ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: ഓഹരിസൂചിക രണ്ടാം വാരവും മികവില്‍. ആര്‍ബിഐ പലിശനിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ വിപണിയിലേക്കടുത്തത് സെന്‍സെക്‌സിനും നിഫ്റ്റിക്കും നേട്ടമായി. ജാപ്പനീസ് കേന്ദ്രബാങ്കും യുഎസ് ഫെഡ് റിസര്‍വും അടുത്ത ദിവസങ്ങളില്‍ പുതിയ വായ്പാനയം പ്രഖ്യാപിക്കും. സാമ്പത്തികരംഗത്തെ പുതിയ ചലനങ്ങളെ നിരീക്ഷിക്കുകയാണ് വിദേശഫണ്ടുകള്‍.
രാജ്യം കടുത്ത വരള്‍ച്ചയില്‍ അകപ്പെട്ടതിനാല്‍ നാണയപ്പെരുപ്പം കുതിക്കാനിടയുണ്ട്. ഇതിനു തടയിടാന്‍ ആര്‍ബിഐ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ നടത്താം. മണ്‍സൂണ്‍ പതിവുസമയത്തുതന്നെ രംഗപ്രവേശനം നടത്തുമെന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ക്കിടയിലും ജൂണ്‍ ആദ്യപകുതിയിലും രാജ്യത്തെ വരള്‍ച്ചാ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റത്തിനിടയില്ല.
വിദേശഫണ്ടുകള്‍ നിക്ഷേപകരാണ്. ഏപ്രിലില്‍ ഓഹരി വിപണിയില്‍ അവര്‍ 6,734 കോടി രൂപയും കടപ്പത്രത്തില്‍ 6,236 രൂപയും നിക്ഷേപിച്ചു. മൊത്തം 12,970 കോടി രൂപയാണ് ഈ മാസം 22 വരെയുള്ള കണക്കുകള്‍. ബുള്ളിഷ് ട്രന്‍ഡില്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ വിശ്വാസം നിലനിര്‍ത്തുകയാണ്. പിന്നിട്ട വാരം അവര്‍ 1,894.37 കോടി രൂപയുടെ ഓഹരി വാങ്ങി. അതേസമയം, ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 716.23 കോടി രൂപയുടെ വില്പന നടത്തി.
ബോംബെ സെന്‍സെക്‌സ് 211 പോയിന്റും നിഫ്റ്റി 48 പോയിന്റും കഴിഞ്ഞ വാരം ഉയര്‍ന്നു. മഹാവീര ജയന്തി പ്രമാണിച്ച് ചൊവ്വാഴ്ച അവധിയായിരുന്നു. സെന്‍സെക്‌സും നിഫ്റ്റിയും അതിന്റെ 200 ദിവസങ്ങളിലെ ശരാശരിക്കു മുകളിലാണ്. സാഹചര്യങ്ങള്‍ അനുകൂലമെങ്കിലും ഈ വാരം ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ഏപ്രില്‍ സീരീസ് സെറ്റില്‍മെന്റാണ്.
നിഫ്റ്റി സൂചിക 7,849ല്‍നിന്ന് 7,975 വരെ കയറി. വാരാന്ത്യം സൂചിക 7,899ലാണ്. ഈ വാരം ആദ്യപ്രതിരോധം 7,966ലാണ്. ഇത് മറികടന്നാല്‍ വാരമധ്യം 8,033ലേക്കും സെറ്റില്‍മെന്റിനു ശേഷം 8,092ലേക്കും ഉയരാം. അതേസമയം ലോംഗ് കവറിംഗിന് ഓപ്പറേറ്റര്‍മാര്‍ മത്സരിച്ച് ഇറങ്ങിയാല്‍ 7,840ല്‍ ആദ്യ സപ്പോര്‍ട്ടുണ്ട്. ഇതു നഷ്ടപ്പെട്ടാല്‍ വിപണി 7,781-7,714 റേഞ്ചിലേക്ക് പരീക്ഷണം നടത്താം.
ബജറ്റ് ദിനങ്ങളെ അപേക്ഷിച്ച് സൂചിക 1,000 പോയിന്റ് മുന്നേറി. വീക്ക്‌ലി ചാര്‍ട്ടില്‍ കാന്റില്‍സ്റ്റിക് പാറ്റേണ്‍ സെല്‍ സിഗ്നലിലാണ്. സെറ്റില്‍മെന്റിനു മൂന്നു ദിവസം മാത്രം അവശേഷിക്കുന്നതിനാല്‍ ഒരു വിഭാഗം ഓപ്പറേറ്റര്‍മാര്‍ കവറിംഗിനു നീക്കം നടത്താം. മറ്റു സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ പാരാബോളിക് എസ്എആര്‍, എംഎസി ഡി, ആര്‍എസ്‌ഐ- 14 എന്നിവ ബുള്ളിഷാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ഓവര്‍ ബോട്ടും.
ബോംബെ സെന്‍സെക്‌സ് 26,000ലെ പ്രതിരോധം ഭേദിച്ച് 26,066 വരെ കയറി. മാര്‍ക്കറ്റ് ക്ലോസിംഗില്‍ 25,838ല്‍ നീങ്ങുന്ന സെന്‍സെക്‌സിന് ഈ വാരം 26,103-26,377ല്‍ തടസം നേരിടാം. ഇതു മറികടന്നാല്‍ സെന്‍സെക്‌സ് 26,688നെ ലക്ഷ്യമാക്കാം. തിരിച്ചടി നേരിട്ടാല്‍ 25,518-25,207ല്‍ താങ്ങ് പ്രതീക്ഷിക്കാം.മുന്‍നിരയിലെ പത്തു കമ്പനികളില്‍ അഞ്ച് എണ്ണത്തിന്റെ വിപണിമൂല്യത്തില്‍ 38,969 കോടി രൂപയുടെ ഇടിവ്. ടിസിഎസിന്റെ വിപണിമൂല്യത്തില്‍ 29,876.69 കോടി രൂപ കുറഞ്ഞു.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും നേട്ടത്തിലാണ്. യെന്നിന്റെ മൂല്യം ഡോളറിനു മുന്നില്‍ 110ലേക്കു നീങ്ങിയതിന്റെ ചുവടുപിടിച്ച് ജപ്പാനില്‍ നിക്കൈ സൂചിക പതിനൊന്ന് ആഴ്ചകളിലെ ഏറ്റവും മികച്ച നിലവാരം ദര്‍ശിച്ചു. ചൈനയില്‍ ഷാങ്ഹായ് സൂചികയും മുന്നേറി. എന്നാല്‍, ഹോങ്കോംഗില്‍ ഹാന്‍സെങ് സൂചിക തളര്‍ന്നു. യൂറോപ്യന്‍ ഇന്‍ഡക്‌സുകള്‍ പ്രതിവാരനഷ്ടത്തിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക വീണ്ടും 18,000 പോയിന്റിലേക്കുയര്‍ന്നു. എസ് ആന്‍ഡ് പി, നാസ്ഡാക് സൂചികയും തിളങ്ങി.
ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ ബാരലിന് 43.75 ഡോളറിലാണ്. ഫോറെക്‌സ് മാര്‍ക്കറ്റില്‍ യെന്നിനും യുറോയ്ക്കും മുന്നില്‍ ഡോളര്‍ കൈവരിച്ച നേട്ടം ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ തിളക്കത്തിനു മങ്ങലേല്‍പ്പിച്ചു. വിനിമയ വിപണിയിലെ ചലനങ്ങളെത്തുടര്‍ന്ന് അഞ്ച് ആഴ്ചകളിലെ ഉയര്‍ന്ന തലമായ 1,271 ഡോളറില്‍നിന്ന് സ്വര്‍ണം 1232 ഡോളറിലേക്കു താഴ്ന്നു. യുഎസ് ഫെഡ് റിസര്‍വ് നാളെയും ബുധനാഴ്ചയും വായ്പാ അവലോകനത്തിനായി ഒത്തുചേരും. പലിശ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങള്‍ക്കു കാതോര്‍ക്കുകയാണു നിക്ഷേപമേഖല.