ക്വാറിയില്‍ നിന്നു കല്ല് വീണു വീടിനു നാശമെന്നു പരാതി

ekm-houseകാലടി: കരിങ്കല്‍ക്വാറിയില്‍നിന്നു കല്ലു തെറിച്ചു വീണു വീടിനു കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതി. അയ്യംമ്പുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കണക്കനാം പാറയില്‍ താമസിക്കുന്ന വടോപ്പിള്ളി ചെല്ലമ്മയാണു പരാതിയുമായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. പട്ടികജാതിക്കാരിയായ വിധവയാണു ചെല്ലമ്മ. വീടിനു സമീപത്തെ ക്വാറിയില്‍ കല്ല് പൊട്ടിക്കുമ്പോള്‍ കരിങ്കല്‍ച്ചീളുകള്‍ തെറിച്ചു വീടിനുമേല്‍ പതിക്കുകയാണെന്നു ചെല്ലമ്മ പറയുന്നു.

വീടിന്റെ നൂറോളം മീറ്റര്‍ മാത്രം ദൂരപരിധിയിലാണു ക്വാറി സ്ഥിതിചെയ്യുന്നത്. ഇവിടെ കുഴികള്‍ തീര്‍ക്കുന്നതിനു വലിയ ഡ്രില്ലിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. പരിധിയില്‍ കൂടുതല്‍ വലിപ്പമുള്ള കുഴികളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു പൊട്ടിക്കുമ്പോള്‍ ഉഗ്രശബ്ദത്തോടെ പാറക്കല്ലുകള്‍ പൊട്ടിത്തെറിക്കുന്നു. ഇവ സമീപത്തെ വീടിനു മുകളില്‍ വീഴുന്നതിനു പുറമെ സ്‌ഫോടന നടുക്കത്തില്‍ വീടുകളുടെ ചുമരുകള്‍ക്കു വിള്ളലും സംഭവിക്കുന്നു. കോണ്‍ക്രീറ്റിനുണ്ടാകുന്ന തകര്‍ച്ചമൂലം മഴക്കാലത്തു വീടിനു ചോര്‍ച്ചയും ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞ മാസം 25നു കല്ല് പൊട്ടിക്കുമ്പോള്‍ വലിയ പാറക്കല്ല് തെറിച്ചു വീടിന്റെ മുറ്റത്തു വീണെന്നു ചെല്ലമ്മ പരാതിയില്‍ പറയുന്നു. വീടിന്റെ വരാന്തയിലിരിക്കുകയായിരുന്ന 90 വയസായ ചെല്ലമ്മയുടെ അമ്മ ഭയന്ന് അബോധാവസ്ഥയിലായി. മകനും മരുമകളുമായി ജീവിക്കുന്ന തന്നെ ഭീഷണിപ്പെടുത്തി സ്ഥലം കൈക്കലാക്കാന്‍ ക്വാറിയുടമ ശ്രമിക്കുന്നതായി ചെല്ലമ്മ ആരോപിക്കുന്നു. ജനിച്ച മണ്ണും വീടും വിട്ടു മറ്റൊരു സ്ഥലത്തേക്കു പോകാന്‍ തയാറല്ല.

തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും വില്ലേജ്-പഞ്ചായത്ത് അധികൃതര്‍ക്കും കാലടി പോലീസിലും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സമീപവാസികളെ സംഘടിപ്പിച്ചു ക്വാറിക്കെതിരേ സമരം നടത്തുമെന്നും ചെല്ലമ്മ പറഞ്ഞു.

Related posts