ഇന്ത്യയുടെ കച്ചവട കമ്മിയില്‍ കുറവ്

bis--kachavadamന്യൂഡല്‍ഹി: ഇന്ത്യയുടെ കച്ചവട കമ്മി അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യമാസം പിന്നിട്ടപ്പോള്‍ കച്ചവട കമ്മി 480 കോടി ഡോളറായി കുറഞ്ഞു. രാജ്യവ്യാപകമായി ജ്വല്ലറി ഉടമകള്‍ നടത്തിയ സമരത്തിനൊപ്പം സ്വര്‍ണ ഇറക്കുമതി കുറഞ്ഞതാണ് കച്ചവട കമ്മി കുറയാന്‍ കാരണം.

കയറ്റുമതി തുടര്‍ച്ചയായ 17-ാം മാസവും ഇടിഞ്ഞു. കയറ്റുമതി ഏപ്രിലില്‍ 6.74 ശതമാനം ഇടിഞ്ഞ് 2,056 കോടി ഡോളറായി. ഇറക്കുമതി 23.1 ശതമാനം ഇടിഞ്ഞ് 2,540 കോടി ഡോളറുമായി. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറഞ്ഞതാണ് കമ്മി കുറയാന്‍ കാരണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

പ്രധാന രാജ്യങ്ങളിലെല്ലാംതന്നെ കയറ്റുമതി കാര്യമായി കുറഞ്ഞിട്ടുണ്ട്. സ്വര്‍ണ ഇറക്കുമതി 60.47 ശതമാനം ഇടിഞ്ഞ് 123 കോടി ഡോളറായി. ആഗോളതലത്തില്‍ വാങ്ങിക്കൂട്ടിയ ക്രൂഡ് ഓയിലിന്റെ മൂല്യം 566 കോടി ഡോളര്‍ വരും. തലേ വര്‍ഷം ഇതേ മാസത്തേതിലും 24 ശതമാനം കുറവാണിത്.

കയറ്റുമതിയില്‍ കനത്ത തകര്‍ച്ച നേരിടേണ്ടിവന്നെങ്കിലും കച്ചവട കമ്മിയില്‍ കുറവുണ്ടായത് വലിയ ആശ്വാസമാണെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. കയറ്റുമതി വര്‍ധിക്കണമെങ്കില്‍ ഉത്പന്നങ്ങളുടെ നിലവാരം ഉയര്‍ത്തേണ്ടിവരും. ഇരുമ്പയിര് കയറ്റുമതി നേട്ടത്തിലാണ്. പോയ മാസം 5452 കോടി ഡോളറിന്റെ ഉത്പന്നം കയറ്റിയയച്ചു. തലേ വര്‍ഷം ഇതേ മാസം 182 കോടി ഡോളറിന്റെ ഉത്പന്നമായിരുന്നു കയറ്റിയയച്ചത്. കല്‍ക്കരി, ഇരുമ്പ്, സ്റ്റീല്‍, വളം, യന്ത്രങ്ങള്‍ തുടങ്ങിയവയുടെയൊക്കെ കയറ്റുമതി കുറഞ്ഞതും കച്ചവട കമ്മി കുറയ്ക്കാനിടയാക്കി.

Related posts