ബാര്‍ കോഴ: മാണിക്കെതിരേ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സാക്ഷികളുണ്ടെന്ന് വിജിലന്‍സ്

Maniകൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ രണ്ടു സാക്ഷികള്‍ രംഗത്തുവന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ നജിമുള്‍ ഹസനാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. തനിക്കെതിരായ വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജിയിലാണ് വിജിലന്‍സ് നടപടി. കേസ് ഒക്ടോബര്‍ ആറിന് കോടതി വീണ്ടും പരിഗണിക്കും.

കേസില്‍ വിജിലന്‍സ് നേരത്തെ മൊഴിയെടുത്ത രണ്ടു പേരാണ് മാണിക്കെതിരേ പുതിയതായി തെളിവുകള്‍ നല്‍കാന്‍ തയാറായിരിക്കുന്നതെന്നാണ് വിജിലന്‍സ് വിശദീകരണം. ഇവര്‍ തന്നെ പുതിയ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്ന് അറിയിച്ച് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. കൂടാതെ കേസില്‍ മറ്റൊരു അഭിഭാഷകന്‍ കൂടി പരാതി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിന്നായി നിരവധി രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ഇതു കൂടാതെ ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കാരണത്തിന്മേല്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍.സുകേശന്‍ എന്നിവര്‍ക്കെതിരേ കോടതി അനുമതിയോടെ അന്വേഷണം നടക്കുന്ന കാര്യവും വിജിലന്‍സ് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related posts