അഞ്ചല്‍: സ്കൂളിനു മുന്നില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ടുവിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മൈലോട് ടിഇഎം വിഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി കാറ്റാടി വേങ്ങവിള വീട്ടില്‍ എസ് സുനീഷ്(12), ഓട്ടുമല സുമാഭവനില്‍ ഷാനു(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സുനീഷിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും ഷാനുവിനെ പൂയപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സൈക്കിളില്‍ സ്കൂളിലേക്ക് വരികയായിരുന്ന സുനീഷിനേയും കാല്‍നടയായി വന്ന ഷാനുവിനേയും മൈലോട് ഭാഗത്തുനിന്നും പൊരിയക്കോട്ടേയ്ക്ക് പോയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സൈക്കിളില്‍ നിന്നും തെറിച്ചുപോയ സുനീഷ് കാറിന് മുകളിലേക്ക് തലയിടിച്ച് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നാണ് നിയന്ത്രണം വിട്ട് സമീപത്തുകൂടി കാല്‍നടയായെത്തിയ ഷാനുവിനേയും ഇടിച്ചിട്ടത്.
അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരേയും ആശുപത്രികളിലെത്തിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന മീയന കണമ്പൂര്‍ പാറയില്‍ വീട്ടില്‍ മാഹിന്‍(19), യാത്രക്കാരനായ പുല്ലേറില്‍ വീട്ടില്‍ നൗഫല്‍(20) എന്നിവര്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇരുരേയും പിടികൂടി പൂയപ്പള്ളി പോലീസിന് കൈമാറി. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചശേഷം അപകടത്തില്‍പെട്ട കാര്‍ പിന്നീട് സ്‌റ്റേഷനിലേക്ക് മാറ്റി.