കരണത്തടി വിവാദമായി! അന്യമതക്കാരിയെ രജിസ്റ്റര്‍ വിവാഹം കഴിച്ചു; യുവതിയുടെ ബന്ധുവായ പോലീസുകാരി യുവാവിന്റെ കരണത്തടിച്ചു

vanithapoliceകോട്ടയം: അന്യ മതക്കാരിയെ രജിസ്റ്റര്‍ വിവാഹം കഴിച്ച യുവാവിന്റെ കരണത്തടിച്ച യുവതിയുടെ ബന്ധുകൂടിയായ വനിതാ കോണ്‍സ്റ്റബിളിന്റെ നടപടി വിവാദമായി. പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് വനിതാ പോലീസിനെ പിന്‍തിരിപ്പിച്ചത്. പരാതി നല്കാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണു സംഭവം.

സംഭവത്തെക്കുറിച്ചു പറയപ്പെടുന്നത് ഇങ്ങനെ: കുമരകം സ്വദേശിയായ യുവതിയെ കോട്ടയം സ്വദേശിയായ യുവാവ് അടുത്തിടെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. രണ്ടു സമുദായക്കാരായ ഇരുവരും ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ പെണ്‍കുട്ടിയെ യുവാവിന്റെ ബന്ധുക്കള്‍ സ്‌റ്റേഷനില്‍ ഹാജരാക്കി. ഇതിനിടെ യുവാവിന്റെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പിതാവ് രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോള്‍ യുവതിയുടെ പിതാവും മറ്റും ചേര്‍ന്നു മര്‍ദിച്ചിരുന്നുവത്രേ.

സംഭവമറിഞ്ഞ് കണ്‍ട്രോള്‍ റൂം പോലീസ് സ്ഥലത്തെത്തി ഇവരെ വെസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇതേ സമയത്താണ് പെണ്‍കുട്ടിയും യുവാവും സ്‌റ്റേഷനില്‍ ഹാജരായത്. സ്‌റ്റേഷനിലെത്തിയ യുവതിയുടെ ബന്ധുവായ വനിതാ പോലീസ് ഓഫീസര്‍ എല്ലാവരും കാണ്‍കെ യുവാവിന്റെ കരണത്തടിക്കുകയായിരുന്നു.

അതേസമയം വനിതാ പോലീസുകാരിയുടെ നടപടിക്കെതിരേ പോലീസില്‍ തന്നെ ചേരിതിരിവ് ഉണ്ടായിട്ടുണ്ട്. സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, സ്‌റ്റേഷനിനുള്ളില്‍ സംഭവം ഒന്നും നടന്നിട്ടില്ലെങ്കിലും പുറത്തെന്തെങ്കിലും നടന്നോയെന്ന് അറിയില്ലെന്നുമാണ് പോലീസിന്റെ ഔദ്യോഗിക ഭാഷ്യം. പരാതി നല്‍കിയില്ലെങ്കിലും പോലീസിന്റെ മുന്നില്‍ വച്ച് ഒരാളെ തല്ലിയതിന് കേസെടുക്കാമെന്നാണ് ഒരു വിഭാഗം പോലീസുകാര്‍ പറയുന്നത്.

Related posts