ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഡേറ്റാ സ്പീഡ് ഉപയോക്താക്കള്‍ക്കു പരിശോധിക്കുന്നതിനായി ടെലികോം റെഗുലേറ്റര്‍ ട്രായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്ന മൈ സ്പീഡ് എന്ന ആപ്ലിക്കേഷനാണ് ട്രായ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീടമുള്ള ഉപയോക്താക്കള്‍ക്ക് സിഗ്നല്‍ ക്വാളിറ്റി, നെറ്റ്‌വര്‍ക്ക് സ്പീഡ് എന്നിവ ആപ് ഉപയോഗിച്ച് പരിശോധിക്കാം. ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്കുന്ന സ്പീഡ് പരിശോധിച്ച്, നിഷ്കര്‍ഷിക്കുന്ന സ്പീഡ് ഇല്ലെങ്കില്‍ ട്രായിക്ക് പരാതി നല്കുന്നതിനുവേണ്ടിയാണ് പുതിയ മൈ സ്പീഡ് ആപ് തയാറാക്കിയിട്ടുള്ളത്. രാജ്യവ്യാപകമായുള്ള വയേര്‍ഡ്-വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ സ്പീഡ് പരിശോധിക്കുന്നതും വര്‍ധിപ്പിക്കുന്നതും ട്രായിയുടെ പുതിയ ദൗത്യത്തിലുള്‍പ്പെടും.
ലളിതമായ രീതിയിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളത്. ആകെ നാലു ടാബുകള്‍ മാത്രം. ആദ്യ ടാബില്‍ നെറ്റ്‌വര്‍ക്കിലെ സ്പീഡ് പരിശോധിക്കുന്നതിനുള്ള പേജാണുള്ളത്. ഏതു രീതിയിലുള്ള ഡേറ്റാ സംവിധാനമാണോ അപ്പോള്‍ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് അതിന്റെ സ്പീഡ് ആയിരിക്കും സ്പീഡ് ടെസ്റ്റ് പേജ് കാണിക്കുക. രണ്ടു സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഫോണ്‍ ആണെങ്കില്‍ ഏതു സിം വഴിയാണോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്, ആ നെറ്റ്‌വര്‍ക്കിന്റെ വേഗമായിരിക്കും ആപ്ലിക്കേഷന്‍ കാണിക്കുക. രണ്ടാം ടാബ് നേരത്തെയുള്ള റിസള്‍ട്ടുകളാണു കാണിക്കുക. എല്ലാ പരിശോധനകളും മെഗാ ബിറ്റ് പെര്‍ സെക്കന്‍ഡിലായിരിക്കും (എംബിപിഎസ്) കാണിക്കുക. ഇതു മാറ്റാന്‍ കഴിയില്ല.
മൂന്നാം സ്ക്രീനില്‍ ഡൗണ്‍ലോഡ് സ്പീഡ്, അപ്‌ലോഡ് സ്പീഡ്, നെറ്റ്‌വര്‍ക്ക് ഡിലെ, പായ്ക്കറ്റ് ലോസ് എന്നീ വിവരങ്ങളാണുള്ളത്. സ്പീഡ് കുറവാണെങ്കില്‍ ട്രായിക്ക് പരാതി നല്കനായി സെന്‍ഡ് ടു ട്രായി ഓപ്ഷനില്‍ ക്ലിക് ചെയ്ത് ഇന്റര്‍നെറ്റിന്റെ സ്പീഡ് സംബന്ധിച്ച വിവരങ്ങള്‍ ട്രായിക്ക് അയയ്ക്കാം.
ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ സ്വകാര്യവിവരങ്ങള്‍ ട്രായി ശേഖരിക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. ടെലികോം കമ്പനികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാന്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ എന്നാണ് ട്രായിയുടെ വിശദീകരണം. ആന്‍ഡ്രോയിഡ് 4.3 ജെല്ലി ബീന്‍ പ്ലാറ്റ്‌ഫോമിനു മുകളിലുള്ള വേര്‍ഷനുകളിലേക്കുള്ള രീതിയിലാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. പ്ലേസ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.