കേളകം: ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുമ്പോള്‍ ജനം ഭീതിയിലാണ് കഴിയുന്നത്. കാട്ടാനകളെ എങ്ങിനെ പ്രതിരോധിക്കണം എന്ന കാര്യത്തില്‍ വനപാലകര്‍ക്കും വ്യക്തമായ ധാരണയില്ല. കേളകം പഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളായ വളയംചാല്‍, തുള്ളല്‍, പൂക്കുണ്ട്, നരിക്കടവ്, മുട്ടുമാറ്റി, അടക്കാത്തോട്, കരിയംകാപ്പ്, രാമച്ചി, ശാന്തിഗിരി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.
വൈകുന്നേരം ആറോടെയാണ് കാട്ടാനക്കൂട്ടം കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. ആദ്യകാലങ്ങളില്‍ പടക്കം പൊട്ടിച്ചും പാട്ട കൊട്ടി ഭയപ്പെടുത്തിയും ഇവയെ തുരത്തിയിരുന്നു. എന്നാലിപ്പോള്‍ ഇത്തരം സംവിധാനങ്ങളൊന്നും ഫലിക്കുന്നില്ല. തുടര്‍ച്ചയായി കണ്ടു പരിചയിച്ചതു കാരണം കാട്ടാനകള്‍ക്കും പടക്കം പൊട്ടിക്കല്‍ ശീലമായി മാറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴും ശബ്ദമുണ്ടാക്കി തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാനകള്‍ പ്രകോപിതരായി അക്രമാസക്തരാകുകയും ചെയ്യുന്നുണ്ട്്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ കാട്ടാന ആക്രമിക്കാനെത്തി പിന്‍തിരിഞ്ഞ് ഓടി 15 ഓളം പേര്‍ക്ക് പരിക്കുപറ്റിയിരുന്നു.
വിവിധ ഭാഗങ്ങളില്‍ ഒരേ സമയങ്ങളില്‍ കാട്ടാന കൂട്ടങ്ങളെത്തുന്നതിനാല്‍ വനപാലകര്‍ക്ക് എല്ലാ സ്ഥലങ്ങളിലും എത്തിപ്പെടാനും കഴിയുന്നില്ല. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതു കൂടാതെ റബര്‍, തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളുടെ തൊലിയും പൊളിച്ചു തിന്നുന്നു. ഇതു കാരണം മരങ്ങള്‍ ക്രമേണ ഉണങ്ങുകയാണ്. വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ ഇവിടെ വിന്യസിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടി ഉണ്ടാകുന്നില്ല.