ഒരു സംരംഭകയാകണം എന്നുള്ള ആഗ്രഹമൊന്നും സോണിയ തോമസിനുണ്ടായിരുന്നില്ല. എന്നാല്‍ പരിചയക്കാരൊക്കെ പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങു തുടങ്ങിക്കളയാം എന്നായി.
അങ്ങനെ സോണിയയും സോണിയയുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റും അവരുടെ കൂട്ടുകാരും കൂടി ചേര്‍ന്ന് ഒരു സലോണിന് തുടക്കം കുറിച്ചു. എല്ലാവരുടെയും ഷെയറില്‍ തുടങ്ങിയ സംരംഭം നല്ല രീതിയില്‍ അധികനാള്‍ മുന്നോട്ട് പോയില്ല. പലവിധപ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. കോടതിയും കേസുമൊക്കെയായി. അത് കുറച്ചുകാലം നീണ്ടു പോയി. ആ സംരംഭം അവിടെ തീര്‍ന്നു.
തുടക്കത്തിലെ പ്രശ്‌നങ്ങളായാല്‍, തനിക്ക് പറ്റിയ മേഖലയല്ല ഇതെന്നു പറഞ്ഞ് പിന്‍വാങ്ങുന്നവരാണ് ഏറിയ പങ്ക് ആള്‍ക്കാരും. പക്ഷേ, അത്തരമൊരു പിന്‍മാറ്റത്തിന് സോണിയ തയ്യാറായില്ല. തന്റെ മേഖല ഇതുതന്നെയെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു ഈ വീട്ടമ്മ. ആറുമാസമായിട്ടേയുള്ളു തന്റെതായ രീതിയില്‍ സലോണിന് രൂപം കൊടുത്തിട്ട്. കോണ്‍വെന്റ് ജംഗ്ഷനിലുള്ള “സലോണ്‍ 46′ ആണ് സോണിയയുടെ സംരംഭം. എട്ടോളം ജീവനക്കാര്‍ സോണിയക്കൊപ്പമുണ്ട്. തുടക്കമായതിനാല്‍ കുറച്ചധികം പരിമിതികള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും. തന്റെ സ്ഥാപനത്തെ മികവിലേക്കു നയിക്കാനാകും എന്നു തന്നെയാണ് സോണിയയുടെ വിശ്വാസം.
പാര്‍ട്ണര്‍മാരില്ല എല്ലാം ഒറ്റക്കു ചെയ്യണം. അതൊന്നും സോണിയയെ അലട്ടുന്ന പ്രശ്‌നമേയല്ല. ഏറ്റവും മികച്ച നിലയിലേക്ക് തന്റെ സലോണിനെ എത്തിക്കുക എന്ന ലക്ഷ്യം മാത്രമേ സോണിയക്കുള്ളു.
ഹെയര്‍ കട്ടിംഗ്, ഹെയര്‍ സ്പാ എന്നിങ്ങനെ തുടങ്ങി ബ്രൈഡല്‍ മേക്കപ്പ് വരെ സലോണ്‍ 46 ചെയ്തു നല്‍കും. യൂണിസെക്‌സ് പാര്‍ലറാണ് സലോണ്‍ 46. എല്ലാ റേഞ്ചിലുമുള്ള കസ്റ്റമേഴ്‌സിന് താങ്ങാനാകുന്ന തുകയ്ക്കാണ് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഇത്തരമൊരു സംരംഭത്തെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതെന്നാണ് സോണിയ പറയുന്നത്. അതിനാല്‍ എന്നും എപ്പോഴും അവര്‍ക്കാണ് മുന്‍ഗണന നല്‍കാറ്.