ചിരി തന്ന ജീവിതം! ചിരിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ എസ്.പി. ശ്രീകുമാറിന്റെ വിശേഷങ്ങളിലേക്ക്

സ്വന്തം ലേഖകന്‍
sreekumar1
ഒരു ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്കു കയറിപ്പറ്റുകയായിരുന്നു തിരുവനന്തരപും വഞ്ചിയൂരുകാരനായ എസ്.പി. ശ്രീകുമാര്‍. ചാനല്‍ ഷോകളിലൂടെയും മിനി സ്ക്രീന്‍ പരന്പരകളിലൂടെയുമായിരുന്നു ശ്രീകുമാറിന്‍റെ വരവെങ്കിലും മെമ്മറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീകുമാറിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചു ബിഗ് സ്ക്രീനിലെ താരമായി. കലാഭവന്‍ മണിക്കുശേഷം ചിരിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ എസ്.പി. ശ്രീകുമാറിന്റെ വിശേഷങ്ങളിലേക്ക്.

 ഇതൊക്കെ അറിഞ്ഞിട്ടാണോ

സ്കൂള്‍ കാലഘട്ടം മുതല്‍ കലാപരിപാടികളില്‍ സജീവമാണ്. പഠിക്കുന്‌പോള്‍ വളരെ കുറച്ചു സമയമായിരുന്നു ക്ലാസില്‍ കയറിയിരുന്നത്. കൂടുതല്‍ സമയം എന്തെങ്കിലുമൊക്കെ പരിപാടികളുമായി കറങ്ങി നടക്കും.  സ്കൂളില്‍ കൊയര്‍ പ്രാക്ടീസ് ഉണ്ടായിരുന്നു. അവിടെയായിരുന്നു ഞാന്‍ കൂടുതല്‍ സമയവും. കൊയര്‍ പ്രാക്ടീസിനായി വിളക്കുന്‌പോള്‍ ആദ്യം ഇറങ്ങി ഓടുക ഞാനായിരുന്നു. ക്ലാസില്‍ ഇരിക്കുന്ന സമയം കുറവായിരുന്നു.  ഒന്നുകില്‍ നാടകത്തിന്‍റെ പ്രാക്ടീസ് ആയിരിക്കും.

ചിലപ്പോള്‍ പുറത്തുള്ള മറ്റെന്തെങ്കിലും പരിപാടികള്‍ ആയിരിക്കാം. എല്ലാം ഞാനായിരിക്കും ഏറ്റെടുക്കുക. പാട്ട്, ഡെസറ്റേഷന്‍, നാടകം, മിമിക്രി അങ്ങനൊന്നുമില്ലാ, എല്ലാത്തിനും  ഞാന്‍ പേരു കൊടുക്കും. അവസാനം ടീച്ചേഴ്‌സ് ചോദിക്കും നിനക്ക് ഇതൊക്കെ അറിയാമോ എന്ന്. അറിയാമെന്ന് പറഞ്ഞ് ഞാന്‍ പങ്കെടുക്കും. ഫസ്‌റ്റോ സെക്കന്‍ഡോ എന്നുള്ളതല്ല, എന്തെങ്കിലും സമ്മാനം കിട്ടും. ഇതോടെവീട്ടുകാര്‍ക്കും മനസിലായി ഞാന്‍ പഠിക്കാന്‍ നല്ല താത്പര്യമുള്ള ആളാണെന്ന്.

പ്രതീക്ഷയൊന്നും ഇല്ലായിരുന്നു

സിനിമയിലേക്ക് എത്തുമെന്ന് വലിയ പ്രതീക്ഷയെന്നുമില്ലായിരുന്നു. നമ്മള്‍ ഇങ്ങനെ ഇരിക്കുന്‌പോള്‍ ആരെങ്കിലും വന്ന് സിനിമയിലേക്ക് വിളിച്ചുകൊണ്ടുപോകുമെന്നായിരുന്നു പ്രതീക്ഷ. അതിനു കാരണവുമുണ്ട്. എനിക്ക് അപ്പോഴും സ്കൂളിലെ ഓര്‍മ്മയാണ്. സ്കുളില്‍ ഏതെങ്കിലും പരിപാടിക്കു പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ വന്നു പേരു നല്‍കണമെന്നു പറയുമായിരുന്നു. അപ്പോള്‍ പോയി പേരു നല്‍കുകയായിരുന്നു പതിവ്. അങ്ങനെ സിനിമയിലേക്കു വരാന്‍ പറഞ്ഞ് ആരെങ്കിലും വിളിക്കുമെന്നു കരുതി കുറെ നാള്‍ നോക്കിയിരുന്നു. പിന്നെ മനസിലായി നോക്കിയിരുന്നിട്ടു കാര്യമില്ല. അങ്ങനെയാണു ചാനല്‍ പ്രോഗ്രാമിലേക്ക് എത്തുന്നത്. രണ്ടു മൂന്നു ചാനല്‍ പ്രോഗ്രാമുകളില്‍ പങ്കെടുത്തതിനു പിന്നാലെയാണു മറിമായം എന്ന സീരിയലിലേക്ക് എത്തുന്നത്.

അറിയാതെ ഒന്നു ചിരിച്ചതാണേ
sreekumar2
മറിമായത്തിന്‍റെ സെറ്റില്‍ അറിയാതെ ഒന്നു ചിരിച്ചതാണ് എന്‍റെ ജീവിതത്തിലെ ടേണിംഗ് പോയിന്‍റായി മാറിയത്. ഷൂട്ടിനിടയില്‍ ഞാന്‍ അറിയാതെ ഒന്നു ചിരിച്ചു. എന്‍റെ ചിരികണ്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരും ചരിച്ചു. ഇത് കണ്ട മറിമായത്തിന്‍റെ ഡയറക്ടര്‍ ഈ ചിരിതന്നെ തുടര്‍ന്നാല്‍ മതിയെന്നു പറഞ്ഞു. പിന്നീടു മറിമായത്തിലെ ലോലിതന്‍ എന്ന എന്‍റെ കഥാപാത്രത്തിന്‍റെ ട്രേഡ്മര്‍ക്കായി ആ ചിരി മാറി. പക്ഷേ അതുകൊണ്ട് ഒരു കുഴപ്പം പറ്റി. ഒരു ആക്ടര്‍ എന്ന നിലയില്‍ ചിരിയില്‍ മാത്രമായി എന്നെ ഒതുക്കുന്ന ഒരു അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തി. അതില്‍ നിന്ന് ഒരു മാറ്റം ഉണ്ടായത് എബിസിഡിയിലെ ലിയോഡ് ഫെര്‍ണാണ്ടസ് എന്ന ഫ്രീക്കന്‍റെ വേഷം ചെയ്തപ്പോഴാണ്.
ഫ്രീക്കനാകാന്‍ ഇത്തിരി പാടുപെട്ടു

എബിസിഡിയുടെ ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നെ വിളിക്കുന്നത്. ലൊക്കേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ ഷൂട്ടിംഗിന് നാളെ എത്തണമെന്നും പറഞ്ഞു. പക്ഷേ മറിമായത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു അത്. അപ്പോള്‍ ഞാന്‍ മാര്‍ട്ടിന്‍ ചേട്ടനോട് ( മാര്‍ട്ടിന്‍ പ്രക്കാട്ട്) പറഞ്ഞു, എനിക്ക് മറിമായത്തിന്‍റെ ഷൂട്ടുണ്ട് അതുകൊണ്ട് എത്താന്‍ പറ്റില്ലെന്ന്. അപ്പോള്‍ മാര്‍ട്ടിന്‍ ചേട്ടന്‍ പറഞ്ഞു രണ്ടു മണിക്കൂറത്തെ കാര്യമേയുള്ളൂ നീ നാളെ വരില്ലെങ്കില്‍ നിന്നെ ഇവിടെ കെട്ടിയിടുമെന്ന്.

അങ്ങനെ പിറ്റേന്ന് മറിമായത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മുങ്ങിയാണ് ആദ്യ ദിവസം എബിസിഡിയുടെ ലൊക്കേഷനില്‍ എത്തുന്നത്. ചിത്രത്തിലെ ലിയോഡ് ഫെര്‍ണാണ്ടസ് എന്ന ഫ്രീക്കന്‍റെ വേഷം ചെയ്യാന്‍ സെറ്റിലുണ്ടായിരുന്നവരൊക്കെ കുറെ സഹായിച്ചു. ആദ്യമായിട്ടാണ് ഞാന്‍ കൊച്ചി സ്ലാംഗില്‍ സംസാരിക്കുന്നത്. അതുകൊണ്ട് മട്ടാഞ്ചേരിയിലൊക്കെ ഒന്ന് കറങ്ങി ഫ്രീക്കന്‍ പിള്ളാരുമൊക്കെയായിട്ട് ഒന്നു സംസാരിച്ചു. അങ്ങനെയാണ് ആ കാരക്ടര്‍ ചെയ്തത്.

ഇപ്പോ ചെയ്ത് മാത്രം മതി

എബിസിഡി റിലീസായി രണ്ടുമാസത്തെ ഇടവേളയിലാണ് സംവിധായകന്‍ ജിത്തു ജോസഫ് വിളിക്കുന്നത്. ഒരു കാരക്ടര്‍ ഉണ്ട്  നാളെ നമുക്ക് ഷൂട്ടില്ലാതെ ഒന്നു ചെയ്തു നോക്കാം എന്നു പറഞ്ഞു. കാരക്ടര്‍ ചെയ്തു കണ്ടപ്പോള്‍ പുള്ളി പറഞ്ഞു, എന്താണോ ഇപ്പോള്‍ ചെയ്തത് അതു ചെയ്താല്‍ മതി, കൂടുതലും കുറവുമൊന്നും വേണ്ട. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് വിജയരാഘവനാണ് ഞാന്‍ ഈ സിനിമയിലേക്ക് എത്താന്‍ കാരണം എന്ന് അറിഞ്ഞത്. പടം ഇറങ്ങി 2 വര്‍ഷത്തോളം കഴിഞ്ഞ ശേഷമാണ് കുട്ടേട്ടനെ (വിജയരാഘവന്‍) നേരിട്ട് കണ്ടത്. പടം ഇറങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. പേടിച്ചാണ് വിളിച്ചത്. പക്ഷേ അദ്ദേഹം മകനോട് സംസാരിക്കുന്നതുപോലെയാണ് എന്നോട് സംസാരിച്ചത്. ആ അടുപ്പം ഇപ്പോഴും ഉണ്ട്. ഇപ്പോഴും വിളിക്കാറുണ്ട്.

എല്ലാം പറഞ്ഞുതന്നതു മമ്മൂക്ക

മറിമായം ചെയ്യുന്നതിനിടയില്‍ ഒന്നു രണ്ടു ചിത്രങ്ങള്‍ വന്നു. ഹരം, അയാള്‍ ഞാനല്ല തുടങ്ങിയ ചിത്രങ്ങളൊക്കെ ചെയ്തു. ഇതിനിടയിലാണ് ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലേക്കുള്ള വിളി വന്നത്. മമ്മൂക്കയുള്ള ചിത്രമാണ്, ഒരു വേഷം ഉണ്ടെന്ന് പറഞ്ഞതല്ലാതെ ഒരു മുഴുനീള വേഷം ഉണ്ടെന്ന് സംവിധായകന്‍ കമല്‍ സാര്‍ പറഞ്ഞിരുന്നില്ല. സെറ്റില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. കമല്‍ സാറിനെപ്പോലെയുള്ള  വലിയ സംവിധായകനൊപ്പവും മമ്മൂക്കയോടൊപ്പവുമൊക്കെ അഭിനയിക്കാന്‍ പറ്റി. മമ്മൂക്കയുമായി വലിയ അടുപ്പമില്ലെങ്കിലും പരിചയം മാത്രമുള്ള കാലമായിരുന്നു അത്. പക്ഷേ എന്നെ കണ്ടതും അദ്ദേഹം ചിരിച്ച് സംസാരിച്ചു. ഒരു അകല്‍ച്ചയും കാണിച്ചില്ല.  എല്ലാ കാര്യവും വിശദമായി പറഞ്ഞുതരും, പഴയ കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കും  പുതിയ ടെക്‌നോളജിയെക്കുറിച്ച് സംസാരിക്കും. ഒരു എന്‍സൈക്ലോപീഡിയ ആണ് അദ്ദേഹം.

മെമ്മറീസ് ഒരു രക്ഷപപ്പടുത്തല്‍

ജീത്തു ജോസഫിന്‍റെ മെമ്മറീസ് എന്ന ചിത്രം എന്നെ രക്ഷപപ്പടുത്തുകയായിരുന്നു ചെയ്തത്. കോമഡി, അല്ലെങ്കില്‍ ചിരി മാത്രമായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമായിരുന്ന എന്നെ രക്ഷിച്ച ചിത്രമാണത്. ചിരിയില്‍ മാത്രം ഒതുക്കപ്പെടേണ്ടിയിരുന്ന എന്നെ മാറ്റിയത് അദ്ദേഹത്തിന്‍റെ സിനിമയായിരുന്നു. അല്ലെങ്കില്‍ ഞാന്‍ ഒതുക്കപ്പെട്ടുപോയേനെ. എനിക്ക് അങ്ങനെയൊരു കാരക്ടര്‍ തരുന്നതിനുള്ള ധൈര്യം അതുവരെ ആരും കാണിച്ചിരുന്നില്ല. വലിയൊരു ഭാഗ്യമാണ് ആ സിനിമ തന്നത്.

സജിന്‍ ബാബു സംവിധാനം ചെയ്ത് ശ്രീനിവാസന്‍ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന അയാള്‍ ശശി എന്ന ചിത്രത്തിലാണ് ശ്രീകുമാര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.  ശ്രീനിവാസന്‍ ചെയ്യുന്ന കഥാപാത്ത്രിന്‍റെ അടുത്ത സുഹൃത്തും സഹായിയുമായി നടക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീകുമാര്‍ അവതരിപ്പിക്കുന്നത്.

Related posts