ആലുവ: നിയമസഭ തെരഞ്ഞെടുപ്പിലെ ആലുവയിലെ മത്സര ചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം പൂര്‍ത്തിയായപ്പോള്‍ ഇക്കുറി അങ്കത്തിന് പതിനൊന്നുപേര്‍. മറ്റു മണ്ഡലങ്ങളിലേതു പോലെ ആലുവയില്‍ അപരന്മാരില്ലെന്ന ആശ്വാസവും. മുന്നണികളും പാര്‍ട്ടികളും പ്രചരണം ശക്തമാക്കിയപ്പോള്‍ ചിഹ്നം അനുവദിച്ചു കിട്ടിയതോടെ സ്വതന്ത്രരും പോരാട്ടത്തില്‍ സജീവമായി.
മുന്നണി സ്ഥാനാര്‍ഥികളുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ രണ്ടുവട്ടം ഇതിനകം പിന്നിട്ട് കഴിഞ്ഞു. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാന്‍ എല്ലാ സ്ഥാനാര്‍ഥികളും ശ്രമിച്ചിരുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളില്‍ പലരും മണ്ഡലത്തിലെ പലഭാഗങ്ങളിലും പ്രചാരണത്തിനെത്തുകയും ചെയ്തിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വേണ്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഞ്ചാം തീയതി ആലുവയിലെത്തുന്നതോടെ പോരാട്ടം കൊഴുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, പിണറായി വിജയന് എന്നിവര്‍ ഒരുവട്ടം മണ്ഡലത്തില്‍ വന്നുപോയതാണ്.
ഇടതു മുന്നണി സ്ഥാനാര്‍ഥി അഡ്വ.വി. സലിമിന്റെ വാഹന പര്യടനത്തിന് ഞായറാഴ്ച തുടക്കം കുറിച്ചിരുന്നു. എടത്തല, നെടുമ്പാശേരി പഞ്ചായത്തുകളിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ചൂര്‍ണിക്കരയിലാണ്. ബാലസംഘം പ്രവര്‍ത്തകരെ അണി നിരത്തിക്കൊണ്ടുള്ള കുട്ടികളുടെ റോഡ് ഷോ ഇന്ന് നഗരത്തില്‍ നടത്തുന്നുണ്ട്. ബൂത്തുതലത്തിലുള്ള മൂന്നാംഘട്ട സ്ക്വാഡ് പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന്റെ വാഹന പ്രചരണ പരിപാടി നാളെ ശ്രീമൂല നഗരത്ത് നിന്ന് ആരംഭിക്കും. ആരാധനാലയങ്ങള്‍, തൊഴില്‍ ശാലകള്‍, ഭവന സന്ദര്‍ശനങ്ങള്‍ ഏതാണ് പൂര്‍ത്തിയായി. യുഡിഎഫിന്റെ യുവജന വിദ്യാര്‍ഥി വിഭാഗങ്ങളും അന്‍വര്‍ സാദത്തിന്റെ വിജയത്തിനായി രംഗത്തുണ്ട്. എട്ടാം തീയതി ഏ.കെ. ആന്റണി അന്‍വര്‍ സാദത്തിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ആലുവയില്‍ എത്തുന്നുണ്ട്. പ്രസ്താവനകളും ലഘുലേഖകളുമടക്കം വീടുകളില്‍ ഇതിനകം പ്രവര്‍ത്തകര്‍ എത്തിച്ചുകഴിഞ്ഞു.
എസ്ഡിപിഐയുടെ അജ്മല്‍ ഇസ്മായില്‍, പിഡിപിയുടെ നാസര്‍ കൊടികുത്തുമല, എസ് യുസിഐ (സി)യുടെ ബ്രഹ്മകുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പി.ഐ. സമദ് എന്നിവര്‍ പാര്‍ട്ടികളെ പ്രതിനീധികരിച്ച് മത്സരരംഗത്ത് സജീവമായിട്ടുണ്ട്. ഇവരില്‍ നാസറിന് ഓട്ടോറിക്ഷയും ബ്രഹ്മകുമാറിന് ടോര്‍ച്ചും ചിഹ്നമായി ഇന്നലെയാണ് ലഭിച്ചത്. സ്വതന്ത്രരില്‍ പ്രമുഖന് ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലിയാണ്.
ജനസേവ കോണ്‍ഗ്രസിന്റെ പേരില്‍ മത്സരിക്കുന്ന മാവേലിയുടെ ചിഹ്നം കത്തുന്ന മെഴുകുതിരിയാണ്. ജനസേവ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഇന്നലെ പ്രശസ്ത സിനിമാതാരം ഷീലയാണ് ആലുവയില്‍ ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയുടെ രക്ഷാധികാരി കൂടിയാണ് ഷീല. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് രാജിവച്ച് കുടമടയാളത്തിലാണ് മത്സരിക്കുന്നത്. സി.എ ഷംസുദ്ദീന്, റെജിമോന് എന്നീ സ്വതന്ത്രരും മത്സരരംഗത്തുണ്ട്. അപരശല്യം ഇല്ലയെന്നതാണ് ഇക്കുറി മുന്നണി സ്ഥാനാര്‍ഥികള്‍ക്കുള്ള ഏക ആശ്വാസം.