നോയിഡ: റിംഗിംഗ്‌ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫ്രീഡം 251 സ്മാര്‍ട് ഫോണ്‍ ഇന്ന് 5,000 എണ്ണം വിതരണം ചെയ്യുമെന്ന് സിഇഒ മോഹിത് ഗോയല്‍. ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട് ഫോണ്‍ എന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച ഫ്രീഡം ഫോണ്‍ തായ്‌വാനില്‍നിന്ന് ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു ഫോണിന്റെ മൊത്തം നിര്‍മാണച്ചെലവ് 1180 രൂപ ആണെന്നും 930 രൂപയുടെ വന്‍ നഷ്ടത്തിലാണ് കമ്പനി ഫോണ്‍ എത്തിക്കുന്നതെന്നും നേരത്തെ വാര്‍ത്ത വന്നിരുന്നു. ഫ്രീഡം ഫോണ്‍ രാജ്യവ്യാപകമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ട് ഗോയല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വലിയ നഷ്ടം നികത്താനാണ് കമ്പനിയുടെ പുതിയ നീക്കം.
എന്നാല്‍, വലിയ നഷ്ടത്തിലാണെന്ന് വാര്‍ത്തകള്‍ വരുമ്പോഴും അത് അംഗീകരിക്കാന്‍ ഗോയല്‍ തയാറാകുന്നില്ല. ആപ് ഡെവലപ്പര്‍മാരില്‍നിന്നും ഫ്രീഡം 251 വെബ്‌സൈറ്റിലെ പരസ്യങ്ങള്‍ വഴിയും ഒരു ഫോണിന് 700-800 രൂപ നേടാനായെന്നു ഗോയല്‍ അവകാശപ്പെടുന്നു. ഇതുമൂലം നഷ്ടം 180-270 രൂപയാണെന്നും അദ്ദേഹം പറയുന്നു.ഫോണിന്റെ ആദ്യ ബാച്ച് 5,000 എണ്ണം ഇന്ന് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാങ്ങുന്നവര്‍ ഡെലിവറി ചാര്‍ജ് 40 രൂപ ഉള്‍പ്പെടെ 291 രൂപ നല്കണം.
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ 50,000 കോടി രൂപ നല്കിയാല്‍ രാജ്യത്തെ 75 കോടി വരുന്ന സാധാരണക്കാര്‍ക്ക് 251 രൂപയ്ക്ക് ഫോണ്‍ നല്കാനാകുമെന്ന് പ്രധാനമന്ത്രിക്ക് ജൂണ്‍ 28ന് അയച്ച കത്തില്‍ ഗോയല്‍ പറയുന്നു. ഈ തുക കമ്പനിക്ക് നേരിട്ട് നല്‌കേണ്ട. മറ്റു കമ്പനികളുടെ സഹായം സര്‍ക്കാരിനു തേടാം. റിംഗിംഗ്‌ബെല്‍സിന് ഇതില്‍ എതിര്‍പ്പില്ലെന്നും കത്തിലുണ്ട്.
ഫെബ്രുവരിയില്‍ 251 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങള്‍ പിന്നാലെയുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയെ അവതരണച്ചടങ്ങിലെത്തിച്ചത് ഫീഡം 251ന് വിശ്വാസ്യത നല്കി. ഈ വിലയ്ക്കും സ്മാര്‍ട്‌ഫോണ്‍ വില്ക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ഇപ്പോള്‍ ഗോയലിന്റെ ഭാഷ്യം.
5000 ഫോണുകള്‍ വിതരണം ചെയ്തശേഷം ഉപയോക്താക്കളുടെ അഭിപ്രായം ലഭിച്ചശേഷമായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനം. രാജ്യത്ത് 500 സര്‍വീസ് സെന്ററുകള്‍ തുടങ്ങാനും റിംഗിംഗ് ബെല്‍സിനു പദ്ധതിയുണ്ട്.ഫ്രീഡം 251ന്റെ ഒപ്പം പ്രഖ്യാപിച്ച ഫ്രീഡം 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി ടിവിയുടെ ബുക്കിംഗ് ഈ മാസം 25ന് ആരംഭിക്കുമെന്നും ഗോയല്‍ പറഞ്ഞു. 10,000 രൂപയാണ് ടിവിയുടെ വില. രണ്ടു ലക്ഷം മൊബൈല്‍ ഫോണുകള്‍ ഈ വാരം വിതണം ചെയ്യുമെന്നായിരുന്നു ഗോയല്‍ നേരത്തെ പറഞ്ഞിരുന്നത്.