കോലഞ്ചേരി: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കുടവെള്ള പൈപ്പില്‍ വെള്ളമെത്താത്തതിനാല്‍ മുഴവന്നൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം. മഴുവന്നൂര്‍ പഞ്ചായത്തിലെ വലമ്പൂര്‍, ആക്കാംപാറ, ചിത്രമല, കൊടിയാരത്തുകുന്ന്, ദാമോദരന്‍ പീടിക തുടങ്ങിയ എന്നിവിടങ്ങളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്. മാസങ്ങളായി പൊട്ടികിടക്കുന്ന പൈപ്പുകള്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രദേശത്ത് കൂടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണം. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം നിരവധി തവണ നാട്ടുകാര്‍ ജല അതോറിട്ടി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ക്രിത്യമായി നടപടിയെടുത്തിട്ടില്ല. തട്ടാംമുകള്‍ വാര്‍ഡിലെ കാരുകുന്ന് ഭാഗത്തും കൊടിയാരത്തുകുന്നു ഭാഗത്തും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നതിനാലാണ് മറ്റിടങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായാത്.
നൂറുകണക്കിനാളുകള്‍ താമസിക്കുന്ന ആക്കാംപാറ കോളനി, കൊടിയാരത്തുകുന്ന് കോളനി നിവാസികളെല്ലാം കുടിവെള്ളം ലഭിക്കാതായതോടെ ഏറെ ദുരിതത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ പൈപ്പുകളില്‍ നിന്നു നിത്യേന ഹോസുപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളം എടുക്കുന്നതാണ് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്താത്തതിനു കാരണം. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. ചിലയിടങ്ങളില്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചെങ്കിലും അതു താഴ്ത്തി ഇടാത്തതിനാല്‍ നിരന്തരം പൊട്ടുന്നതും പതിവാണ്. കാലങ്ങളായുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കാത്ത ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.