ബെന്നി ചിറയില്‍
ചങ്ങനാശേരി: രണ്ടാം ലോകമഹായുദ്ധത്തില്‍ ധീരസേവനം ചെയ്ത സൈനികന് എന്‍.എം. മാത്യുവിനു വിശ്രമ ജീവിതം ദുരിതകാലം. വാഴപ്പള്ളി പഞ്ചായത്തിന്റെ ചീരഞ്ചിറ 10-ാം വാര്‍ഡിലെ ചോര്‍ന്നൊലിക്കുന്ന കൊച്ചുവീട്ടിലാണ് 75 വര്‍ഷം മുമ്പ് നിര്‍വഹിച്ച സൈനിക സേവനത്തിന്റെ ഓര്‍മകള്‍ പുതുക്കി ഈ തൊണ്ണൂറ്റിയഞ്ചുകാരന്‍ കഴിയുന്നത്.
തന്റെയും ഭാര്യ മേരിയുടെയും ആഹാരത്തിനും മരുന്നിനുമുള്ള പണം പോലുമില്ലാതെയാണ് ഈ വയോധികന് കഴിയുന്നത്. പാടത്തോടു ചേര്‍ന്നുള്ള രണ്ട് സെന്റ് സ്ഥലത്തു താമസിക്കുന്ന ഈ മുന്‍ സൈനികനു വീടിനു പുറത്തേക്കിറങ്ങാന്‍ റോഡുപോലുമില്ല. സമീപവാസികളുടെ വീട്ടുമുറ്റത്തുകൂടി ഇടുങ്ങിയ തൊണ്ടിലെത്തി വേണം റോഡില്‍ പ്രവേശിക്കാന്‍.
1939 കാലത്താണ് നടുവിലേപ്പറമ്പില്‍ എന്‍.എം.മാത്യു സൈനിക സേവനത്തിനായി പുറപ്പെട്ടത്. തിരുവനന്തപുരത്തു നടന്ന റിക്രൂട്ട്മെന്റിലാണു തെരഞ്ഞെടുക്കപ്പെട്ടത്. ബാംഗ്ലൂരിലേക്കും തുടര്‍ന്നു ഡല്‍ഹിയിലേക്കും അതിനു ശേഷം അതിര്‍ത്തിയായ നൗഷറേ പൂഞ്ചിലേക്കും പോയി. ഇതിനിടയില്‍ റോമന്‍ ഉറുദു ഭാഷ വശമാക്കി.
അഞ്ചു വര്‍ഷക്കാലം വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു. ഒരു മാസം 18 രൂപയായിരുന്ന ശമ്പളം. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് 140 രൂപ ശമ്പളം നല്‍കിയിരുന്നു. പൂഞ്ചില്വച്ചു തങ്ങളുടെ ഗ്രൂപ്പ് മേധാവിയെ തട്ടിക്കൊണ്ടുപോയ എതിരാളികളെ വെടിവച്ചിട്ട ഓര്‍മകള്‍ ഇപ്പോള്‍ മാത്യുവിന്റെ മനസില്‍ മങ്ങാതെ നില്ക്കുന്നു.
സേവനം കഴിഞ്ഞ് മടങ്ങിയെങ്കിലും കാര്യമായ പെന്ഷന് ലഭിച്ചില്ല. യുദ്ധത്തില്‍ പങ്കെടുത്ത വിരമിച്ച ഏതാനും പേരോടൊപ്പം ചേര്‍ന്ന് എന്‍എക്സ്സിസി സംഘടനയ്ക്കു രൂപം നല്കി. ഏറെ നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും പെന്‍ഷന്റെ കാര്യത്തില്‍ കാര്യമായ ഫലമുണ്ടായില്ല. മണര്‍കാട്ടുള്ള സൈനിക ക്ഷേമ ഓഫീസിലൂടെ വല്ലപ്പോഴും തുച്ഛമായ തുകയാണു ലഭിക്കുന്നത്. ഇതാന്നും ജീവിത ചെലവിനു തികയുന്നില്ല. തന്റെയും ഭാര്യയുടെയും ജീവിത ചെലവിന് സഹായം ലഭിക്കണമെന്നും തനിക്കും സമീപവാസികള്‍ക്കും പുറത്തേക്കിറങ്ങാന്‍ റോഡ് സൗകര്യവും വേണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതാനൊരുങ്ങുകയാണു വയോധികനായ ഈ സൈനികന്. ജനപ്രതിനിധികള്‍ മനസുവച്ചാല്‍ റോഡും ജീവിതത്തിനു സഹായ ധനവും ലഭിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.