ആഗ്രഹിക്കാം, ആസ്പയറിനെ

Autoഅജിത് ടോം

ആസ്പയര്‍– ആഗ്രഹിക്കുക എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഇതുതന്നെയാവാം ഫോര്‍ഡ് തങ്ങളുടെ സെഡാന്‍ മോഡലിന് ആ പേരു നല്കിയതിലൂടെ ഉദ്ദേശിച്ചതും. ആരും സ്വന്തമാക്കാന്‍ ആഗ്രഹിച്ചുപോകുന്ന വശ്യസൗന്ദര്യം. അതാണ് ആസ്പയര്‍. സമാനതകളില്ലാത്ത ഡിസൈനിംഗ്, സ്‌റ്റൈലിഷ് ആകുന്നതിലെ മികവ്, സാങ്കേതിക തികവ് ഈ മൂന്ന് ഗുണങ്ങളാണ് ഫോര്‍ഡ് എന്ന അമേരിക്കന്‍ വാഹനനിര്‍മാതാക്കകള്‍ക്ക് ഇന്ത്യയില്‍ ശക്തമായ വേരോട്ടമുണ്ടാക്കാന്‍ കാരണം. ഒരേ സെഗ്മെന്റിലുള്ള കാറുകള്‍ ഇറങ്ങുമ്പോള്‍ മറ്റു കാറുകളുമായി എന്തെങ്കിലും സാമ്യമുണ്ടാവുക സാധാരണമാണ്. എന്നാല്‍, ഈ പതിവ് ഫോര്‍ഡ് സ്വീകരിച്ചിട്ടില്ല. വിരലില്‍ എണ്ണാവുന്ന മോഡലുകളേ ഫോര്‍ഡ് ഇന്ത്യന്‍ നിരത്തില്‍ ഇറക്കിയിട്ടുള്ളൂ. പക്ഷേ, ഇറങ്ങിയ മോഡലുകളത്രയും നൂറുമേനി വിജയമാണ് സ്വന്തമാക്കിയത്.

സാധാരണ ഒരേ ശ്രേണിയിലുള്ള കാറുകള്‍പോലെ നിലവിലുള്ള ഹാച്ച്ബാക്കിനെ സെഡാന്‍ ആക്കുന്നതിനു പകരം പുതിയ രൂപത്തിലാണ് ആസ്പയര്‍ നിരത്തിലെത്തിയത്. സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേസ്, ടാറ്റ സെസ്റ്റ് എന്നീ മോഡലുകള്‍ക്ക് കനത്ത വെല്ലുവിളി സമ്മാനിച്ചാണ് ആസ്പയറിന്റെ വരവ്.

രൂപം: ഗ്രില്ലിന്റെ രൂപകല്പനയില്‍ തന്നെ വിദേശ ഛായയാണ് ആസ്പയറിനുള്ളത്. ക്രോമില്‍ തീര്‍ത്ത സ്ട്രിപ്പുകളുള്ള വലിയ ഗ്രില്ലുകളും ലോഗോയുടെ സ്ഥാനം ഗ്രില്ലില്‍നിന്നു മാറി ബോണറ്റില്‍ നല്കിയിരിക്കുന്നതുമാണ് ആസ്പയറിന്റെ മുഖം ആകര്‍ഷകമാക്കുന്നത്. ബമ്പറിലും ബോഡിയിലുമായി സ്ഥാനമുറപ്പിച്ചിരിക്കുന്ന വലിയ ഹെഡ്‌ലാമ്പുകള്‍ ആസ്പയറിന്റെ അഴകിന് മുതല്‍ക്കൂട്ടാണ്. ബമ്പറില്‍ താഴെയായി വളരെ സുരക്ഷിതമായാണ് ഫോഗ് ലാമ്പുകളുടെ സ്ഥാനം. ഇങ്ങനെ ഏതൊരു കാറിനെയും ആകര്‍ഷകമാക്കുന്ന എല്ലാ സവിശേഷതകളും സമന്വയിപ്പിച്ച വാഹനമാണ് ആസ്പയര്‍.

മള്‍ട്ടികളര്‍ ഫിനീഷിംഗ് നല്കിയിട്ടുള്ള റിയര്‍ വ്യൂ മിറര്‍, ബോഡി ടോണ്‍ ഡോര്‍ ഹാന്‍ഡില്‍, ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലര്‍ എന്നിവയ്ക്കു പുറമെ ക്രോം ഫിനീഷിംഗില്‍ തീര്‍ത്ത ബോഡി സൈഡ് പ്രൊട്ടക്ഷന്‍ മോള്‍ഡിംഗും വശങ്ങള്‍ക്ക് പ്രത്യേക ഭംഗി നല്കുന്നുണ്ട്.

വലുപ്പം: നാലു മീറ്റര്‍ സെഡാന്‍ കാറ്റഗറിയിലെ ഏറ്റവും ഉയര്‍ന്ന 3,995 എംഎം നീളവും 1,695 എംഎം വീതിയും 1,525 എംഎം ഉയരവും, ഒപ്പം 14 ഇഞ്ച് അലോയ് വീലില്‍ 174 എംഎം എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലീയറന്‍സും.

ഉള്‍വശം: ആഡംബര ഭാവമാണ് ഉള്‍ഭാഗത്തെ മുഖ്യ ആകര്‍ഷണം. മള്‍ട്ടി ടോണ്‍ ഡാഷ്‌ബോര്‍ഡും ഫാബ്രിക് സീറ്റുകളും, ഫാബ്രിക് ഫിനീഷിംഗ് ഡോര്‍ പാനലും ചേര്‍ന്നാണ് ഇന്റീരിയറിന് ആഡംബര പ്രൗഢി സമ്മാനിച്ചിരിക്കുന്നത്. ഉള്‍വശത്തെ റിയര്‍വ്യു മിററില്‍ ജിപിഎസ്, റിവേഴ്‌സ് കാമറ സ്ക്രീനും നല്കിയിരിക്കുന്നു.

സെന്റര്‍ കണ്‍സോള്‍: ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവി മോഡലായ ഇക്കോ സ്‌പോര്‍ട്ടിന്റേതിനു സമാനമായ സെന്റര്‍ കണ്‍സോളാണ് ആസ്പയറിലുമുള്ളത്. ഫോര്‍ഡിന്റെ തന്നെ മൈ ഫോര്‍ഡ് സ്റ്റീരിയോ സിസ്റ്റമാണ് സെന്റര്‍ കണ്‍സോളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകം. റേഡിയോ, സിഡി, ഓക്‌സിലറി, യുഎസ്ബി തുടങ്ങിയ ഡിവൈസുകളുടെ സഹായത്തോടെയും സിങ്ക്, ആപ്പ് ലിങ്ക് സംവിധാനങ്ങളുമാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നല്കിയിരിക്കുന്നത്.

ക്ലൈമറ്റ് കണ്‍ട്രോള്‍: ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റിലും ഇക്കോസ്‌പോര്‍ട്ടിനോട് സമാനത പുലര്‍ത്തുന്നുണ്ട്. എന്നാല്‍, ചില മോഡലുകളില്‍ സെമി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളാണുള്ളത്.

ഫോണ്‍, മ്യൂസിക് സിസ്റ്റം എന്നിവ നിയന്ത്രിക്കാനുള്ള സൗകര്യം മാത്രം നല്കി വളരെ ലളിതമായി രൂപകല്പന ചെയ്ത സ്റ്റീയറിംഗ് വീലാണ് ആസ്പയറിന്റേത്.

മീറ്റര്‍ കണ്‍സോള്‍: സ്പീഡ്, ആര്‍പിഎം, ഫ്യൂവല്‍ എന്നിങ്ങനെ മൂന്ന് അനലോഗ് മീറ്ററും സ്പീഡ് മീറ്ററിന് താഴെയായി വളരെ ചെറിയ ഒരു ഡിജിറ്റല്‍ മീറ്ററും നല്കിയാണ് മീറ്റര്‍ കണ്‍സോള്‍ മനോഹരമാക്കിയിരിക്കുന്നത്.

സ്‌പേസ്: സാധാരണ സെഡാന്‍ മോഡലുകളെക്കാള്‍ വിശാലമായ പിന്‍സീറ്റുകളാണ് ആസ്പയറില്‍ ഉള്ളത്. മൂന്നു പേര്‍ക്ക് വിശാലമായി ഇരിക്കാവുന്ന പിന്‍സീറ്റും ഇതിനു യോജിക്കുന്ന ലെഗ് സ്‌പേസും നല്കിയിരിക്കുന്നതിനൊപ്പം 359 ലിറ്റര്‍ എന്ന ഉയര്‍ന്ന ബൂട്ട് സ്‌പേസും ആസ്പയറിന്റെ അംഗീകാരം വര്‍ധിപ്പിക്കുന്നു.

എന്‍ജിന്‍: പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മാന്വല്‍ ഗിയര്‍ ബോക്‌സ് നല്കിയിട്ടുണ്ടെങ്കിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പെട്രോള്‍ എന്‍ജിനില്‍ മാത്രമേ നല്കുന്നുള്ളൂ. 1.2 ലിറ്റര്‍ ടിഐ–വിസിടി പെട്രോള്‍ എന്‍ജിന്‍ 1196 സിസിയില്‍ 112 എന്‍എം ടോര്‍ക്ക് 88 പിഎസ് പവറും, 1498 സിസി 1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എന്‍ജിന്‍ 215 എന്‍എം ടോര്‍ക്ക് 100 പിഎസ് പവറും ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1499 സിസിയില്‍ 1.5 ലിറ്റര്‍ ടിഐ–വിസിടി പെട്രോള്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് മോഡല്‍ 145 എന്‍എം ടോര്‍ക്കില്‍ 112 പിഎസ് പവറും പ്രൊഡ്യൂസ് ചെയ്യുന്നു.

സുരക്ഷ: സുരക്ഷാ സംവിധാനം ശക്തമാണ്. എബിഎസ്, ഇബിഡി എന്നിവയ്ക്കു പുറമെ മുന്‍വശത്ത് രണ്ട് എയര്‍ബാഗ്, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, ഓട്ടോമാറ്റിക് ലോക്ക്, കീ ലെസ് എന്‍ട്രി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ആസ്പയറിന്റെ പുതുമയാണ്.

മൈലേജ്: ഡീസല്‍ മോഡലുകള്‍ക്ക് 22.4 കിലോമീറ്ററും പെട്രോള്‍ മോഡലുകള്‍ക്ക് 14.68 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

വില: ഡീസലിന് 7.38 ലക്ഷം രൂപ മുതല്‍ 9.10 ലക്ഷം രൂപ വരെ. പെട്രോളിന് 6.13 ലക്ഷം രൂപ മുതല്‍ 7.86 ലക്ഷം രൂപ വരെ. (കോട്ടയത്തെ ഓണ്‍ റോഡ് വില.)

ടെസ്റ്റ് െ്രെഡവ്: കൈരളി ഫോര്‍ഡ് കോട്ടയം. ഫോണ്‍: 7034030729

Related posts