എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

alp-ratആലപ്പുഴ: എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ. എലിപ്പനി ലെപ്‌ടോസ്‌പൈറ എന്ന ബാക്ടീരിയ മൂലമാണുണ്ടാ കുന്നത. എലി, കന്നുകാലികള്‍, അണ്ണാന്‍, മരപ്പട്ടി, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങള്‍ ഇതിന്റെ രോഗാണുവാഹകരാണ്. ഈ ജീവികളുടെ മൂത്രം കലര്‍ന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെ രോഗാണു കൈകാലുകളിലെ മുറിവുകളിലൂടെയും നേര്‍ത്ത സ്തരങ്ങളി ലൂടെയും മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതുകൊണ്ടാണ് എലിപ്പനി ഉണ്ടാകുന്നത്. പനി, പേശിവേദന, തലവേദന, കണ്ണിനുചുവപ്പ്, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

മലിനമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും നടന്നു കഴിഞ്ഞാല്‍ കാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. എലികളുടെയും മറ്റ് ജീവികളുടെയും മൂത്രമോ മലിനമാക്കപ്പെട്ട മണ്ണോ മുറിവുള്ള ഭാഗങ്ങളില്‍ തട്ടാതെ സൂക്ഷിക്കുക. മലിനമായ ജലത്തില്‍ കുളിക്കുകയോ കൈകാലുകളോ മുഖമോ കഴുകുകയോ ചെയ്യരുത്. എലിയെ നിയന്ത്രിക്കുക.

പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ഓടകളും കനാലുകളും കുളങ്ങളും മറ്റും വൃത്തിയാക്കാനിറങ്ങുന്നവര്‍, കുളങ്ങളിലും ചാലുകളിലും മീന്‍ പിടിക്കുന്നവര്‍ തുടങ്ങിയവര്‍ കട്ടിയുള്ള കൈകാല്‍ ഉറകള്‍ ഉപയോഗിക്കുക. സ്ഥിരമായി മേല്‍പറഞ്ഞ ജോലികള്‍ ചെയ്യുന്നവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ എന്ന പ്രതിരോധമരുന്ന് ഭക്ഷണത്തിനു ശേഷം കഴിക്കുക. എലിപ്പനിക്കുള്ള ചികിത്സയും പ്രതിരോധ മരുന്നും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണെന്നും പനിക്ക് സ്വയംചികിത്സ നടത്താതെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്താന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related posts