ഫ്രീഡം 251: വെളിപ്പെടുത്തലുമായി ആഡ്‌കോം

MOBILEന്യൂഡല്‍ഹി: വിവാദ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ റിംഗിംഗ് ബെല്‍സിനെ പ്രതിസന്ധിയിലാക്കി ആഡ്‌കോം രംഗത്ത്. ഐടി കമ്പനിയായ ആഡ്‌കോം 3,600 രൂപയ്ക്കു നല്കിയ ഫോണുകളാണ് ഫ്രീഡം 251 സ്മാര്‍ട്‌ഫോണുകളായി റിംഗിംഗ് ബെല്‍സ് അവതരിപ്പിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. എന്തെങ്കിലും സാഹചര്യത്തില്‍ കമ്പനിക്ക് നഷ്ടമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നു താക്കീത് ചെയ്തിട്ടുണെ്ടന്നും ആഡ്‌കോം (അഡ്വാന്റേജ് കംപ്യൂട്ടേഴ്‌സ്) സ്ഥാപകനും ചെയര്‍മാനുമായ സഞ്ജീവ് ഭാട്യ പറഞ്ഞു.

ആഡ്‌കോമിന്റെ ലക്ഷക്കണക്കിനു ഉപയോക്താക്കളെപ്പോലെ തന്നെയാണ് റിംഗിംഗ്‌ബെല്‍സ് എന്നും ഫോണുകള്‍ വീണ്ടും വില്ക്കാനുള്ള റിംഗിംഗ്‌ബെല്‍സിന്റെ തീരുമാനം അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 251 രൂപയ്ക്കാണ് വില്ക്കുന്നതെന്ന പ്രഖ്യാപനമുള്ളതിനാല്‍ തത്കാലം നടപടി എടുക്കുന്നില്ല. എന്നാല്‍ ആഡ്‌കോം ബ്രാന്‍ഡ് നെയിം ദുരുപയോഗിച്ചാല്‍ ഉറപ്പായും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന പേരില്‍ റിംഗിംഗ് ബെല്‍സ് പുറത്തിറക്കിയ ഫ്രീഡം 251ന് ആഡ്‌കോമിന്റെ ഐക്കണ്‍ 4 മോഡലുമായി സാമ്യമുണെ്ടന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. നിലവില്‍ 3,999 രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭ്യമായ ഫോണാണ് ഐക്കണ്‍ 4.അതേസമയം റിംഗിംഗ്‌ബെല്‍സിനെ സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 251 രൂപയ്ക്ക് ഫോണ്‍ വിതരണം ചെയ്യാന്‍ കമ്പനിക്കു കഴിഞ്ഞില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

Related posts