ലാസ്റ്റ് കളി വരെ ഈ കോണ്‍ഫിഡന്‍സ് വേണം ബ്രോ, ചൊറിയാന്‍ വന്ന ആരാധകന് കിടിലന്‍ മറുപടി നല്കി വിനീത്, ബ്ലാസ്റ്റേഴ്‌സിന്റെ ജയത്തിനുശേഷം നടന്ന നാടകീയ കാര്യങ്ങള്‍ ഇതൊക്കെ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തില്‍ ആരാധകരെല്ലാം നിരാശരായിരുന്നു. കളിയെ സ്‌നേഹിക്കുന്ന യഥാര്‍ഥ കാല്‍പന്ത് പ്രേമികള്‍ പക്ഷേ ടീമിനൊപ്പം നിന്നു. ഗോവയ്‌ക്കെതിരായ മത്സരത്തിനുശേഷം സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ആക്രമണം ഏറ്റുവാങ്ങേണ്ടി വന്നത് സി.കെ. വിനീതായിരുന്നു. പലരും രൂക്ഷവിമര്‍ശനമാണ് വിനീതിനെതിരേ നടത്തിയത്. എല്ലാത്തിനും മൗനം പാലിച്ച വിനീത് ഒടുവില്‍ വിമര്‍ശകര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തി. അതും നോര്‍ത്ത് ഈസ്റ്റിനെതിരേ ഉജ്വാല ജയത്തിനുശേഷം

നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിനു മുമ്പ് സി.കെ വിനീത് ട്വിറ്ററില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അഡിഡാസിന്റെ പുതിയ ഷൂ കൈയിലേന്തിയുള്ള ഫോട്ടോയ്ക്കൊപ്പം താരം ഇങ്ങനെ കുറിച്ചു: ‘ഇന്ന് ഞങ്ങള്‍ ഫ്രഷ് ആയി തുടങ്ങുകയാണ്.’ നിരവധി പേര്‍ ഇത് ലൈക്കും റീട്വീറ്റും ചെയ്തു. എന്നാല്‍, ഇതേ ട്വീറ്റിനു കീഴില്‍ ഒരു ആരാധകന്‍ ഒരു മറുപടിയിട്ടു. ‘ലാസ്റ്റ് കളി വരെ ഇങ്ങനെ ട്വീറ്റണം ബ്രോ. ഭയങ്കര കോണ്‍ഫിഡന്‍സ് തന്നെ’ എന്ന്. പുച്ഛ ഭാവത്തിലുള്ള ട്വീറ്റിന് വിനീത് മറുപടി നല്‍കിയത് നോര്‍ത്ത് ഈസ്റ്റിനെതിരായ തകര്‍പ്പന്‍ ഗോളോടെയാണ്. കഴിഞ്ഞ ലോകകപ്പില്‍ റോബിന്‍ വാന്‍പേഴ്സി സ്പെയിനിനെതിരെ നേടിയ ഗോളിനെ അനുസ്മരിപ്പിച്ച വിനീതിന്റെ ഗോളോടെ ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരം കഴിഞ്ഞതിനു പിന്നാലെ പുച്ഛം വാരി വിതറിയ ആരാധകന് സി.കെ വിനീത് തകര്‍പ്പന്‍ മറുപടി തന്നെ നല്‍കി. ‘കോണ്‍ഫിഡന്‍സ് അല്ല ബ്രോ, അഹങ്കാരം. നിന്നെ പോലെ അല്ലാത്ത ലക്ഷങ്ങള്‍ കൂടെ ഉണ്ടെന്നുള്ള അഹങ്കാരം…’ സംഭവം എന്തായാലും വിനീതിന്റെ മറുപടി ആരാധകരും സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. കളിയാക്കലിന് മറുപടി കളത്തില്‍ കൊടുത്ത വിനീതാശാന് കട്ടപിന്തുണയുമായി ആരാധകരും രംഗത്തുണ്ട്.

Related posts