കോള്‍ മുറിയലിനു പരിഹാരം; ടെലികോം കമ്പനികള്‍ 12,000 കോടി നിക്ഷേപിക്കും

ktm-mobile-towerന്യൂഡല്‍ഹി: ഇന്ത്യയിലെ കോള്‍ മുറിയല്‍ പ്രതിസന്ധി കുറയ്ക്കാന്‍ ടെലികോം കമ്പനികള്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 12,000 കോടി രൂപയാണ് ഇതിനായി ടെലികോം കമ്പനികള്‍ നിക്ഷേപിക്കുക. 60,000 പുതിയ ടവറുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ടെലികോം സെക്രട്ടറി ജെ.എസ്. ദീപക് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇത് അവസാന പ്രതിവിധിയാകില്ലെന്നാണ് ടെലികോം റെഗുലേറ്റര്‍ ട്രായിയുടെ നിലപാട്.

കോള്‍ മുറിയലിനെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ട്രായി ശ്രമം തുടങ്ങിയതോടെയാണ് ടെലികോം കമ്പനികള്‍ പുതിയ നീക്കത്തിനു മുതിരുന്നത്. കോള്‍ മുറിയല്‍ പ്രതിസന്ധി കുറച്ചില്ലെങ്കില്‍ 10 കോടി പിഴയും മേധാവികള്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ചുമത്താനായി ട്രായി കര്‍ശന നീക്കങ്ങള്‍ തുടങ്ങിയിരുന്നു. നിയമനടപടി ഈ പ്രതിസന്ധിക്ക് പ്രതിവിധിയാവില്ലെന്നാണ് കമ്പനികളുടെ വാദം. കോള്‍ മുറിയുന്നതിന്റെ പേരില്‍ ജയിലില്‍ പോകുന്നതിനോട് യോചിപ്പില്ലെന്നാണു കമ്പനികളുടെ നിലപാട്. ഇതേത്തുടര്‍ന്നാണ് സിഗ്നല്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനായി 60,000 പുതിയ ടവറുകള്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്.

ഒരു ടവറിന് 20 ലക്ഷം രൂപ ചെലവു വരും. മൂന്നു മാസത്തിനുള്ളില്‍ 12,000 കോടി രൂപ ടെലികോം കമ്പനികള്‍ നിക്ഷേപിക്കുമെന്നും ദീപക് അറിയിച്ചു. ടെലികോം കമ്പനികളുടെ റിവ്യൂ മീറ്റിംഗില്‍ ഓരോ കമ്പനിയും സിഗ്നല്‍ നിലവാരം വര്‍ധിപ്പിക്കാനുള്ള 100 ദിന കര്‍മപരിപാടികള്‍ അവതരിപ്പിച്ചു.

നേരത്തെ ട്രായി നടത്തിയ കോള്‍ മുറിയല്‍ പരിശോധനയില്‍ മിക്ക ടെലികോം കമ്പനികളും പരാജയപ്പെട്ടിരുന്നു. സുപ്രീംകോടതിയിലെത്തിയ ട്രായി-ടെലികോം കമ്പനി തര്‍ക്കത്തില്‍ പരമോന്നത കോടതി ട്രായിയെ ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിയമത്തില്‍ പുതിയ ഭേതഗതി വരുത്തിയാണ് ട്രായി വീണ്ടും രംഗത്തെത്തിയത്.

Related posts