നിയമസഭാ തെരഞ്ഞെടുപ്പ്: സുരക്ഷയ്ക്കായി 110 കമ്പനി കേന്ദ്രസേന

TVM-SENAഎം.സുരേഷ്ബാബു
തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേന എത്തുന്നു. മേയ് ഒന്നു മുതല്‍ സംസ്ഥാനത്ത് കേന്ദ്രസേന എത്തിത്തുടങ്ങും. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഇത്തവണ 110 കമ്പനി കേന്ദ്രസേനയാണ് എത്തുന്നത് സംസ്ഥാനത്തെ 37,000-ല്‍ പരം ബൂത്തുകളിലെ സുരക്ഷ നിര്‍വഹിക്കുന്നതിന് സംസ്ഥാന പോലീസിനെ സഹായിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുമാണ് കേന്ദ്രസേനയെ നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 3,000 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. പുതിയ കണക്കുകള്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കണക്കാക്കി വരികയാണ്.  കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതല്‍ കമ്പനി കേന്ദ്രസേനയെ നിയോഗിക്കുക. ഇവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത് എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കമ്പനി കേന്ദ്രസേനയെ നിയോഗിക്കുന്നത്.

എല്ലാ ജില്ലകളിലെയും പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുടെ സാന്നിധ്യമുണ്ടാകും. കേരള പോലീസിന്റെ എസ്എപി, എആര്‍പി, എംഎസ്പി, തണ്ടര്‍ബോള്‍ട്ട്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ലോക്കല്‍ പോലീസും തെരഞ്ഞെടുപ്പ് സുരക്ഷക്കുണ്ടാകും. തിരുവനന്തപുരം ജില്ലയില്‍ 10 കമ്പനി കേന്ദ്രസേനയെയാണ് നിയോഗിക്കുന്നത്. അഞ്ച് കമ്പനിയെ തിരുവനന്തപുരം സിറ്റിയിലും 5 കമ്പനിയെ തിരുവനന്തപുരം റൂറലിലുമായി നിയോഗിക്കും. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം കേന്ദ്ര ആഭ്യന്തരവകുപ്പ് കേന്ദ്രസേനയെ കേരളത്തിലേക്ക് അയക്കുന്നത്. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുന്നത്.

Related posts