വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: വരള്‍ച്ച രൂക്ഷം, മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില കാര്‍ഷിക കേരളത്തിനു കടുത്ത ഭീഷണിയായി. റബര്‍ സ്റ്റോക്കിസ്റ്റുകള്‍ക്ക് ആവേശം പകര്‍ന്ന് ഷീറ്റ് വില ആഗോളതലത്തില്‍ ഉയര്‍ന്നു. റിക്കാര്‍ഡ് പുതുക്കും മുമ്പേ കുരുമുളകു വിപണി സാങ്കേതിക തിരുത്തലിലേക്കു വഴുതി. രാജ്യത്തെ വന്‍കിട കൊപ്രയാട്ട് വ്യവസായികളുടെ വരവ് നാളികേരോത്പന്നങ്ങള്‍ക്കു നേട്ടമായി. പവന്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം ദര്‍ശിച്ചു.
കുരുമുളക്
സര്‍വകാല റിക്കാര്‍ഡ് പുതുക്കാന്‍ കുരുമുളകു നടത്തിയ ശ്രമങ്ങള്‍ക്കിടെ പെട്ടെന്നു വിപണിയുടെ കാലിടറി. വാരത്തിന്റെ രണ്ടാം പകുതിയില്‍ സാങ്കേതിക തിരുത്തലിന്റെ പിടിയിലകപ്പെട്ട മുളക് വാരാന്ത്യം 71,100 രൂപയിലാണ്. ഒരു വേള 71,500 ഗാര്‍ബിള്‍ഡ് കുരുമുളക് വിപണനം നടന്നു. മാര്‍ക്കറ്റിലേക്കുള്ള ചരക്കുവരവ് നാമമാത്രമാണ്.
വരള്‍ച്ച രൂക്ഷമായതോടെ പല ഭാഗങ്ങളിലും കുരുമുളകു കൊടികള്‍ നിലനില്‍പ്പു ഭീഷണിയിലാണ്. പകല്‍ ചൂട് ഇതേ നില തുടര്‍ന്നാല്‍ കാലവര്‍ഷത്തിനു മുമ്പായിത്തന്നെ പലതോട്ടങ്ങളും കരിഞ്ഞുണങ്ങുമെന്ന അവസ്ഥയിലാണ്. നിലവിലെ കാലാവസ്ഥ വിലയിരുത്തിയാല്‍ മേയ് ആദ്യപകുതിയില്‍ വേനല്‍മഴ പ്രതീക്ഷിക്കാം, എന്നാല്‍ ജൂണ്‍ ആദ്യപകുതിയില്‍ മഴയുടെ ലഭ്യത കുറയാന്‍ ഇടയുണ്ട്. ഉത്തരേന്ത്യന്‍ വ്യവസായികള്‍ വാരത്തിന്റെ ആദ്യപകുതി വിപണിയില്‍ സജീവമായിരുന്നെങ്കിലും പിന്നീട് രംഗം വിട്ടു. കുരുമുളകിന് വിദേശത്തുനിന്ന് അന്വേഷണങ്ങളില്ല. ഇതിനിടെ നേരത്തേ ഉറപ്പിച്ച കച്ചവടങ്ങളുടെ ഭാഗമായി വിയറ്റ്‌നാമില്‍നിന്നുള്ള ചരക്ക് അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെന്നറിയുന്നു. ഇവിടെയെത്തുന്ന ചരക്ക് മൂല്യവര്‍ധിത ഉത്പന്നമാക്കി നാലു മാസത്തിനുള്ളില്‍ വീണ്ടും കയറ്റുമതി നടത്തണം. ഇറക്കുമതി ചരക്കുവരവ് ആഭ്യന്തരവിലയില്‍ ചാഞ്ചാട്ടമുളവാക്കാം.
റബര്‍
റബര്‍ മാര്‍ക്കറ്റില്‍ വന്‍ കുതിച്ചുചാട്ടം. കുറഞ്ഞ വിലയ്ക്ക് ഇനി റബര്‍ ശേഖരിക്കാനാവില്ലെന്ന തിരിച്ചറിവ് ടയര്‍ കമ്പനികളെയും ചെറുകിട വ്യവസായികളെയും അസ്വസ്ഥരാക്കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആദ്യം കേരളതീരത്ത് എത്തിയാലും മാസമധ്യത്തിനു ശേഷമേ പുതിയ റബര്‍ ഷീറ്റ് വില്പനയ്ക്ക് സജ്ജമാവൂ. സ്ഥിതിഗതികള്‍ അനുകൂലമല്ലെന്നു മനസിലായതോടെ കിട്ടുന്ന വിലയ്ക്ക് റബര്‍ സംഭരിക്കാന്‍ തുടര്‍ച്ചയായ രണ്ടാം വാരത്തിലും വ്യവസായികള്‍ മത്സരിച്ചു. ചുരുങ്ങിയ ആഴ്ചകള്‍ക്കിടയില്‍ ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിന് 3,000 രൂപ വര്‍ധിച്ച് 14,300 രൂപയിലെത്തി. ഈ വര്‍ഷം റബറിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്. ലാറ്റക്‌സ് 10,000 രൂപയിലും അഞ്ചാം ഗ്രേഡ് റബര്‍ 13,900ലും കൈമാറി.
സംസ്ഥാനത്ത് കനത്ത വേനല്‍ തുടരുന്നതിനാല്‍ റബര്‍ത്തോട്ടങ്ങളില്‍ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. മധ്യകേരളത്തിലെയും മലബാറിലെയും സ്റ്റോക്കിസ്റ്റുകളുടെ കൈവശം കാര്യമായി ഷീറ്റില്ല. റബറിനു നേരിട്ട രൂക്ഷമായ വിലത്തകര്‍ച്ച മൂലം ടാപ്പിംഗിനു താത്പര്യം കുറച്ചതിനാല്‍ രാജ്യത്ത് റബര്‍ ഉത്പാദനം കുറഞ്ഞു. ജനുവരി-മാര്‍ച്ച് കാലയളവില്‍ ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന വില റബറിനു രേഖപ്പെടുത്തിയിട്ടും റബര്‍ സംഭരിക്കാതെ നിരക്ക് വീണ്ടും ഇടിക്കാനാണ് അന്നു വ്യവസായികള്‍ ശ്രമം നടത്തിയത്. അതിനാല്‍ അവരുടെ ഗോഡൗണുകളും ശൂന്യമാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം റബര്‍ ഇറക്കുമതി 2.8 ശതമാനം വര്‍ധിച്ച് 4,54,303 ടണ്ണായി. ആഭ്യന്തര റബര്‍ ഉത്പാദനം 12.7 ശതമാനം ഇടിഞ്ഞ് 5,63,000 ടണ്ണില്‍ ഒതുങ്ങി. ഇന്ത്യന്‍ ടയര്‍ വ്യവസായികള്‍ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്നാണ് മുഖ്യമായും റബര്‍ ഇറക്കുമതി നടത്തിയത്. ടോക്കോമില്‍ റബര്‍ ഒമ്പതു മാസത്തിനിടെ ആദ്യമായി കിലോ 200 യെന്നിനു മുകളിലെത്തി.
തേങ്ങ
വിഷു ആഘോഷങ്ങള്‍ കഴിഞ്ഞ അവസരത്തില്‍ കൊപ്ര സംഭരിക്കാന്‍ വന്‍കിട മില്ലുകള്‍ രംഗത്തെത്തി. ഇതോടെ രണ്ടാഴ്ചയായി സ്റ്റെഡി നിലവാരത്തില്‍ നീങ്ങിയ നാളികേരോത്പന്നങ്ങളുടെ വില ഉയര്‍ന്നു. വെളിച്ചെണ്ണയും കൊപ്രയും വന്‍കുതിച്ചുചാട്ടം കാഴ്ചവച്ചു. മുംബൈയിലെ വന്‍കിട കൊപ്രയാട്ട് വ്യവസായികള്‍ ചരക്കു സംഭരിക്കാന്‍ ഉത്സാഹിച്ചത് കേരളത്തിലും തമിഴ്‌നാട്ടിലും വില ഉയര്‍ത്തി. കൊച്ചിയില്‍ വെളിച്ചെണ്ണയ്ക്ക് 600 രൂപ ഉയര്‍ന്ന് 8,600ലും കൊപ്ര വില 5,855 രൂപയിലുമാണ്.
ചുക്ക്
ചുക്കിന് വിദേശ ഓര്‍ഡര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിക്കാര്‍. ഇതു മുന്നില്‍ക്കണ്ട് പലരും ചുക്ക് സംഭരിച്ചിട്ടുണ്ട്. എന്നാല്‍, കാലവര്‍ഷം ആരംഭിക്കുന്നതോടെ സ്റ്റോക്കുള്ള ചുക്കിനു കുത്തല്‍ വീഴുമെന്ന ആശങ്കയുള്ളതിനാല്‍ പരമാവധി നേരത്തേ ചരക്ക് വിറ്റുമാറാന്‍ സ്റ്റോക്കിസ്റ്റുകള്‍ നീക്കം നടത്താം. വിവിധയിനം ചുക്കുവില 16,500-18,000 രൂപയാണ്. ചൈനീസ് ചുക്കുവില ഉയര്‍ന്ന തലത്തിലാണ്. രാജ്യാന്തര വിപണിയില്‍ നൈജീരിയയും ചുക്കുവില്പനയ്ക്ക് ഉത്സാഹിക്കുന്നുണ്ട്.
സ്വര്‍ണം
ആഭരണ വിപണികളില്‍ പവന്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം ദര്‍ശിച്ചു. 21,760 രൂപയില്‍ വില്പനയ്ക്കു തുടക്കംകുറിച്ച പവന്‍ 22,240 വരെ ഉയര്‍ന്ന ശേഷം ശനിയാഴ്ച 22,080ലാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1,235 ഡോളറില്‍നിന്ന് 1,271 ഡോളര്‍ വരെ കുതിച്ച ശേഷം 1,232 ഡോളറിലാണ്.