷുഹൈബ് വധം, ആര്‍.എംപി. നേതാവ് കെ.കെ. രമയ്‌ക്കെതിരായ സാമൂഹികമാധ്യമങ്ങളിലെ മോശം പരാമര്‍ശം എന്നിവ ചര്‍ച്ചയായ സമയത്താണ് സുകന്യയുടെ പോസ്റ്റ്. സിപിഎമ്മിനോട് മൃദുസമീപനം കാണിക്കാറുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ വരെ ഇക്കാര്യത്തില്‍ ഇടപെട്ടതും പാര്‍ട്ടിക്ക് സുഖകരമല്ല. കതിരൂര്‍ മനോജ് കേസില്‍ ഫണ്ട് പിരിവ് നടത്തുന്നതിനിടെയാണ് പുതിയ കൊലപാതകം.

Related posts