ഇരിക്കൂറിലെ വീട്ടമ്മയുടെ വധം: അന്വേഷണസംഘം വെല്ലൂരില്‍

klm-CRIMEശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദിഖ്‌നഗറിലെ സബീനാ മന്‍സിലില്‍ കുഞ്ഞാമിന കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം വെല്ലൂരില്‍. മട്ടന്നൂര്‍ സിഐ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെല്ലൂരിലെത്തിയത്. പ്രതികള്‍ക്ക് ഇവിടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ അക്കൗണ്ടുള്ളതായി നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് പോലീസ് ഇവിടെയെത്തിയത്. രണ്ടുവര്‍ഷത്തിലേറെയായി അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്നാണ് വിവരമെങ്കിലും അക്കൗണ്ട് തുടങ്ങുന്നതിനായി ഇവരെ ബാങ്കിന് പരിചയപ്പെടുത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

കുഞ്ഞാമിന കൊലപ്പെട്ട് രണ്ടരമാസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പേരും സ്ഥലവും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രതികളുടെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇരിട്ടി ഡിവൈഎസ്പി സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Related posts