ജീവിതത്തിലെ ഏതു കാലവും ആഘോഷമാക്കുന്നവരാണ് മലയാളികള്‍. ഗര്‍ഭകാലത്ത് മാത്രമായിട്ട് എന്തിന് ആഘോഷം കുറയ്ക്കണം. അതും ആഘോഷിക്കപ്പെടേണ്ട കാലം തന്നെയല്ലേ? ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു സന്തോഷിക്കേണ്ട കാലം. ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ തുടങ്ങി, ഇഷ്ടങ്ങള്‍ക്കാണ് ഈ സമയത്ത് പ്രാധാന്യം. ഇവയ്‌ക്കൊപ്പം ട്രെന്‍ഡിയായ വസ്ത്രങ്ങള്‍ക്കൂടിയായാല്‍ ഇഷ്ടങ്ങളും ആഘോഷങ്ങളും ഒന്നുകൂടി മികച്ചതാക്കാം.
ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സന്തോഷങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മിഴിവേകാന്‍ കൂട്ടായി സിവ മറ്റേണിറ്റി വെയേഴ്‌സുമുണ്ട്. 12-12-12 ന് മെയ് ജോയിയെന്ന ഫാഷന്‍ ഡിസൈനറാണ് ഇത്തരമൊരു സംരംഭവുമായി രംഗത്തെത്തിയത്. ഓരോ മാസം കഴിയുന്തോറും വയര്‍ വലുതാകുന്നതിനാല്‍ വസ്ത്രങ്ങള്‍ എപ്പോഴും വാങ്ങിക്കുക എന്നത് അത്ര പ്രായോഗികമല്ല. ഗര്‍ഭകാലത്തും മുലയൂട്ടുന്ന കാലത്തും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെല്ലാം പ്രസവശേഷം വാര്‍ഡ്രോബുകളിലേക്ക് ചേക്കേറും. പക്ഷേ, മെയ് ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളൊന്നും അങ്ങനെ കാലഹരണപ്പെട്ടു പോകില്ല എന്നതാണ് നേട്ടം. ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടത്തിലും വളരെ സൗകര്യപ്രദമായി അവ ഉപയോഗിക്കാം. ഗര്‍ഭകാലത്തിനു ശേഷം അവ സാധാരണ വസ്ത്രങ്ങളുടെ കൂട്ടത്തിലേക്ക് എത്തിപ്പെടുന്നു. ഗര്‍ഭകാലത്തും അതിനു ശേഷവും ട്രെന്‍ഡിയാകാന്‍ പറ്റുന്ന തരത്തിലാണ് സിവയുടെ രൂപകല്പനകള്‍.
ചെറുതില്‍ നിന്ന് വലുതിലേക്ക്
തൃശൂരുകാരിയായ മെയ് വിവാഹത്തോടെയാണ് എറണാകുളംകാരിയായത്. രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ മെയും ഏതൊരു സ്ത്രീയെയും പോലെ ഗര്‍ഭകാലത്ത് വസ്ത്രങ്ങളുടെ കാര്യത്തില്‍ അല്‍പം ബുദ്ധിമുട്ടി. ഇങ്ങനെയുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ മൂലം ദമ്പതികള്‍ക്കിടയില്‍ ഗര്‍ഭകാലത്തെ ആഘോഷങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ഒരു കുറവുമുണ്ടാകരുത് എന്നുള്ള ഉറച്ച തീരുമാനം മെയ് കൈക്കൊണ്ടതോടെ അതിനുള്ള മാറ്റം കേരളത്തില്‍ ആരംഭിച്ചു. രണ്ടാമത്തെ മകളുണ്ടായി ആറുമാസം കഴിഞ്ഞപ്പോള്‍ തന്നെ വീടിനടുത്തുള്ള സ്ത്രീകള്‍ക്കു കൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ ഒരു സംരംഭം ആരംഭിക്കുകയായിരുന്നു മെയ്. അന്ന് കേരളം മുഴുവന്‍ വ്യാപിക്കുന്ന ഒരു വലിയ സംരംഭമായി ഇത് മാറുമെന്നുള്ള പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. വീട്ടില്‍ തുടങ്ങിയ സംരംഭത്തിന്റെ ആദ്യത്തെ കട തമ്മനത്തായിരുന്നു. അവിടെ നിന്ന് ഇന്ന് കേരളത്തില്‍ എട്ടോളം കടകളിലേക്ക് എത്തിനില്‍ക്കുന്നു മെയുടെ സംരംഭം. കോഴിക്കോട്, തൃശൂര്‍, ഒല്ലൂര്‍, തമ്മനം, കോലഞ്ചേരി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് കടകളുള്ളത്.
പുതുതായി മഞ്ചേരിയിലും തലശേരിയിലും ആരംഭിക്കാന്‍ പോവുകയാണ്. സിവ എന്ന ബ്രാന്‍ഡ് നെയിമും മാതൃത്വം തിളങ്ങട്ടെ എന്ന ഇവരുടെ പരസ്യവാചകവും ഇന്ന് കേരളക്കരയാകെ സ്ഥാനം പിടിച്ചിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. കേരളത്തില്‍ മെറ്റേണിറ്റി വെയറുകള്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന ഏക സ്ഥാപനമാണ് ഇവരുടേതെന്ന മെയ് അവകാശപ്പെടുന്നു. വലിയ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ സാധാരണക്കാര്‍ക്കും മറ്റും താങ്ങാനാവാത്ത വിലയാണ്. അതിനാല്‍ സിവയുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവാണ്. 490 രൂപ മുതലാണ് വില. ഇത്തരം വസ്ത്രങ്ങള്‍ക്കാകട്ടെ എന്നും ഡിമാന്‍ഡുമുണ്ട്. സീസണലായല്ല ആവശ്യക്കാര്‍ എത്തുന്നത്. അതിനാല്‍ ഇതിനെന്നും വിപണിയുണ്ട്. വൈറ്റിലക്കടുത്ത് ചളിക്കവട്ടത്ത് പുതുതായി ഓഫീസും പ്രൊഡക്ഷന്‍ യൂണിറ്റും തുടങ്ങിയിട്ടുണ്ട്. ജ്യൂവിഷ് അപ്പാരല്‍ എന്നാണിതിന്റെ പേര്.
കരുത്തായി ഡിസൈനിംഗ് മേഖലയിലെ പരിചയം
ഫാഷന്‍ ഡിസൈനറായിരുന്നതിനാല്‍ ഈ മേഖല മെയ്ക്ക് അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. ഫാഷന്‍ ഡിസൈനിംഗില്‍ ബിഎസ്‌സി ബിരുദവും പല സ്ഥാപനങ്ങളിലും ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ച പരിചയവും മെയ്ക്ക് മുതല്‍ക്കൂട്ടായുണ്ട്. ഒരുപാട് പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരം വസ്ത്രങ്ങളുടെ നിര്‍മാണത്തിനായി ഇറങ്ങിയത്. നൂറോളം ഗര്‍ഭിണികളുടെ അളവുകളെടുത്ത് മെഷര്‍മെന്റ് ചാര്‍ട്ടുകള്‍ തയാറാക്കിയാണ് ചെയ്യാന്‍ തുടങ്ങിയത്. അമ്മയ്ക്കും കുട്ടിക്കും സൗകര്യപ്രദമായ തരത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമാണ് മെയ് ഡിസൈന്‍ ചെയ്യാറ്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും പ്രധാന ഡിസൈനറും മെയ് തന്നെയാണ്. ഭര്‍ത്താവാണ് മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ നോക്കിനടത്തുന്നത്. നൈറ്റികള്‍, ടോപ്പുകള്‍, കുര്‍ത്തികള്‍, പാര്‍ട്ടിവെയറുകള്‍, ചുരിദാറുകള്‍ എന്നിങ്ങനെ എല്ലാത്തരം വസ്ത്രങ്ങളും സിവയുടെ ഷോറൂമുകളില്‍ ലഭിക്കും.
ഗര്‍ഭകാലത്ത് മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കത്തക്കവിധത്തിലല്ല ഇവര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. പ്രസവ ശേഷവും ഉപയോഗിക്കാനാകുന്ന വിധത്തിലാണ് വസ്ത്രങ്ങളുടെ രൂപകല്പന. കൂടാതെ മുലയൂട്ടുന്നവര്‍ക്കായി പെട്ടന്ന് ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ ഓപ്പണിംഗ് സംവിധാനവും വസ്ത്രത്തില്‍ നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള അടിവസ്ത്രങ്ങളും ഡിസൈന്‍ ചെയ്ത് വിപണിയിലിറക്കിയിട്ടുണ്ട്. വളരെ പെട്ടെന്ന് ധരിക്കാവുന്നതാണ് ഇവ. വയറില്‍ മുറുകി കിടക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകുന്നില്ല. മുലയൂട്ടുന്നവര്‍ക്ക് അതിനു സഹായകമായ വിധത്തിലാണ് ബ്രാകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. കിടന്നും ഇരുന്നും ആടാവുന്ന തരത്തിലുള്ള തൊട്ടിലുകള്‍, ഫീഡിംഗ് പില്ലോ, പ്രസവ സമയത്ത് ആവശ്യമുള്ള വസ്ത്രങ്ങളും കുഞ്ഞുടുപ്പും അടങ്ങിയ മറ്റേണിറ്റി കിറ്റ്, തൊട്ടില്‍, നഴ്‌സിംഗ് പാഡ് എന്നിവയെല്ലാം സിവയുടെ ഉത്പന്നങ്ങളുടെ നിരയിലുണ്ട്. കോട്ടണ്‍, റയോണ്‍സ് തുടങ്ങി നാച്ചുറല്‍ ഫൈബറുകള്‍ മാത്രമാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.
പ്രകൃതിയെ പരിഗണിച്ച്
കുഞ്ഞുങ്ങളുടെ കാര്യത്തിലെന്നപോലെ തന്നെ പ്രകൃതിയുടെ കാര്യത്തിലും സിവ അതീവ ശ്രദ്ധാലുവാണ്. തുണികൊണ്ടുള്ളതും പ്രകൃതിക്ക് ഒരു വിധത്തിലുമുള്ള ദോഷം ചെയ്യാത്തതുമായതാണ് സിവയുടെ ഉത്പന്നങ്ങള്‍. ഇതില്‍ ഡയപ്പറുകളും ഉള്‍പ്പെടും. സ്പ്രിംഗില്‍ പിടിപ്പിച്ചിട്ടുള്ള തൊട്ടിലുകളാണ് പ്രധാനമായും എല്ലാവരും ഉപയോഗിക്കുന്നത.് പക്ഷേ, അത് കുഞ്ഞുങ്ങള്‍ക്ക് ഷേക്കിംഗ് ബ്രെയിന്‍ സിന്‍ഡ്രോം എന്ന അസുഖത്തിന് കാരണമായി തീരും. അതിനാല്‍ സിവ തുണി കൊണ്ടുള്ള തൊട്ടിലുകള്‍ തന്നെയാണ് ഉപഭോക്താക്കള്‍ക്കായി നല്‍കാറുള്ളത്. കുഞ്ഞുങ്ങളെ ഇരുത്തിയും ആട്ടാവുന്ന തരത്തിലാണ് ഈ തൊട്ടിലുകളുടെ നിര്‍മാണം എന്നതും സിവയുടെ ദീര്‍ഘവീക്ഷണം എത്രത്തോളം ഉള്ളതാണെന്നു കാണിച്ചുതരുന്നു. ഇതു മാത്രമല്ല മെയ്ക്കും സിവക്കും കുട്ടികളോടും പ്രകൃതിയോടുമുള്ള കരുതല്‍. കളിപ്പാട്ടനിര്‍മാണത്തിന്റെ കാര്യത്തിലും അവരുടെ കരുതലുണ്ട്. മരം കൊണ്ടുള്ള കളിപ്പാട്ടങ്ങളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. പെട്ടെന്ന് നശിച്ചു പോകുകയുമില്ല കുഞ്ഞുങ്ങള്‍ക്കും പ്രകൃതിക്കും ഒരു ദോഷവും ചെയ്യുകയുമില്ല. കുഞ്ഞുങ്ങളെപ്പോലെ പ്രകൃതിയെയും പരിഗണിക്കാന്‍ സിവ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
വിജയിച്ചു മുന്നേറണം
പ്രൊഡക്ഷന്‍ യൂണിറ്റില്‍ 30 പേരും കടകളിലായി 20 പേരും ജോലി ചെയ്യുന്നുണ്ട്. കടകളിലെ കാര്യങ്ങളെല്ലാം അപ്പപ്പോള്‍ തന്നെ സ്വന്തം ഓഫീസിലിരുന്ന് മനസിലാക്കത്തക്കവിധത്തിലുള്ള നെറ്റ് വര്‍ക്ക് ക്രിയേറ്റ് ചെയ്തിട്ടുള്ളതിനാല്‍ എല്ലാം സുഗമമായി നടക്കുന്നുണ്ട്. ഉപഭോക്താക്കളെല്ലാവരം ഉത്പന്നങ്ങളില്‍ പൂര്‍ണ തൃപ്തരാണെന്നുള്ളതാണ് തങ്ങളുടെ വിജയരഹസ്യമെന്നാണ് മെയിയുടെ അഭിപ്രായം. അടുത്ത വര്‍ഷമാകുമ്പോഴേക്കും കേരളത്തില്‍ അടുത്ത പത്ത് കടകള്‍കൂടി തുറക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, തുടങ്ങിയ സ്ഥലങ്ങളിലും ഇന്ത്യക്ക് പുറത്തും ഷോറൂമുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ ഒന്നാമതാകുകയായിരുന്നു ലക്ഷ്യം. അതു സാധിച്ചു. ഇനി ഇന്ത്യയില്‍ ഒന്നാമതാകണം. അതിനുശേഷം ലോകത്തിലെ ഒന്നാമത.് അതാണ് ലക്ഷ്യമെന്നുള്ള ഉറച്ച തീരുമാനം മെയ്ക്കുണ്ട്. കൂട്ടായി കുടുംബവും. ഭര്‍ത്താവ് സുമന്‍ ഇന്റീരിയര്‍ ഡിസൈനറാണ്. മക്കള്‍ ജായിയും സീവയും നാലാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്നു. – നൊമിനിറ്റ ജോസ്