Set us Home Page

ധര്‍മടത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരേ ബോംബേറ്

KNR-BOMBതലശേരി: ധര്‍മടത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരേ ബോംബേറ്. കോണ്‍ഗ്രസ് ധര്‍മടം ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുന്‍ പഞ്ചാത്തംഗവുമായ ചിറക്കുനി പാലയാട് സൗരാഗം വീട്ടില്‍ പി.ടി. സനല്‍കുമാറിന്റെ വീടിനുനേരേയാണ് ഇന്നു പുലര്‍ച്ചെ 1.50ഓടെ ബോംബേറുണ്ടായത്.വീടിന്റെ മുറ്റത്ത് വീണ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് മുക്കാല്‍മീറ്റര്‍ ആഴത്തില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. സനല്‍കുമാറും ഭാര്യയും മകനും വീടിന്റെ മുകള്‍നിലയിലാണ് കിടന്നിരുന്നത്. സ്‌ഫോടനശബ്ദംകേട്ട് പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വീടിന്റെ മുന്‍വശത്ത് കാമറ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ദൂരെനിന്നാണ് ബോംബെറിഞ്ഞിട്ടുള്ളതെന്നാണ് പോലീസ് നിഗമനം.

2006ല്‍ സനലിന്റെ വീടിനുനേരേ ബോംബെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. 2007ല്‍ സനലിനുനേരേ വധശ്രമം നടന്നിരുന്നു. ദേഹമാസകലം വെട്ടേറ്റ സനല്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പത്ത് വര്‍ഷകാലം ധര്‍മടം ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സനല്‍കുമാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ അപകടത്തിലാണെന്ന് കാണിച്ച് സനല്‍കുമാര്‍ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ എതിരാളികളാണ് തന്റെ വീടിനുനേരേ അക്രമം നടത്തിയതെന്ന് സനല്‍കുമാര്‍ പറഞ്ഞു.

ധര്‍മടം എസ്‌ഐ ടി.എന്‍. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ മമ്പറം ദിവാകരന്‍, കണ്ടോത്ത് ഗോപി, വി.എ. നാരായണന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മമ്പറം ദിവാകരന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രിക്രിയയില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഭീതിപ്പെടുത്തി അകറ്റിനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണ് സനലിന്റെ വീടിനുനേരേ നടന്ന ബോംബാക്രമണമെന്ന് മമ്പറം ദിവാകരന്‍ ആരോപിച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS