ന്യൂഡല്‍ഹി: ഭക്ഷ്യ വിലക്കയറ്റം മൊത്ത വില സൂചികയെയും ബാധിച്ചു. മൊത്തവില സൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പം 23 മാസത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തി. ജൂലൈയിലെ പണപ്പെരുപ്പം 3.55 ശതമാനമായി വര്‍ധിച്ചു. 2014 ഓഗസ്റ്റിലെ 3.74 ശതമാനം കഴിഞ്ഞാലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ജൂലൈയിലെ ഭക്ഷ്യ വിലക്കയറ്റം 11.82 ശതമാനമായി കുതിച്ചു കയറി, ഉള്ളി ഒഴികെ എല്ലാറ്റിനും വില കുത്തനേ കൂടി. ഉരുളക്കിഴങ്ങിന് 59 ശതമാനം, പയറുവര്‍ഗങ്ങള്‍ക്ക് 36 ശതമാനം, പച്ചക്കറിക്ക് 28 ശതമാനം, പഞ്ചസാരയ്ക്കു 32 ശതമാനം എന്ന തോതിലായിരുന്നു കയറ്റം.
2014 നവംബര്‍ മുതല്‍ 2016 മാര്‍ച്ച് വരെ മൊത്തവില സൂചിക താഴോട്ടുപോയിരുന്നതാണ്. തുടര്‍ന്നു കയറ്റം തുടങ്ങിയ സൂചിക അതിവേഗമാണ് അപകടമേഖലയില്‍ എത്തിയത്. മൊത്തവില കയറുന്നതു തുടര്‍ ആഴ്ചകളില്‍ ചില്ലറവില കുതിക്കാന്‍ ഇടയാക്കും. ഇപ്പോള്‍ത്തന്നെ ചില്ലറ വില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ആറു ശതമാനത്തിനു മുകളിലാണ്. പരമാവധി ആറു ശതമാനം ചില്ലറ വിലക്കയറ്റമാണ് ഗവണ്മെന്റും റിസര്‍വ് ബാങ്കും ചേര്‍ന്ന് അംഗീകരിച്ച പണനയ മാനദണ്ഡത്തില്‍ അനുവദിച്ചിട്ടുള്ളത്.