ന്യൂയോര്‍ക്ക്: ഒടുവില്‍ തര്‍ക്കങ്ങള്‍ക്കു വിരാമമിട്ട് ജാനറ്റ് എലന്‍ സംസാരിച്ചു. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡി(ഫെഡ്)ന്റെ ചെയര്‍പേഴ്‌സണ്‍ പറഞ്ഞത് ഡോളറിനു ക്ഷീണമായി; രൂപയ്ക്കു നേട്ടവും. സ്വര്‍ണത്തിനും വികസ്വര രാജ്യങ്ങളുടെ ഓഹരികള്‍ക്കും കരുത്തുകൂടി.
ആഗോള സംഭവവികാസങ്ങള്‍ ശുഭകരമല്ല. അത് അമേരിക്കന്‍ വളര്‍ച്ചയ്ക്കും നല്ലതല്ല. ഇപ്പോള്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാണെന്നു തോന്നുന്നുവെങ്കിലും നാളത്തെ കാര്യം ഉറപ്പില്ല. അതിനാല്‍ പലിശ കൂട്ടല്‍ സാവധാനമേ ഉണ്ടാകൂ. എലന്‍ ഇന്നലെ ഇക്കണോമിക് ക്ലബ് ഓഫ് ന്യൂയോര്‍ക്കില്‍ ചെയ്ത പ്രസംഗത്തിന്റെ ചുരുക്കം അതാണ്.
രണ്ടാഴ്ച മുമ്പ്, മാര്‍ച്ച് 16നും എലന്‍ ഇതേപോലെ പറഞ്ഞതാണ്. പക്ഷേ, അതിനുശേഷം സെന്റ് ലൂയി ഫെഡിന്റെ ജയിംസ് ബല്ലാര്‍ഡും സാന്‍ഫ്രാന്‍സിസ്‌കോ ഫെഡിന്റെ ജോണ്‍ വില്യംസും പിന്നീടുള്ള ദിവസങ്ങളില്‍ മറിച്ചുപറഞ്ഞു. ഒരുപക്ഷേ, ഏപ്രിലില്‍ തന്നെ പലിശ കൂട്ടാം എന്ന് അവര്‍ സൂചിപ്പിച്ചു. ആഭ്യന്തര സാമ്പത്തികരംഗം വിലയിരുത്തിയാണ് അവര്‍ സംസാരിച്ചത്. അതോടെ ഡോളറിനു വിലകയറി.
ഇപ്പോള്‍ എലന്‍, കാര്യങ്ങള്‍ ആഗോള പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിച്ചു. ഇതോടെ കാര്യങ്ങള്‍ തിരിഞ്ഞു. ഇന്നലെ ഇന്ത്യയുടെ രൂപയും നേട്ടമുണ്ടാക്കി. ഡോളറിന് 17 പൈസ താണ് 66.37 രൂപയിലെത്തി.ഇന്ത്യയിലടക്കം വികസ്വര രാജ്യങ്ങളില്‍ ഓഹരികള്‍ കുതിച്ചു. മുംബൈ സെന്‍സെക്‌സ് 438.12 പോയിന്റ് കയറി 25,338.58 ലെത്തി. നിഫ്റ്റി 138.2 പോയിന്റ് കയറി 7,735.2ല്‍ ക്ലോസ് ചെയ്തു.
ഡോളറിനെതിരേ യൂറോയും കയറി. ഒരു യൂറോയ്ക്ക് 1.1321 ഡോളര്‍ ആയി. ജപ്പാന്റെ യെന്‍, ചൈനയുടെ യുവാന്‍, ഓസ്‌ട്രേലിയന്‍ ഡോളര്‍, ന്യൂസിലന്‍ഡ് ഡോളര്‍ എന്നിവയും കയറി.ക്രൂഡ് ഓയില്‍ വില മെച്ചപ്പെട്ടു. ബ്രെന്റ് ക്രൂഡ് ഒന്നര ശതമാനം കയറി വീപ്പയ്ക്ക് 39.75 ഡോളറായി. അമേരിക്ക പലിശ കൂട്ടല്‍ വൈകിക്കും എന്നാണ് ഇപ്പോള്‍ കമ്പോളത്തിലെ നിഗമനം. ഏപ്രിലില്‍ ആറു ശതമാനം സാധ്യത പറഞ്ഞിരുന്നത് എലന്റെ പ്രസംഗശേഷം പൂജ്യമായി. ജൂണില്‍ 38 ശതമാനം സാധ്യത കണ്ടത് 28 ശതമാനമായി കുറച്ചു.സ്വര്‍ണവില വീണ്ടും ഔണ്‍സിന് 1,230 ഡോളറിനു മുകളിലെത്തി.