ബാങ്കുകളില്‍ ചെറിയ നോട്ടുകളില്ല; ഇടപാടുകാര്‍ വലയുന്നു

note 2കൊല്ലം: ജില്ലയിലെ ബാങ്കുകളില്‍ ചെറിയ നോട്ടുകള്‍ക്ക് വീണ്ടും കടുത്തക്ഷാമം. 100,50,20 രൂപ നോട്ടുകള്‍ക്കാണ് ഏറ്റവും വലിയ ക്ഷാമം. കഴിഞ്ഞയാഴ്ചവരെ ഇവയുടെ പുതിയ നോട്ടുകള്‍ എല്ലാ ബാങ്കുകളിലും ആവശ്യാനുസരണം ലഭിച്ചിരുന്നു.  ഇത് പൂര്‍ണമായും തീര്‍ന്നതോടെയാണ് ബാങ്കുകള്‍ പ്രതിസന്ധിയിലായത്. ഇപ്പോള്‍ ഭൂരിഭാഗം ദേശസാത്കൃത ബാങ്കുകളിലും ഇടപാടുകാര്‍ക്ക് നല്‍കുന്നത് 2000-ന്റെയും പത്തിന്റെയും പുതിയ നോട്ടുകളാണ്. ചില ബാങ്കുകളില്‍ നിന്ന് മുഷിഞ്ഞ 50 രൂപ നോട്ടുകളും നല്‍കുന്നുണ്ട്. പുതിയ 2000 രൂപയുടെ നോട്ടുകള്‍ വാങ്ങാന്‍ ഇടപാടുകാര്‍ മടിക്കുകയാണ്. ഇതിന് ചില്ലറ ലഭിക്കാത്തതാണ് കാരണം. അതുകൊണ്ട് ബാങ്ക് ജിവനക്കാര്‍ ഇവര്‍ക്ക് പകരം 10 രൂപയുടെ നോട്ടു കെട്ടുകളാണ് നല്‍കുന്നത്.

ഇന്നലെ ജില്ലയിലെ എസ്ബിഐ, എസ്ബിടി ശാഖകളിലൊന്നും കാര്യമായ തിരക്ക് ഉണ്ടായില്ല. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ മിക്കയിടത്തും എത്തിയവരുടെ എണ്ണം പരിമിതമായിരുന്നു. അതേസമയം അസാധു നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് കൂടുതല്‍ പേരും ബാങ്കുകളില്‍ എത്തുന്നത്. വിരലില്‍ മഷി പുരട്ടാന്‍ താത്പര്യമില്ലാത്തതിനാലാണ് കൂടുതല്‍ ആളുകളും പണം അക്കൗണ്ടില്‍ തന്നെ നിക്ഷേപിക്കുന്നത്. പുതിയ 500 രൂപ നോട്ടുകള്‍ ഇന്നലെ ബാങ്കുകള്‍ വഴി വിതരണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 24ന് ശേഷമേ ഇവ ബാങ്കുകള്‍ വഴി വിതരണം ചെയ്യുകയുള്ളൂ എന്നാണ് സൂചന.

ഈ നോട്ടുകള്‍ എടിഎം മെഷീനുകളില്‍ എത്താന്‍ ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് പറയപ്പെടുന്നത്. ദേശസാത്കൃത ബാങ്കുകളില്‍ ലഭിച്ച അസാധു നോട്ടുകള്‍ 23ന് മുമ്പ് എണ്ണിതിട്ടപ്പെടുത്തി റിസര്‍വ് ബാങ്കില്‍ എത്തിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ബാങ്കുകളിലും ജീവനക്കാര്‍ ഇതിന്റെ കൂടി തിരക്കിലാണ്. ജില്ലയില്‍ ഭൂരിഭാഗം സ്ഥലത്തും ഇന്നലെ എടിഎമ്മുകളില്‍ പണം കാലിയായിരുന്നു. നോട്ടുകള്‍ ലഭ്യമായ എടിഎം സെന്ററുകളില്‍ നീണ്ടക്യൂവും കാണാനായി. ചില എടിഎമ്മുകളില്‍ നിന്ന് ഇടപാടുകാര്‍ക്ക് 100, 50 രൂപ നോട്ടുകള്‍ ലഭിച്ചു. ആരും എടിഎമ്മുകളില്‍ നിന്ന് 2000 രൂപ ഒറ്റത്തവണയായി പിന്‍വലിക്കുന്നില്ല. ഇങ്ങനെ പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്നത് പുതിയ 2000 രൂപ നോട്ടാണ്.

ഇത് ഒഴിവാക്കാന്‍ മിക്കവരും പിന്‍വലിക്കുന്നത് 1900 രൂപയാണ്. അപ്പോള്‍ നൂറിന്റെ 19 നോട്ടുകള്‍ ലഭിക്കും. എടിഎം വഴി ഒരുദിവസം പിന്‍വലിക്കാവുന്ന തുക 2500 രൂപയാണ്. 2000 രൂപ മാത്രം നിറച്ചിട്ടുള്ള എടിഎമ്മുകളില്‍ ഇത് സാധ്യമല്ല. ചില എടിഎമ്മുകളില്‍ ഇടപാടുകാര്‍ 2400 പിന്‍വലിക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല. 2000 രൂപയുടെ പുതിയ നോട്ട് മാത്രമേ കിട്ടിയുള്ളൂ. 100 രൂപ നോട്ടുകള്‍ ഇല്ലാത്തതുകൊണ്ടാണിത്.
കറന്‍സി ക്ഷാമം സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. നിക്ഷേപകര്‍ക്ക് ആവശ്യമായ പണം ഇതുകാരണം കഴിയുന്നില്ല.  ഇന്നലെ മുതല്‍ ചില ബാങ്കുകള്‍ 4000 രൂപ വരെ നല്‍കി തുടങ്ങി. അസാധു അല്ലാത്ത നോട്ടുകള്‍ കൊണ്ടുള്ള ഇടപാടുകള്‍ക്കൊന്നും ഇപ്പോള്‍ തടസമില്ല.

റെയില്‍വേ സ്റ്റേഷന്‍, ഇലക്ട്രിസ്റ്റി ഓഫീസ്, വാട്ടര്‍ അതോറിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ ഇപ്പോഴും അസാധു നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ ഇവരുടെ കളക്ഷനില്‍ നിന്ന് ലഭിക്കുന്ന സാധുവായ നോട്ടുകള്‍ ചിലര്‍ അസാധു നോട്ടുകള്‍ നല്‍കി മാറിയെടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ആവശ്യത്തിന് കമ്മീഷന്‍ തുക നല്‍കിയാണ് ഈ ഇടപാട് നടക്കുന്നത്. കണക്കുകൂട്ടി കളക്ഷന്‍ തുക ജീവനക്കാരന്‍ ടാലിചെയ്ത് നല്‍കിയാല്‍ മതി. ഇത് മുതലെടുത്താണ് ചിലര്‍ ലക്ഷക്കണക്കിന് രൂപ വെളുപ്പിച്ചെടുക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് എടുത്തശേഷം പുതിയ രണ്ടായിരം രൂപ കൊടുത്താല്‍ യാത്രികന്‍ വലഞ്ഞത് തന്നെ. ബാക്കി നല്‍കുന്നതില്‍ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഉറപ്പായും ഉണ്ടാകും. നൂറിന്റെ നോട്ടുകള്‍ക്ക് ക്ഷാമമെന്നാണ് ഇതിനും കാരണമായി ജീവനക്കാര്‍ പറയുന്നത്.

Related posts