കോയന്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഇഡ്ഡലി പുറത്തിറക്കി തമിഴ്നാട് ബിജെപി നേതാവ്. പാർട്ടി പ്രചാരവേലകളുടെ ചുമതലയുള്ള സെല്ലിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷാണു മോദി ഇഡ്ഡലികൾ പുറത്തിറക്കുന്നത്.
നാല് ഇഡ്ഡലികൾ അടങ്ങിയ ഒരു സെറ്റ് മോദി ഇഡ്ഡലിക്കു പത്തു രൂപയാണു വില. സേലത്താണ് ആദ്യ ഘട്ടത്തിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് മോദിയുടെയും മഹേഷിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ കൂറ്റൻ ഫ്ളക്സ്ബോർഡുകൾ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചുകഴിഞ്ഞു.
താമരവീരൻ മഹേഷ് പുറത്തിറക്കുന്ന മോദി ഇഡ്ഡലി, സാന്പാർ ഉൾപ്പെടെ നാലെണ്ണത്തിനു പത്തുരൂപ എന്നാണു ബോർഡുകളിൽ പറയുന്നത്. തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സ്വദേശമാണു സേലം. പ്രതിദിനം 40,000 ഇഡ്ഡലികൾ വിൽക്കാൻ മഹേഷ് പദ്ധതിയിടുന്നു.
തമിഴ്നാട്ടിലെ മറ്റ് 22 ഇടങ്ങളിൽകൂടി ഇത്തരത്തിൽ ഇഡ്ഡലി വിൽപ്പന ആരംഭിക്കാൻ പദ്ധതിയുണ്ടെന്നു ബിജെപി തമിഴ്നാട് സെക്രട്ടറി ഭരത് ആർ. ബാലസുബ്രഹ്മണ്യം പറഞ്ഞു. ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണു പാർട്ടിയുടെ പദ്ധതി.
മോദി ഇഡ്ഡലി, നാലെണ്ണം പത്തുരൂപ, വില്പന തുടങ്ങി! വോട്ട്പിടിക്കാൻ തമിഴ്നാട് ബിജെപിയുടെ പുതിയ തന്ത്രം; പ്രതിദിനം 40,000 ഇഡ്ഡലികൾ വിൽക്കാൻ പദ്ധതിയിടുന്നു
