അഞ്ചല്‍ :ഏരൂര്‍ നെട്ടയത്ത് ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന രാമഭദ്രനെ ഭാര്യയുടേയും പെണ്‍മക്കളുടേയും മുന്നിലിട്ട് 6 വര്‍ഷം മുമ്പ് മൃഗീയമായി വെട്ടി കൊലപ്പെടുത്തിയ സംഭവം സിപിഎം ജില്ല തലത്തിലുള്ള നേതാക്കന്മാരുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണ് നടന്നതെന്ന് സിബിഐ നടത്തിയ അറസ്റ്റിലൂടെ വെളിച്ചത്തു വന്നതായി ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ പറഞ്ഞു.
രാമഭദ്രനെ കൊലപ്പെടുത്തിയ കൊലയാളികളെ ആറ് വര്‍ഷമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കുകയായിരുന്നു. കൊലയാളികളെ ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തി മത്സരിപ്പിച്ച് ജയിപ്പിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില്‍ ഒരാളായ മാക്‌സണ്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായത് ഏവരേയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്.2010 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് ഈ കൊലപാതകം നടന്നത്. അന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്ത ഉന്നതരായ സിപിഎം നേതാക്കളെ ഒഴിവാക്കി ഏതാനും ചില പ്രാദേശിക നേതാക്കാന്മാരെ മാത്രം പ്രതികളാക്കി. കൊലപാതക കേസിന്റെ ഗൗരവം കുറച്ചു കൊണ്ടു വരുവാനും പഴുതുകള്‍ ഉണ്ടാക്കി പ്രതികളെ രക്ഷിച്ചുമായിരുന്നു അന്ന് ഈ കേസ് അന്വേഷണം നടത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
കൊലപാതകം നടത്തിയ പ്രതികള്‍ അഞ്ചലിലും പരിസരത്തും സൈ്വര്യ വിഹാരം നടത്തി പാര്‍ട്ടിയുടെ തണലില്‍ കഴിയുകയായിരുന്നു. നിരപരാധിയായ രാമഭദ്രനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കൊലപാതകം നടത്തിയ കൊലയാളികള്‍ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പൂര്‍ണ സംരക്ഷണം നല്‍കി വരികയായിരുന്നുവെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.