പ്രവേശന നികുതി: ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക്

bis-comerceമുംബൈ: പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരേ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളുടെ തീരുമാനങ്ങളും ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഭീഷണിയാകുന്നു. ഓണ്‍ലൈന്‍ വഴി വില്‍ക്കപ്പെടുന്ന ഉത്പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഉത്തരാഖണ്ഡിലേക്ക് കടക്കണമെങ്കില്‍ പ്രവേശന നികുതിയിനത്തില്‍ 10 ശതമാനം നികുതിയാണ് ഉത്തരാകണ്ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതിനെതിരേയാണ് ഫ്‌ളിപ്കാര്‍ട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

ബിഹാര്‍, ആസാം എന്നീ സംസ്ഥാനങ്ങളും 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറിയര്‍ കമ്പനികളുടെ പേരിലാണ് ഈ അധിക നികുതി ചേര്‍ക്കുക. ഇത് ഉപഭോക്താവുതന്നെ അടയ്‌ക്കേണ്ടതായും വരും. അതേസമയം ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ഇതേ നികുതി ഈടാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇത് നിലവില്‍വന്നാല്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ഇരട്ടപ്രഹരമായിരിക്കും.

വ്യാപാരത്തിനു തിരിച്ചടി ഉണ്ടായതോടെ മറ്റ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നികുതി ഏര്‍പ്പെടുത്തിയതിന് വിവിധ ഭാഗങ്ങളില്‍നിന്ന് ഏതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഉപഭോക്താക്കള്‍ക്കെതിരേയുള്ള കടന്നുകയറ്റമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. നൈനിറ്റാളിലെ ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ ഫ്‌ളിപ്കാര്‍ട്ട് ഫയല്‍ ചെയ്ത ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും.

Related posts