സിലിക്കണ്‍വാലി: ഒരു യുഗത്തിലെ കുതിപ്പ് അവസാനിച്ചു. യാഹൂ ഇനി വെറൈസണു സ്വന്തം. 20 വര്‍ഷം സ്വതന്ത്ര കമ്പനിയായി ഇന്റര്‍നെറ്റ് ലോകത്ത് വെട്ടിപ്പിടിച്ചതെല്ലാം വെറൈസണിനു വിറ്റു. അമേരിക്കന്‍ ടെലികോം ഭീമനായ വെറൈസണ്‍ 483 കോടി ഡോളര്‍ (ഏകദേശം 32,400 കോടി രൂപ) നല്കിയാണ് യാഹൂവിനെ വാങ്ങിയത്.
ഇന്റര്‍നെറ്റ് യുഗത്തിന്റെ പ്രാരംഭം യാഹൂവിന്റെ പ്രതാപകാലമായിരുന്നു. പഴയ പ്രതാപം നഷ്ടപ്പെട്ടതിനാല്‍ ഈ കച്ചവടം യാഹൂവിനു നഷ്ടമാണ്. 2000ല്‍ 10,000 കോടി ഡോളറിന്റെ മൂല്യമായിരുന്നു യാഹൂവിന് ഉണ്ടായിരുന്നത്. എന്നാല്‍, 2008 ആയപ്പോഴേക്കും അത് 4400 കോടി ഡോളറായി ചുരുങ്ങി. എട്ടു വര്‍ഷംകൂടി പിന്നിട്ടപ്പോള്‍ കേവലം 483 കോടി ഡോളറിനു വില്‍ക്കേണ്ടിവന്നു.
യാഹൂ സിഇഒ മരീസ മേയര്‍ ആണ് വില്പനക്കാര്യം പ്രഖ്യാപിച്ചത്. വേറൈസണു വിറ്റെങ്കിലും മരീസ തന്നെ യാഹൂവിന്റെ സിഇഒ ആയി തുടരും. ഇപ്പോഴും ഓണ്‍ലൈന്‍ മേഖലയില്‍ യാഹൂ മുന്നില്‍ത്തന്നെയാണ്. എന്നാല്‍, പ്രധാന എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ യാഹൂവിനു മുന്നേറാന്‍ കഴിഞ്ഞില്ല. അതിനാല്‍ത്തന്നെ ഇഷ്ടക്കാരും യാഹൂവിനെ പതിയെ കൈയൊഴിഞ്ഞു.
യാഹൂവിന്റെ അവസാന നാളുകള്‍
പ്രതിസന്ധിയിലായിരുന്ന കമ്പനിയെ കൈപിടിച്ചുകയറ്റുക എന്ന ഉത്തരവാദിത്തത്തോടെ മരീസ മേയര്‍ 2012ല്‍ സിഇഒ ആയി ചുമതലയേറ്റു.
മരീസയുടെ കീഴില്‍ നാലു വര്‍ഷം പോരാടിയെങ്കിലും എതിരാളികളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ യാഹൂവിനു കഴിഞ്ഞില്ല.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിലനില്പിനായി പോരാടിയിരുന്ന യാഹൂ ഫെബ്രുവരിയിലാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.ഏപ്രിലില്‍ വില്പനയ്ക്കുള്ള ലേലം തുടങ്ങി. തുടക്കം മുതലേ വെറൈസണായിരുന്നു യാഹൂവിനെ ഏറ്റെടുക്കാന്‍ മുന്നിലുണ്ടായിരുന്നത്. 22,800 കോടി ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ് വെറൈസണ്‍.
എഒഎലുമായി ലയിക്കാനായിരുന്നു യാഹൂവിന്റെ പ്ലാന്‍. എന്നാല്‍, കഴിഞ്ഞ വര്‍ഷം വെറൈസണ്‍ എഒഎലിനെ 440 കോടി ഡോളറിന് ഏറ്റെടുത്തു. ഇന്റര്‍നെറ്റ് രംഗത്തെ മറ്റൊരു പരാജയമായിരുന്നു എഒഎല്‍.
യാഹൂവിന്റെ പേര് ഇനി മാറും.
ഇടപാടിന്റെ ആദ്യ ഘട്ടം കഴിഞ്ഞു. ഇനി യാഹൂവിന്റെ പേരിലുള്ള 3000 പേറ്റന്റുകള്‍ ഏറ്റെടുക്കാനാണ് വെറൈസണിന്റെ ശ്രമം. 100 കോടി ഡോളറിനാണ് ഇതിന്റെ ലേലം ആരംഭിക്കുക.